മൂത്ത സഹോദരി ഉഷയുടെ ആരോപണത്തിൽ കഴമ്പില്ലെന്നും ബിന്ദു പറഞ്ഞു. മരണശേഷവും അച്ഛനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതിൽ ദുഖമുണ്ടെന്നും ബിന്ദു ബാലകൃഷ്ണൻ പ്രതികരിച്ചു.
സ്വത്ത് വീതം വെക്കുന്നത് സംബന്ധിച്ച് ആർ ബാലകൃഷ്ണപിള്ള തയാറാക്കിയ വിൽപത്രത്തിൽ കെ ബി ഗണേഷ് കുമാറിന്റെ ഹിതകരമല്ലാത്ത ഇടപെടലുണ്ടായെന്ന മൂത്ത സഹോദരി ഉഷ മോഹൻദാസിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് ഗണേഷിന്റെ മറ്റൊരു സഹോദരിയായ ബിന്ദു ബാലകൃഷ്ണന്റെ നിലപാട്.
advertisement
ബാലകൃഷ്ണപിള്ള സ്വന്തം ഇഷ്ടപ്രകാരമാണ് ഗണേഷിന് കൂടി സ്വത്തുക്കൾ നൽകിക്കൊണ്ട് വിൽപത്രം തയ്യാറാക്കിയത്. മരണം സംഭവിച്ച് ദിവസങ്ങൾ പിന്നിടും മുമ്പ് അച്ഛന്റെ പേര് വിവാദത്തിലേക്ക് വലിച്ചിഴച്ചതിൽ ദുഃഖമുണ്ടെന്നും ബിന്ദു പറഞ്ഞു.
പൂർണബോധത്തോടെയാണ് ആർ ബാലകൃഷ്ണപിള്ള വിൽപത്രം തയ്യാറാക്കിയത്. ആരുടെയും സ്വാധീനത്തിന് വഴങ്ങുന്ന ആളല്ല അച്ഛൻ ബാലകൃഷ്ണപിള്ള എന്നും ബിന്ദു പറഞ്ഞു. ഗണേഷ് ഒരുപാട് പ്രശ്നങ്ങളെ അഭിമുഖീകരിച്ച ആളാണ്. ഇനിയെങ്കിലും ഗണേഷിന് മനസമാധാനം നൽകണമെന്നും ബിന്ദു പ്രതികരിച്ചു.
രേഖകളിൽ ഗണേഷ് കൃത്രിമം കാട്ടി എന്ന പരാതിയുമായി ഉഷ മോഹൻദാസ് സി പി എം നേതൃത്വത്തെ സമീപിച്ചിരുന്നു. ഈ പരാതിയെ തുടർന്നാണ് മന്ത്രിസഭയിലേക്കുള്ള ആദ്യ ടേമിൽ നിന്ന് ഗണേഷ് കുമാർ ഒഴിവാക്കപ്പെട്ടതെന്നും കരുതുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെ ഉൾപ്പെടെയാണ് ഉഷ നേരിൽ കണ്ട് പരാതി അറിയിച്ചത്. എന്നാൽ സഹോദരിയുടെ പരാതിയെക്കുറിച്ച് പ്രതികരിക്കാൻ ഗണേഷ് കുമാർ തയ്യാറായിരുന്നില്ല. രാഷ്ട്രീയ കാരണങ്ങളാൽ ആദ്യ ടേമിൽ നിന്ന് ഒഴിവാക്കപ്പെട്ടു എന്നാണ് മാധ്യമങ്ങളോട് ഗണേഷ് കുമാർ വിശദീകരിച്ചത്. ഗണേഷ്കുമാർ രേഖകളിൽ കൃത്രിമം കാട്ടി എന്ന ആരോപണം വിൽപത്രത്തിലെ സാക്ഷിയായ കൊട്ടാരക്കര സ്വദേശി പ്രഭാകരൻ നായരും തള്ളിയിരുന്നു.