കിഴക്കമ്പലം കിറ്റെക്സിലെ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലാണ് ശനിയാഴ്ച അർധരാത്രിയോടെ സംഘര്‍ഷം ഉണ്ടായത്. തടയാനെത്തിയ പൊലീസ് ജീപ്പ് അഗ്നിക്കിരയാക്കുകയും രണ്ടു പൊലീസ് വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു.
'യാദൃശ്ചികമായ സംഭവമാണ് ഇന്നലെ രാത്രി ഉണ്ടായിട്ടുള്ളത്. നാഗലാന്‍ഡ്, മണിപ്പൂര്‍ സംസ്ഥാനക്കാരായ തൊഴിലാളികള്‍ ക്രിസ്മസിന്റെ ഭാഗമായി കരോള്‍ നടത്തിയിരുന്നു. അവരില്‍ തന്നെ കുറച്ച് ആളുകള്‍ ഇതിനെ എതിര്‍ത്തു. തുടര്‍ന്ന് സംഘര്‍ഷമുണ്ടായി. അത് നിയന്ത്രിക്കാന്‍ സെക്യൂരിറ്റി ജീവനക്കാരും പിന്നീട് സൂപ്പര്വൈസേഴ്സും ഇടപ്പെട്ടു. അവരേയും ആക്രമിച്ചു. തുടര്‍ന്ന് ഞങ്ങള്‍ പൊലീസിനെ വിളിക്കുകയാണ് ഉണ്ടായത്. പൊലീസെത്തിയപ്പോള്‍ അവരേയും അക്രമിച്ചു. തൊഴിലാളികള്‍ ലഹരി ഉപയോഗിച്ചിരുന്നതായാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ആരേയും ആര്‍ക്കും നിയന്ത്രിക്കാന്‍ സാധിക്കാത്ത രീതിയിലേക്ക് മാറി', കിറ്റെക്സ് എംഡി പറഞ്ഞു.
advertisement
ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് ഇവരെന്ന് തോന്നുന്നില്ല. നാഗലാന്‍ഡ്, മണിപ്പൂര്‍ മേഖലയില്‍ നിന്ന് എത്തുന്നവര്‍ വളരെ കഠിനാധ്വാനം ചെയ്യുന്നവരാണ്. തങ്ങളുടെ വര്‍ഷങ്ങളായുള്ള അനുഭവം അതാണ്. ആദ്യമായിട്ടാണ് ഇങ്ങനെയുള്ള ഒരു സംഭവം ഉണ്ടായിട്ടുള്ളത്. അവിടെ ആരോ ലഹരി എത്തിച്ചിട്ടുണ്ട്. അറിഞ്ഞോ അറിയാതെയോ ആകാം പലരും ഇത് ഉപയോഗിച്ചത്. ലഹരിക്കുപുറത്ത് ചെയ്ത അക്രമങ്ങളാണ് ഇത്. മന്‍കൂട്ടി പ്ലാന്‍ ചെയ്ത ഒരു സംഭവമല്ല. അതാണ് തങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമാകുന്നതെന്നും സാബു ജേക്കബ് പറഞ്ഞു.
പി വി ശ്രീനിജന് എംഎല്‍എ മത്സരിച്ച് ജയിച്ച അന്നുമുതല്‍ കമ്പനി പൂട്ടിക്കാന്‍ നടക്കുകയാണ്. അദ്ദേഹത്തിന് മറുപടി ഇപ്പോള്‍ പറയുന്നില്ലെന്നും സാബു ജേക്കബ് കൂട്ടിച്ചേര്‍ത്തു. സംഘര്‍ഷത്തില്‍ കിറ്റെക്സ് മാനേജ്മെന്റിനും ഉത്തരവാദിത്തമുണ്ടെന്ന് കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന് ആരോപിച്ചിരുന്നു.
