ആദ്യം സൗഹൃദം സ്ഥാപിച്ച് മെസേജ് അയയ്ക്കും, പതിയെ പതിയെ അശ്ലീല സന്ദേശങ്ങൾ, കുറച്ച് അടുപ്പമായെന്ന് തോന്നിയാൽ സിനിമയ്ക്കും ഹോട്ടലിലേയ്ക്കും വിളിക്കും. കേരളത്തിലെ ഒരു പ്രമുഖ യുവ നേതാവിന്റെ സ്ത്രീകളോടുള്ള സമീപനമാണിതെന്ന് അടുത്തിടെ പുറത്തിറങ്ങിയ '916 കുഞ്ഞൂട്ടന്‍' എന്ന ചിത്രത്തില്‍ ഗിന്നസ് പക്രുവിന്റെ നായികയായിരുന്ന റിനി പറഞ്ഞു.
ഏതാനും ദിവസങ്ങൾക്ക് മുൻപ് സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായപ്പോൾ ഹൂ കെയേഴ്സ് എന്ന് പറഞ്ഞ് തലയൂരിയിരുന്നു. ഇക്കാര്യത്തെക്കുറിച്ച് പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടും അവര്‍ അയാൾക്ക് സ്ഥാനമാനങ്ങള്‍ നല്‍കുകയാണ് ഉണ്ടായത്. സിനിമയിൽ സ്ത്രീകൾ നേരിടുന്ന ചൂഷണത്തെക്കുറിച്ചുള്ള ചോദ്യത്തിനിടെയായിരുന്നു രാഷ്ട്രീയ നേതാവിനെതിരെയുള്ള വെളിപ്പെടുത്തൽ. യുവനേതാവ് അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും മോശം സന്ദേശങ്ങൾ അയച്ചത് ഷോക്കിങായിരുന്നുവെന്നും റിനി വെളിപ്പെടുത്തി. അശ്ലീല മെസേജ് അയച്ചപ്പോൾ ഇങ്ങനെ ചെയ്യരുതെന്ന് പറഞ്ഞു.
advertisement
സമീപകാലത്ത് സോഷ്യൽ മീഡിയയിൽ ഇതേ വ്യക്തിയെക്കുറിച്ച് ആരോപണം ഉയർന്നിരുന്നു. എന്നാൽ ഹൂ കെയേഴ്സ് എന്നായിരുന്നു ഇയാളുടെ ആറ്റിറ്റ്യൂഡ്. ആരും മുന്നോട്ട് വരാതിരുന്നത് കൊണ്ടാണ് താനിപ്പോൾ തുറന്നു പറയുന്നത് എന്നും പല സ്ത്രീകൾക്കും സമാന അനുഭവം ഉണ്ടായെന്നും റിനി പറഞ്ഞു.
ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും താന്‍ അംഗമല്ലെങ്കിലും, രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കാലയളവിലാണ് ഈ ദുരനുഭവം ഉണ്ടായതെന്ന് റിനി തുറന്നുപറഞ്ഞു.. ഇയാളെ പറ്റി പാർട്ടിയിലെ പല നേതാക്കളോടും പറഞ്ഞിരുന്നു. നേതൃത്വത്തോട് പരാതിപ്പെടുമെന്ന് പ്രതികരിച്ചപ്പോൾ, പോയി പറയുവെന്നായിരുന്നു മറുപടി. ഇത്തരത്തിലുള്ള ആളുകളെ ഇനിയും സ്ഥാനങ്ങളിൽ എത്തിക്കരുതെന്നും റിനി ആൻ ജോര്‍ജ് പറഞ്ഞു. നേതാവിന്‍റെ പേരോ ഏത് പ്രസ്ഥാനമാണെന്നോ വെളിപ്പെടുത്താൻ തയ്യാറല്ല. ഇയാളെപ്പറ്റി പരാതിയുള്ളവര്‍ അതുമായി മുന്നോട്ടു പോകട്ടെ. പറയേണ്ട സ്ഥലങ്ങളിൽ എല്ലാം പരാതി അറിയിച്ചിട്ടുണ്ട്. പക്ഷേ അതിനുശേഷവും അയാൾക്ക് സ്ഥാനമാനങ്ങൾ ലഭിച്ചു.
ഒരു പ്രത്യേക പാര്‍ട്ടിയെ തേജോവധം ചെയ്യാനല്ല താന്‍ ഇത് പറയുന്നതെന്നും, സമൂഹത്തില്‍ ഇത്തരത്തിലുള്ള പ്രവണത നിലവിലുണ്ടെന്നും നടി പറഞ്ഞു. ഇയാളുടെ പ്രസ്ഥാനത്തിന് ധാർമികതയുണ്ടെങ്കിൽ ഇനിയെങ്കിലും നിയന്ത്രിക്കണമെന്നും ഈ സംഭവത്തോടെ പല വിഗ്രഹങ്ങളും ഉടഞ്ഞുപോയെന്നും റിനി വ്യക്തമാക്കി.