നെടുമങ്ങാട് അയ്യപ്പൻകുഴി സ്വദേശി ലാൽ കൃഷ്ണ (27) ആണ് മരിച്ചത്. നഗരസഭയുടെ കഴക്കൂട്ടത്തെ ഷീൽ ലോഡ്ജിന്റെ എ സി പി പാനൽ വർക്ക് ചെയ്യുന്നതിനിടയിൽ ഡ്രില്ലിംഗ് മെഷീനിൽ നിന്നും ഷോക്കേറ്റാണ് ലാൽ കൃഷ്ണ മരിച്ചത്. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ഷോക്കേറ്റയുടൻ കൂടെയുണ്ടായിരുന്ന തൊഴിലാളികൾ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി.
advertisement
അതേസമയം മലപ്പുറം പെരിന്തൽമണ്ണയിൽ ഷോക്കേറ്റ് അച്ഛനും മകനും ദാരുണാന്ത്യം. പറക്കണ്ണി കാവുണ്ടത്ത് മുഹമ്മദ് അശ്റഫ്, മകൻ മുഹമ്മദ് അമീൻ എന്നിവരാണ് മരിച്ചത്. വീടിനടുത്തുള്ള സ്വന്തം കൃഷിസ്ഥലത്ത് ഞായറാഴ്ച രാവിലെയാണ് സംഭവം. ചേന കൃഷിചെയ്തിരുന്ന സ്ഥലത്തിന് ചുറ്റും കാട്ടുപന്നിയെ തടയാനായി സ്ഥാപിച്ച വൈദ്യുതവേലിയില്‍ നിന്നാണ് ഷോക്കേറ്റതെന്നാണ് സംശയിക്കുന്നത്.
രാവിലെ പത്തോടെ കൃഷിയിടത്തിലേക്ക് പോയ അഷ്‌റഫിനെ കുറെ നേരമായും കാണാത്തതിനെ തുടർന്ന് മകൻ മുഹമ്മദ് അമീനും മകളും അന്വേഷിച്ചെത്തുകയായിരുന്നു. തുടർന്ന് വീണു കിടക്കുന്നത് കണ്ട് അമീന്‍ പിതാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു. ഷോക്കേറ്റതാണെന്ന് മനസിലായ മകള്‍ ബഹളം വെച്ചതോടെ നാട്ടുകാരെത്തി ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടു പേരുടേയും മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.