പാലായിലേത് പ്രാദേശികമായ കാര്യമെന്ന് വ്യക്തമാക്കി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. പാലാ നഗരസഭാ ചെയർമാന്റെ കാര്യം സിപിഎമ്മിന് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ആരെ തീരുമാനിച്ചാലും കേരള കോൺഗ്രസ് അംഗീകരിക്കുമെന്ന് കേരള കോൺഗ്രസ് നേതാവ് സ്റ്റീഫൻ ജോർജ് പറഞ്ഞു. ബിനു പുളിക്കകണ്ടത്തെ സിപിഎം തീരുമാനിച്ചാലും കേരള കോൺഗ്രസ് പിന്തുണക്കും. മുന്നണി ധാരണകൾ പൂർണമായി പാലിക്കുമെന്നും സ്റ്റീഫൻ ജോർജ് പ്രതികരിച്ചു
അതേസമയം, പാലാ നഗരസഭയുടെ പുതിയ അധ്യക്ഷൻ ആരെന്ന കാര്യത്തിൽ തീരുമാനം വൈകുകയാണ്. സിപിഎം പാർലമെന്ററി പാർട്ടിയോഗം വൈകുന്നേരം 6 മണിക്ക് ചേരും. പാർട്ടി ചിഹ്നത്തിൽ മൽസരിച്ചു ജയിച്ച ഏക കൗൺസിലർ ബിനു പുളിക്കക്കണ്ടത്തെ ചെയർമാനാക്കാനായിരുന്നു സിപിഎമ്മിലെ ആദ്യ ആലോചന. എന്നാൽ ബിനുവിനെ ചെയർമാനാക്കുന്നതിൽ കേരള കോൺഗ്രസ് എം എതിർപ്പ് അറിയിച്ചതോടെയാണ് സിപിഎമ്മിൽ ആശയക്കുഴപ്പം രൂക്ഷമായത്. പാർട്ടി ചിഹ്നത്തിൽ ജയിച്ച കൗൺസിലറെ ഒഴിവാക്കിയാൽ പ്രതിഷേധം ഉണ്ടാകുമെന്നാണ് നേതൃത്വത്തിന് ആശങ്ക.
കേരള കോൺഗ്രസ് നേതൃത്വവുമായി ഒരുതവണകൂടി ചർച്ച നടത്താൻ വേണ്ടിയാണ് പാർലമെൻററി പാർട്ടിയോഗം വൈകുന്നേരം ചേർന്നാൽ മതിയെന്ന തീരുമാനത്തിലേക്ക് സിപിഎമ്മെത്തിയത്. നിലവിൽ ബിനു പുളിക്കകണ്ടത്തെ ചെയർമാൻ ആക്കാൻ പറ്റില്ല എന്ന നിലപാടിലുറച്ച് നിൽക്കുകയാണ് കേരള കോൺഗ്രസ്.
ബിനുവിന് പകരം പാർട്ടി സ്വതന്ത്രരായി ജയിച്ച വനിത കൗൺസിലർമാരിൽ ഒരാളെ അധ്യക്ഷയാക്കിയുള്ള പ്രശ്ന പരിഹാരവും സിപിഎം നേതാക്കൾ ആലോചിക്കുന്നുവെന്നാണ് വിവരം
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.