തിരുവനന്തപുരത്ത് ആകെയുള്ള 14 സീറ്റുകളിൽ ഒരെണ്ണം മാത്രമാണ് യുഡിഎഫിന് ഒപ്പം നിന്നത്. കൊല്ലം ജില്ലയിൽ 11 രണ്ടെണ്ണത്തിലേക്ക് യുഡിഎഫ് ഒതുങ്ങി. ആലപ്പുഴയിൽ ഒമ്പതിൽ ഒന്ന്. പത്തനംതിട്ടയും ഇടുക്കിയും പൂജ്യം.
സംസ്ഥാനത്തൊട്ടാകെ വലിയ തിരിച്ചടി ഉണ്ടായപ്പോഴും കോട്ടയത്ത് ഇടതുമുന്നണിക്ക് ഒപ്പം പിടിച്ചുനിൽക്കാനായി എന്നതാണ് വലിയ നേട്ടം. കേരളാ കോണ്‍ഗ്രസ് മാണി പോയിട്ടും ആകെയുള്ള ഒമ്പത് സീറ്റുകളിൽ നാലെണ്ണത്തിൽ നേടാൻ യുഡിഎഫിന് കഴിഞ്ഞു.
advertisement
സംസ്ഥാന രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്നായി പാലായിൽ ജോസ് കെ മാണിയെ തറപറ്റിച്ച മാണി സി കാപ്പന്റെ വിജയം.
എന്നാൽ സമീപ ദിവസങ്ങളിൽ കോട്ടയം ജില്ലയിലെ വിവിധ മേഖലകളിൽ നിന്ന് ഉണ്ടാകുന്ന രാഷ്ട്രീയ സംഭവവികാസങ്ങൾ യുഡിഎഫ് രാഷ്ട്രീയത്തിന് ഉയർത്തുന്ന വെല്ലുവിളി ചെറുതല്ല. മുന്നണിയെ നയിക്കുന്ന കോൺഗ്രസിൽ തന്നെ ഉണ്ടാകുന്ന ചേരി പോരുകൾ മറനീക്കി പുറത്തു വരുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്.
ചങ്ങനാശ്ശേരിയിൽ പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ ഐഎൻടിയുസി പ്രവർത്തകർ പരസ്യമായി തെരുവിലിറങ്ങി പ്രകടനം നടത്തി. ജില്ലാ യുഡിഎഫ് കമ്മിറ്റി സംഘടിപ്പിച്ച സിൽവർ ലൈൻ വിരുദ്ധ ജനകീയ സദസ്സിൽനിന്ന് കോൺഗ്രസിന്റെ ജില്ലയിലെ അമരക്കാരനായ നാട്ടകം സുരേഷ് തന്നെ വിട്ടു നിന്നു. എൽഡിഎഫ് വിട്ടു വന്ന മാണി സി കാപ്പൻ ഒരു വർഷമായപ്പോഴേക്കും യുഡിഎഫ് നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്ത് വന്നു.
Also Read-പൊലീസിനെ വിമർശിച്ച സിപിഒ ഉമേഷ് വള്ളിക്കുന്നിനെ പിരിച്ചുവിടും; എ വി ജോർജിന്റെ അവസാന ഉത്തരവ്
സംസ്ഥാനതലത്തിലുള്ള ചേരിപ്പോര് മാത്രമല്ല കോട്ടയത്തെ രാഷ്ട്രീയത്തിന് വെല്ലുവിളി. ഉമ്മൻചാണ്ടിക്ക് പാര്‍ട്ടിയിലുളള പിടി അയഞ്ഞതും ചെന്നിത്തല സ്ഥാനഭ്രഷ്ടനായതും അണികളെ ആശയക്കുഴപ്പത്തിലാക്കി. ആരാണ് നേതാവ് എന്ന് സംശയമാണ് മിക്കവർക്കും.
ഡിസിസി അധ്യക്ഷൻ ആയി നാട്ടകം സുരേഷ് എത്തിയപ്പോൾ ജില്ലയിലെ ചേരിതിരിവ് പുറത്തുവന്നതാണ്. അത്ര കാലവും ഒരുമിച്ചുനിന്ന പ്രമുഖ നേതാക്കളായ ഉമ്മൻചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും രണ്ടുവഴിക്ക് ആയതും കോട്ടയത്തെ യുഡിഎഫ് രാഷ്ട്രീയത്തിൽ വെല്ലുവിളിയാണ്. ഇതിനു പുറമേയാണ് വിഡി സതീശനെയും, കെ സുധാകരനെയും അനുകൂലിക്കുന്നവർ രണ്ടു ചേരികളായി തിരിഞ്ഞ് പരസ്പരം നീക്കങ്ങൾ നടത്തുന്നത്. യുഡിഎഫ് വേദികളിൽ തന്നെ കൃത്യമായി അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടകം സുരേഷ് വിട്ടുനിന്നത്. കെപിസിസി ജനറൽ സെക്രട്ടറിയായ ജോസി സെബാസ്റ്റ്യൻ ഉൾപ്പെടെയുള്ളവർ മറുചേരിയിലാണ്. സിൽവർലൈൻ സമര വേദികളിൽ അടക്കം ഈ ചേരിതിരിവ് പ്രകടമാണ്.
