കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ ആത്മഹത്യയാണ് ലിജിയുടേത്. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിനി അർച്ചന, ആലപ്പുഴ കായംകുളം സ്വദേശിനി സുചിത്ര എന്നിവരാണ് ചൊവ്വാഴ്ച ആത്മഹത്യ ചെയ്തത്. ഇന്നലെ ശാസ്താംകോട്ടയിൽ സ്ത്രീധന പീഡനത്തെ തുടർന്ന് ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്തിരുന്നു.
ആലപ്പുഴയിൽ ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ആലപ്പുഴ വള്ളിക്കുന്നത്ത് ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ലക്ഷ്മി ഭവനത്തില്‍ വിഷ്ണുവിന്റെ ഭാര്യ സുചിത്രയാണ് (19) മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11.30ന് മുറിയില്‍ തൂങ്ങിയനിലയില്‍ വിഷ്ണുവിന്റെ അമ്മയാണ് ആദ്യം കണ്ടത്. തുടർന്ന് സമീപവാസികളെ വിളിച്ച് വരുത്തിയ ശേഷം സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
advertisement
ഓച്ചിറ വലിയകുളങ്ങര സ്വദേശിനിയായ സുചിത്രയും ഉത്തരഖണ്ഡിൽ സൈനികനായ വിഷ്ണുവും മാർച്ച് 21നാണ് വിവാഹിതരായത്. സംഭവസമയത്ത് ഭർതൃമാതാവും പിതാവുമാണ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സംഭവത്തിൽ വള്ളികുന്നം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
യുവതിയെ വാടകവീട്ടിൽ തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തി
വിഴിഞ്ഞം വെങ്ങാനൂരിൽ യുവതിയെ വാടകവീട്ടിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. വെങ്ങാനൂർ സ്വദേശി അർച്ചന (24) ആണ് ഇന്നലെ രാത്രി മരിച്ചത്. പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഭർത്താവ് സുരേഷ് പിടിയിലായി. വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്യുകയാണ്. മരണത്തിൽ ദുരൂഹത ആരോപിച്ച് അർച്ചനയുടെ ബന്ധുക്കൾ രംഗത്തെത്തി. ഇന്നലെയാണ് അർച്ചനയെ കുടുംബവീട്ടിൽനിന്നു സുരേഷ് വിളിച്ചുകൊണ്ടുവന്നത്. കുപ്പിയിൽ ഡീസലുമായാണ് സുരേഷ് എത്തിയതെന്ന് അർച്ചനയുടെ പിതാവ് അശോകൻ പറഞ്ഞു.
ഉറുമ്പിനെ കൊല്ലാനാണ് ഡീസൽ എന്നാണ് പറഞ്ഞത്. രാത്രി എട്ടരയ്ക്ക് വീട്ടിൽനിന്ന് ഇറങ്ങി. പന്ത്രണ്ടരയ്ക്കാണ് അർച്ചന മരിച്ചെന്ന് അറിയിച്ചു വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു. സുരേഷിന്റെ വീട്ടുകാർ പണവും ഓഹരിയും ചോദിച്ചിരുന്നതായും ഇതു സംബന്ധിച്ചു തർക്കം ഉണ്ടായിരുന്നതായും അർച്ചനയുടെ അമ്മ മോളി പറഞ്ഞു. ഒരു വർഷം മുൻപായിരുന്നു അർച്ചനയും സുരേഷും തമ്മിലുള്ള വിവാഹം.
''അവൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. അവൻ ഇടയ്ക്കിടെ വീട്ടിൽനിന്ന് പിണങ്ങി പോകാറുണ്ട്. രണ്ട് ദിവസം കഴിഞ്ഞൊക്കെയാണ് വരാറുള്ളത്. അവന്റെ വീട്ടിൽ പോയി അന്വേഷിച്ചാലും അവരും ഒന്നും പറയില്ല. ഫോൺ സ്വിച്ച് ഓഫ് ആക്കി വെയ്ക്കും. പലയിടത്തും അന്വേഷിച്ചാണ് അവനെ കണ്ടെത്താറുള്ളത്. പിന്നീട് തിരിച്ചെത്തിയാൽ ഇരുവരും വീണ്ടും സഹകരിച്ച് ജീവിക്കും. മരിക്കുന്നതിന്റെ തലേദിവസം അർച്ചനയും സുരേഷും ഞങ്ങളുടെ വീട്ടിൽ വന്നിരുന്നു. അവന്റെ കൈയിൽ ഒരു ലിറ്ററിന്റെ കുപ്പിയിൽ ഡീസലും ഉണ്ടായിരുന്നു. എന്തിനാണ് ഡീസലെന്ന് ചോദിച്ചപ്പോൾ വീട്ടിൽ ഉറുമ്പിന്റെ ശല്യമുണ്ടെന്നും അതിനാണെന്നും മറുപടി പറഞ്ഞു. ഉപ്പോ മഞ്ഞൾപൊടിയോ ഇട്ടാൽ പോരെയെന്ന് ചോദിച്ചപ്പോൾ അതൊന്നും ഇട്ടിട്ട് പോകുന്നില്ലെന്നായിരുന്നു മറുപടി''- അർച്ചനയുടെ പിതാവ് അശോകൻ പറയുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)