തിരുവനന്തപുരം: കെ എസ് എഫ് ഇയിലെ വിജിലൻസ് പരിശോധനയിൽ മന്ത്രി
തോമസ് ഐസക്കിനെ തള്ളി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കെഎസ്എഫ്ഇയിലെ വിജിലൻസ് പരിശോധന സിപിഎമ്മിൽ വലിയ വിവാദം സൃഷ്ടിച്ച സാഹചര്യത്തിലാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം.
വിജിലൻസ് പരിശോധനയിലെ മുഖ്യമന്ത്രിയുടെ മറുപടിയെ ന്യായീകരിച്ച കടകംപള്ളി തോമസ് ഐസക്കിനെ പൂർണമായും തള്ളി. തോമസ് ഐസക്കിന്റേത് പെട്ടെന്നുള്ള പ്രതികരണമായിരുന്നു. ഓരോ ആളുകൾക്കും അവരുടെ അഭിപ്രായം പ്രകടിപ്പിക്കാൻ അവകാശമുണ്ട്.
എന്നാൽവിജിലൻസ് പരിശോധന സംബന്ധിച്ച് വകുപ്പ് മന്ത്രിയെ അറിയിക്കേണ്ട കാര്യമില്ല. പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് പരിശോധന നടത്തുന്നത്. അതുകൊണ്ടുതന്നെ വകുപ്പുമന്ത്രിയെയോ മേധാവിയെയോ അറിയിക്കണമെന്ന് കീഴ്വഴക്കമില്ല.
വിജിലൻസ് പരിശോധന സ്വതന്ത്ര പ്രവർത്തനത്തിന്റെ ഭാഗമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സിപിഎമ്മിൽ പിണറായിക്കെതിരെ പുതിയ ഗ്രൂപ്പ് രൂപപ്പെട്ടുവരുന്നു എന്ന ആരോപണത്തെയും കടകംപള്ളി തള്ളി. പാർട്ടിക്കുള്ളിൽ ഒരു പ്രശ്നവുമില്ല. പുതിയ ഗ്രൂപ്പ് ഉണ്ടാക്കാനുള്ള ശ്രമം നടക്കുന്നുവെന്ന എം എം ഹസന്റെ പ്രസ്താവന ആരാണ് കാര്യമായി എടുക്കുകയെന്നും മന്ത്രി ചോദിച്ചു.
കെ.എസ്.എഫ്.ഇയിലെ വിജിലൻസ് പരിശോധനയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ രംഗത്തെത്തിയിരുന്നു. റെയ്ഡിനു നിർദേശം നൽകിയതു വിജിലൻസ് ഡയറക്ടറാണെന്നും അതൊരു സാധാരണ നടപടിക്രമമാണെന്നുമാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. എന്നാൽ വിജിലൻസിനെതിരെ രംഗത്തെത്തിയ തോമസ് ഐസക്ക് റെയ്ഡിനു പിന്നിൽ ആരുടെ വട്ടാണെന്നു വരെ ചോദിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.