ചങ്ങനാശ്ശേരിയിലെ ഐഎൻടിയുസി പ്രതിഷേധത്തിന് പിന്നിലും ഇതേ ചേരിതിരിവ് തന്നെയാണ് പുറത്തുവന്നത്. തലേദിവസം രമേശ് ചെന്നിത്തല ചങ്ങനാശേരിയിൽ എത്തിയകാര്യം ചൂണ്ടിക്കാട്ടിയപ്പോൾ നിങ്ങൾക്കെല്ലാം അറിയാമല്ലോ വാർത്ത കൊടുക്കൂ എന്നാണ് ചിരിച്ചുകൊണ്ട് വിഡി സതീശൻ മറുപടി നൽകിയത്.
ഘടകകക്ഷി നേതാവും കോൺഗ്രസ് രാഷ്ട്രീയത്തിലെ ബലിയാട് ആകുന്നു എന്നതാണ് പാലായിൽ കണ്ടത്. പ്രതിസന്ധിഘട്ടത്തിലും ഉജ്വലവിജയം നേടി മുന്നണിക്ക് അഭിമാനമായ മാണി സി കാപ്പന് യുഡിഎഫിൽ ഉണ്ടാകുന്ന അവഗണന തന്നെയാണ് കാപ്പന്റെ പ്രധാനപ്രശ്നം. ഒരു നേതാവ് വ്യക്തിപരമായി തന്നോട് അകലം കാണിക്കുന്നതായി മാണി സി കാപ്പൻ തുറന്നു പറഞ്ഞതോടെ കോൺഗ്രസ് രാഷ്ട്രീയത്തിലെ ചേരിതിരിവ് ആണ് പുറത്തുവന്നത്. പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയാണ് മാണി സി കാപ്പനെ യുഡിഎഫിൽ എത്തിച്ചത്. ചെന്നിത്തല മാറിയതോടെ അവഗണിക്കപ്പെടുന്നു എന്നാണ് കാപ്പൻ പറഞ്ഞുവെച്ചത്.
മുൻകാല അനുഭവം കണക്കിലെടുത്ത് കോൺഗ്രസിലും യുഡിഎഫിലും ഇത് സാധാരണമെന്ന് ഇടത്തരം നേതാക്കൾ ആശ്വസിക്കുന്നുണ്ടെങ്കിലും ദേശീയ സംസ്ഥാന രാഷ്ട്രീയ ഭൂപടം മാറിയത് അവരുടെ ശ്രദ്ധയിലുണ്ടോ എന്ന് സംശയമാണ്.
ഗ്രൂപ്പില്ലാതെ പാർട്ടിയെ മുന്നോട്ട് നയിക്കുമെന്ന് നേതൃത്വം പറയുമ്പോഴും കോട്ടയത്തെ യുഡിഎഫ് രാഷ്ട്രീയത്തിന്റെ അടിവേര് ഇളകുമോ എന്ന ആശങ്കയാണ് പ്രവർത്തകർ ഇപ്പോൾ പങ്ക് വെക്കുന്നത്. അപ്പുറത്ത് ക്രൈസ്തവ മേഖലകളിൽ കണ്ണും നട്ട് ചിട്ടയായ പ്രവർത്തനത്തിലൂടെ ജില്ല പിടിക്കാൻ ബിജെപി തന്ത്രങ്ങൾ ഒരുക്കുമ്പോൾ ആണ് യുഡിഎഫിലെ തമ്മിലടി മുൻപെങ്ങുമില്ലാത്ത വിധം വെല്ലുവിളി ആകുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ അടക്കം യുഡിഎഫ് വിരുദ്ധ രാഷ്ട്രീയം മേൽക്കൈ നേടിയതും ശ്രദ്ധേയമാണ്. ഒരിക്കൽ ശക്തികേന്ദ്രമായിരുന്ന പൂഞ്ഞാറിൽ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തവണ മൂന്നാമതായി എന്നതും
സൂചനയാണ്.