കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡിനെ ചോദ്യം ചെയ്ത് ധനമന്ത്രി തോമസ് ഐസക്ക് നടത്തിയ പരസ്യപ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നുവെന്നാണ് ധനമന്ത്രിയുടെ പേരുപറയാതെ സിപിഎം സെക്രട്ടറിയേറ്റ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയത്. ആരുടെ വട്ടാണ് വിജിലന്‍സ് പരിശോധനയെന്ന് ഐസക്ക് നടത്തിയ പരാമര്‍ശമാണ് വിവാദമായത്.
advertisement
തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ധനമന്ത്രിയെ തള്ളിയ മുഖ്യമന്ത്രി പിണറായി വിജയന്‍ അതേ നിലപാട് സെക്രട്ടറിയേറ്റ് യോഗത്തിലും ഉന്നയിച്ചു. മന്ത്രിയെ വിശ്വാസത്തിലെടുത്തില്ലെന്ന വാദം ഐസക്ക് യോഗത്തിൽ ഉയര്‍ത്തിയെങ്കിലും നേരത്തെ ഒപ്പം നിന്ന ആനത്തലവട്ടം ആനന്ദന്‍ പോലും ധനമന്ത്രിയെ പിന്തുണയ്ക്കാനെത്തിയില്ലെന്നാണ് വിവരം. എല്ലാ കാര്യങ്ങളും വകുപ്പ് മന്ത്രിയെ അറിയിക്കുന്ന രീതി ഇല്ലെന്ന നിലപാടിൽ ഉറച്ചുതന്നെയാണ് മുഖ്യമന്ത്രി പാർട്ടി യോഗത്തിൽ പ്രതികരിച്ചത്.
കെഎസ്എഫ്ഇ വിവാദത്തിൽ ചേരിതിരിവ് ഉണ്ടെന്ന പ്രതീതി സൃഷ്ടിക്കുന്നത് ഗുണകരമല്ലെന്നാണ് സിപിഎം വിലയിരുത്തൽ. സര്‍ക്കാരിലും പാര്‍ട്ടിയും ഭിന്നതയില്ലെന്ന് സിപിഎം പ്രസ്താവനയില്‍ അവകാശപ്പെട്ടു. ഐസക്കിന്റെ പരസ്യപ്രസ്താവന സിപിഎമ്മിൽ ചേരിതിരിവ് ഉണ്ടെന്ന തോന്നൽ സൃഷ്ടിച്ചുവെന്ന വികാരമാണ് സിപിഎം നേതാക്കൾക്കുള്ളത്.