ആദ്യഘട്ടം മുതൽതന്നെ ചെയർമാൻ സ്ഥാനം ഒഴിഞ്ഞു നൽകുന്നതിൽ കേരള കോൺഗ്രസിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നില്ല. എന്നാൽ പുതിയതായി വരുന്ന ആളെ അംഗീകരിക്കുന്നതിലുള്ള ബുദ്ധിമുട്ടുകളാണ് ഉയർന്നു കേട്ടത്.
മുന്നണി ധാരണ പ്രകാരം കേരള കോണ്‍ഗ്രസ് അംഗം ഒഴിഞ്ഞ് സി പി എമ്മാണ് അടുത്തതായി ചെയർമാന്‍ പദവി ഏറ്റെടുക്കേണ്ടത്. ബിനു പുളിക്കക്കണ്ടത്തെയാണ് സി പി എം ചെയർമാനായി നിശ്ചയിച്ചത്. എന്നാല്‍ ബിനു പുളിക്കക്കണ്ടത്തെ അംഗീകരിക്കില്ലെന്ന് കേരള കോണ്‍ഗ്രസ് നിലപാട്. ബിനു ഒഴികെ ആരെയും അംഗീകരിക്കാൻ തയാറാണെന്നും സിപിഎമ്മിനെ അറിയിച്ചിട്ടുണ്ട്. സിപിഎമ്മിന് ആറ് അംഗങ്ങള്‍ നിലവിലുണ്ടെങ്കിലും പാർട്ടി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച ഏക വ്യക്തി കൂടിയാണ് ബിനു.
advertisement
പാലാ നഗരസഭ
26 വാർഡുള്ള നഗരസഭയിൽ കേരള കോൺഗ്രസ് എം മത്സരിച്ച 13 ൽ 10 സീറ്റിലും വിജയിച്ചിരുന്നു.
സി പി എം 1, സിപിഎം സ്വതന്ത്രൻ 5, സി പി ഐ 1 (എൻ സി പി അംഗം സിപിഎമ്മിനൊപ്പം ചേർന്നിരുന്നു) കോണ്‍ഗ്രസ് 5, കേരള കോണ്‍ഗ്രസ് ജോസഫ് – 3, യു ഡി എഫ് സ്വതന്ത്രന്‍ 1
എന്നിങ്ങനെയാണ് നഗരസഭയിലെ പാർട്ടി നില.
വിജയിച്ചതിന് പിന്നാലെ കേരള കോണ്‍ഗ്രസിലെ ആന്റോ ജോസ് പടിഞ്ഞാറേക്കരയായിരുന്നു ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്. എൽ ഡി എഫ് ധാരണ പ്രകാരം ഇദ്ദേഹം രാജിവെച്ചു. കേരള കോണ്‍ഗ്രസ് കൂടി വന്നതോടെ എല്‍ ഡി എഫിന് ആദ്യമായി പാലാ നഗരസഭയില്‍ ഭരണം പിടിക്കാന്‍ സാധിച്ചു എന്ന പ്രത്യേകതയും ഇത്തണവണയുണ്ടായി.
Also Read- ‘പാലായിലേത് പ്രാദേശികമായ കാര്യം’; നഗരസഭ ചെയർമാനെ സിപിഎമ്മിന് തീരുമാനിക്കാം: ജോസ് കെ. മാണി
കേരള കോണ്‍ഗ്രസ് എമ്മിനെ യു ഡി എഫില്‍ നിന്നും എല്‍ ഡി എഫിലേക്ക് എത്തിക്കുന്നതില്‍ നിർണ്ണായക പങ്കുവഹിച്ചത് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയെച്ചൊല്ലിയുള്ള തർക്കമായിരുന്നു. ജോസ് – ജോസഫ് തർക്കത്തില്‍ യു ഡി എഫ് നേതൃത്വം ജോസഫിനൊപ്പം നിലയുറപ്പിച്ചപ്പോള്‍ മുന്നണിക്ക് പുറത്തായ ജോസും കൂട്ടരും എല്‍ ഡി എഫ് പാളയത്തിലെത്തുകയായിരുന്നു. ഈ സമയത്ത് തന്നെ പാല നഗരസഭയിലെ ജോസ് പക്ഷത്തെ ആറ് അംഗങ്ങള്‍ ജോസഫിനൊപ്പം പോവുകയും ചെയ്തു.
