1711 പേജുകളുള്ള വിധിന്യായത്തിൽ 300 പേജുകളിൽ എന്തുകൊണ്ട് ദിലീപിനെ വെറുതെവിട്ടുവെന്ന് വിശദീകരിക്കുന്നു. പ്രോസിക്യൂഷന്‍റെ വീഴ്ചകളെ കോടതി കടുത്ത ഭാഷയിൽ വിമര്‍ശിക്കുന്നുണ്ട്. ഗൂഢാലോചന നടന്നു എന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. സമര്‍പ്പിക്കപ്പെട്ട തെളിവുകൾ ഗൂഢാലോചന തെളിയിക്കാൻ അപര്യാപ്തമാണ്. 'മാസ്റ്റര്‍ കോണ്‍സ്പറേറ്റര്‍' എന്ന് പ്രോസിക്യൂഷൻ ആരോപിച്ച ദിലീപിനെതിരെ യാതൊരു തെളിവുകളും ഇല്ല. ദിലീപിന്‍റെ വീട്ടിൽ വച്ച് പൾസര്‍ സുനിയുമായി ഗൂഢാലോചന നടത്തി എന്ന് തെളിയിക്കാൻ ആവശ്യമായ തെളിവുകൾ ഒന്നും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല.
ദിലീപിന്റെ വീടിന് സമീപം പൾസർ സുനിയെ കണ്ടുവെന്ന് ഒരു മേക്കപ്പ് ആർട്ടിസ്റ്റിന്‍റെ മൊഴിയുണ്ട്. എന്നാല്‍, അത് ഗൂഢാലോചന നടത്താനാണ് എന്ന് ഉറപ്പിച്ചു പറയാൻ സാധിക്കുന്ന തെളിവല്ലെന്നാണ് കോടതി പറയുന്നത്. ദിലീപിന്റെ പല സെറ്റുകളിലും പൾസർ സുനിയുടെ സാന്നിധ്യം ഉണ്ടെന്ന് പ്രോസിക്യൂഷൻ പറയുന്നുണ്ട്. എന്നാല്‍, ഒന്നാം പ്രതിയും ഒരു ചലച്ചിത്ര പ്രവർത്തകനാണ്. അതുകൊണ്ട് സെറ്റിൽ കണ്ടു എന്നുള്ളതും ഗൂഢാലോചന നടത്തി എന്നുള്ളതും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.
advertisement
'പണം നൽകിയതിനും തെളിവില്ല'
അതേസമയം, അന്വേഷണ സംഘത്തിനെതിരെയും കോടതി വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. മൂന്ന് സ്ഥലങ്ങളിൽ വച്ച് ദിലീപ് പണം നൽകിയെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. എന്നാല്‍, ഇതെല്ലാം പൂർണമായും കോടതി നിരാകരിച്ചു. വാക്കുകൾക്ക് അപ്പുറത്തേക്ക് ഡിജിറ്റലായി ഒരു തെളിവും ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല.
വീഴ്ചകൾ എണ്ണിയെണ്ണിപ്പറഞ്ഞ് കോടതി
കേസുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നു എന്ന് പറയുന്നത് 2013 ലാണ്. എന്നാല്‍, 2017 ലാണ് കുറ്റകൃത്യം നടന്നത്. രണ്ട് വർഷവും തമ്മിൽ വ്യത്യാസമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ദിലീപ് അറസ്റ്റിന് ശേഷവും ഫോൺ ഉപയോഗിച്ചു, അത് എങ്ങനെയെന്ന് കോടതി ചോദിക്കുന്നു. അതിൽ തൃപ്തികരമായ വിശദീകരണം നൽകാൻ പോലീസിന് കഴിഞ്ഞില്ല. 'ദിലീപിനെ പൂട്ടണം' എന്ന വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതിൽ ദിലീപിന് പങ്കുണ്ടെന്ന് തെളിയിക്കാനും പ്രോസിക്യൂഷന്‍ കഴിഞ്ഞില്ല. 2013ൽ തന്നെ ഗൂഢാലോചന നടന്നു എന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. എന്നിങ്ങനെ അന്വേഷണസംഘത്തിന്റെ വീഴ്ചകൾ എണ്ണിയെണ്ണിപ്പറഞ്ഞാണ് കോടതി വിധി.
2013 മുതൽ 2017 വരെയുള്ള കാലയളവിൽ വിവിധ കേസുകളിൽ സുനി എവിടെയായിരുന്നു എന്ന് കൃത്യമായി ട്രാക്ക് ചെയ്യാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. ഈ കാലഘട്ടത്തിൽ സുനി ഒളിവിൽ പോയതായി പ്രോസിക്യൂഷൻ വാദിക്കുന്നു. എന്നാൽ ചില ക്രിമിനൽ കേസുകളിൽ ഇയാൾ കോടതിയിൽ ഹാജരായിട്ടുണ്ട്. ഇതിലൊരു കേസിൽ വെറുതെ വിട്ടിട്ടുമുണ്ട്. ഗൂഢാലോചന ആരോപിക്കുമ്പോൾ പ്രതി എവിടെ, എങ്ങനെ എന്ത് ചെയ്തു എന്ന് അന്വേഷണ സംഘം വിശദമായി അന്വേഷിക്കണമായിരുന്നുവെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
