സമാധാനപരമായി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്- കെ.എസ്.യു പ്രവര്‍ത്തകരെ ആലുവയിലും അങ്കമാലിയിലും ഡി.വൈ.എഫ്.ഐ - സി.പി.എം ക്രിമിനലുകള്‍ ക്രൂരമായി മര്‍ദ്ദിച്ചു. നവകേരള സദസിനെതിരെ പച്ചക്കറി കടയില്‍ ഇരുന്ന് അഭിപ്രായം പറഞ്ഞ 72 വയസുകാരനെ സി.ഐ.ടി.യു ക്രിമിനല്‍ സംഘം ആക്രമിച്ചു. ചായക്കടകളിലും പച്ചക്കറി കടകളിലും ഹോട്ടലുകളിലുമൊക്കെ രാഷ്ട്രീയം പറയുന്നത് കേരളത്തില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന രീതിയാണ്. കടയില്‍ നിന്ന് പോലും മുഖ്യമന്ത്രിക്കും നവകേരള സദസിനും എതിരെ അഭിപ്രായം പറയാന്‍ പാടില്ല. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ രക്ഷാപ്രവര്‍ത്തനമെന്ന് ഓമനപ്പേരിട്ട് വിളിച്ച മുഖ്യമന്ത്രിയാണ് എല്ലാ അക്രമങ്ങള്‍ക്കും കാരണം. സമാധാനപരമായി പ്രതിഷേധിക്കാന്‍ പാടില്ലാത്ത സംസ്ഥാനമായി കേരളം മാറി. എഴുത്തുകാരനായ സഖറിയ പറഞ്ഞതു പോലെ ഇനി കേരളത്തിലെ കറുത്ത കുടയുടെ ഭാവി എന്താകുമെന്ന് പരിശോധിക്കേണ്ട അവസ്ഥയിലാണ് എത്തിനില്‍ക്കുന്നത്.
advertisement
പരസ്യമായി കലാപ ആഹ്വാനം നടത്തിയ ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. നവകേരള സദസ് പ്രതിപക്ഷം ബഹിഷ്‌ക്കരിക്കുന്നു എന്നതാണ് മുഖ്യമന്ത്രിയുടെ പരാതി. ഈ അശ്ലീല നാടകത്തില്‍ ഞങ്ങള്‍ പങ്കാളികളായിരുന്നെങ്കില്‍ ജനങ്ങള്‍ ഞങ്ങളെ പുച്ഛിച്ച് തള്ളുമായിരുന്നു. പ്രതിപക്ഷം ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും ഇതുവരെ മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടില്ല.
മുഖ്യമന്ത്രിയും മന്ത്രിമാരും 44 ദിവസം ഭരണസിരാ കേന്ദ്രത്തില്‍ നിന്നും എന്തിനാണ് മാറി നില്‍ക്കുന്നത്? ബജറ്റിന്റെ പ്രാരംഭ ചര്‍ച്ച നടത്തേണ്ട സമയത്ത് ധനമന്ത്രിയോ പോലും തിരുവനന്തപുരത്തേക്ക് വിടുന്നില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും പറവൂരില്‍ പ്രതിപക്ഷ നേതാവിനും പ്രതിപക്ഷത്തിനും എതിരെ രൂക്ഷമായ ആക്രമണമാണ് നടത്തിയത്. ജനങ്ങളുടെ ചെലവില്‍ രാഷ്ട്രീയം പറയാനുള്ള വേദിയായി മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസിനെ പ്രയോജനപ്പെടുത്തുകയാണ്. ഇത് എങ്ങനെ സര്‍ക്കാരിന്റെ സദസാകും? നാട്ടുകാരുടെ ചെലവിലല്ല രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടത്. പറവൂരിലെ എല്ലാ കടകളിലും വൈദ്യുത അലങ്കാരം നടത്തണമെന്ന് ലേബര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ജി.എസ്.ടി ഉദ്യോഗസ്ഥരാണ് പണപ്പിരിവിന് ഇറങ്ങിയിരിക്കുന്നത്. എന്നിട്ടും നാട്ടുകാരുടെ ചെലവില്‍ നടത്തുന്ന പരിപാടിയിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷത്തെ വിമര്‍ശിക്കുന്നത്.
യു.ഡി.എഫ് തീരുമാനം ആര് പറയണമെന്ന് ഞങ്ങള്‍ തീരുമാനിച്ചോളാം. മുഖ്യമന്ത്രിയോട് ചോദിച്ചിട്ടല്ല യു.ഡി.എഫ് അഭിപ്രായം പറയുന്നത്. എല്‍.ഡി.എഫിലേതു പോലെ വിദൂഷകന്‍മാരുടെ സദസല്ല യു.ഡി.എഫ്. വിദൂഷകാരുടെയും വിധേയരുടെയും രാജസദസാണ് പിണറായിയുടെ രാജസദസ്. മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി അഭിപ്രായം പറയാനുള്ള ധൈര്യം ഏതെങ്കിലും മന്ത്രിമാര്‍ക്കുണ്ടോ? വിധേയരുടെ സംഘമാണ് പിണറായിയുടെ മന്ത്രിസഭ. കോണ്‍ഗ്രസില്‍ രാജക്കന്‍മാരും വിദൂഷകരുമില്ല. യു.ഡി.എഫിന്റെ അഭിപ്രായം ആര് പറയണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കേണ്ട.
Also Read- എസ്എഫ്ഐയും ഡിവൈഎഫ്‌ഐയും മിശ്ര വിവാഹ ബ്യൂറോ ആയി പ്രവർത്തിക്കുന്നവരല്ല; മുഖ്യമന്ത്രി
പിണറായി വിജയനാണ് കോണ്‍ഗ്രസില്‍ ജനാധിപത്യം ഇല്ലെന്ന് പറയുന്നത്. എന്തൊരു ജനാധിപത്യമാണ് സി.പി.എമ്മില്‍. മന്ത്രിസഭയിലും പാര്‍ട്ടിയിലും പോക്കറ്റില്‍ നിന്നും പേപ്പര്‍ എടുത്ത് ഇതാണ് തീരുമാനം എന്ന് പറഞ്ഞ് മറ്റുള്ളവരെ ഭയപ്പെടുത്തി അനുസരിപ്പിക്കുന്ന ആളാണ് പിണറായി വിജയന്‍. ഞങ്ങള്‍ക്കിടയില്‍ കുത്തിത്തിരിപ്പ് നടത്താന്‍ പിണറായി വരേണ്ട. പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന അച്യുതാനന്ദനെതിരെ കുത്തിത്തിരിപ്പ് നടത്തിയ പാരമ്പര്യമുള്ള ആളാണ് പിണറായി വിജയന്‍. പഴയ കഥകളൊന്നും ഞങ്ങളെക്കൊണ്ട് പറയിപ്പിക്കേണ്ട.