ബിനു പുളിക്കക്കണ്ടം ജോസ് കെ മാണിക്ക് അനഭിമതനോ?
വിദ്യാർത്ഥി രാഷ്ട്രീയ കാലത്ത് കോൺഗ്രസിലെ കരുണാകരപക്ഷത്തായിരുന്നു ബിനു. അവിടെ നിന്ന് മുരളീധരനൊപ്പം ഡിഐസിയിലേക്കും എൻസിപിയിലേക്കും എത്തിയ ബിനു പിന്നീട് ബിജെപിയിൽ ചേർന്നു. 2010ൽ സ്വതന്ത്രനായും 2015ല്‍ ബിജെപിയായും നഗരസഭയിലേക്ക് ജയിച്ച ബിനു, പാലാ ഉപതെരഞ്ഞെടുപ്പിന് പിന്നാലെ രാജിവെച്ച് സി പി എമ്മില്‍ ചേർന്ന് മത്സരിച്ച് വീണ്ടും നഗരസഭാംഗമായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തൊട്ടുമുന്‍പായിരുന്നു എല്‍ ഡി എഫിന് ഏറെ പ്രതിസന്ധി സൃഷ്ടിച്ച നഗരസഭയിലെ കൂട്ടുത്തല്ല്. കേരള കോൺഗ്രസ് കൗൺസിലർ ബൈജു കൊല്ലംപറമ്പിലിനെ ബിനു തല്ലുന്ന വീഡിയോ വൈറലായിരുന്നു.
സ്‌റ്റാൻഡിങ് കമ്മിറ്റി ചേർന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യേറ്റത്തിലേക്ക് നീങ്ങിയത്. ബിനു പുളിക്കകണ്ടം മുന്നോട്ട് വെച്ച നിർദേശത്തിൽ എതിർപ്പുമായി ബൈജു രംഗത്തുവന്നതോടെ തർക്കം ശക്തമാകുകയും കയ്യാങ്കളിയിലേക്ക് കാര്യങ്ങൾ നീങ്ങുകയുമായിരുന്നു.
നിയമസഭയിലെ കയ്യാങ്കളി
പാലാ നഗരസഭയിലെ കൈയാങ്കളി മറക്കാനാവാത്തതു കൊണ്ടാണ് സിപിഎം നഗരസഭാംഗത്തെ ചെയർമാൻ സ്ഥാനത്തു നിന്ന് അകറ്റി നിർത്തുന്നത് എങ്കിൽ മറ്റൊരു കൈയാങ്കളി കേരളാ കോൺഗ്രസും സിപിഎമ്മും മറക്കുന്നതു കൊണ്ടാണ് രണ്ടു കക്ഷികളും സഖ്യത്തിൽ ആയത് എന്നതാണ് യാദൃച്ഛികം. ബാര്‍ക്കോഴ കേസിന്റെ പേരില്‍ കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണിയെ ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ ഇടതുമുന്നണി നടത്തിയ പ്രതിഷേധമാണ് അന്ന് നിയമസഭയിലെ കൈയാങ്കളിയിൽ കലാശിച്ചത്. തന്റെ അവസാന ബജറ്റ് അവതരണം നാണക്കേടിന് വഴിമാറിയത് കെഎം മാണിക്ക് വിഷമം ഉണ്ടായിരുന്നു. എന്നാൽ 2015 മാര്‍ച്ച് 13ന് നടന്ന കോലാഹലത്തിന് അഞ്ചുവർഷത്തിനുശേഷം കേരള കോൺഗ്രസ് എൽഡിഎഫ് ഘടകകക്ഷിയായപ്പോൾ അന്നത്തെ പ്രശ്നങ്ങൾ സിപിമ്മിനോ കേരളാ കോൺഗ്രസിനോ ബുദ്ധിമുട്ടായില്ല.