തിരുവനന്തപുരം: സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണങ്ങൾ ഉയർത്തിയ വിവാദത്തെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് ഒ ജെ ജനീഷിനെ എത്തിക്കാൻ ആയതിന്റെ ആത്മവിശ്വാസത്തിലാണ് യൂത്ത് കോൺഗ്രസ് സംഘടനകാര്യ ജനറൽ സെക്രട്ടറി ഷാഫി പറമ്പിൽ പക്ഷം. എന്നാൽ സാമുദായിക സമവാക്യങ്ങൾ ചൂണ്ടിക്കാട്ടി അബിൻ വർക്കിയുടെ സാധ്യത ഇല്ലാതാക്കിയതിന് പിന്നിൽ സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെന്നാണ് ഐ ഗ്രൂപ്പിന്റെ വിലയിരുത്തൽ.
യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിക്ക് ജാതി സമവാക്യം മാനദണ്ഡം ആയത് എപ്പോൾ മുതൽ...? പാർട്ടിക്കകത്തും പുറത്തും ഈ ചോദ്യം ഉത്തരം കിട്ടാതെ മുഴങ്ങി തുടങ്ങിയിട്ട് ദിവസങ്ങൾ പിന്നിടുന്നു...
advertisement
ഇതും വായിക്കുക: 'ഞാനൊരു ക്രിസ്ത്യാനിയായതാണോ പ്രശ്‌നം എന്ന് പറയേണ്ടത് നേതൃത്വമാണ്'; യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തിൽ അബിൻ വർക്കി
ഇനി രണ്ടു പതിറ്റാണ്ട് പിന്നിലേക്ക് നോക്കാം.
2001-2004 കെപിസിസി അധ്യക്ഷൻ കെ മുരളീധരൻ
2002-2006 യൂത്ത് കോൺഗ്രസ് അധ്യക്ഷൻ കെ പി അനിൽകുമാർ
കെ എസ് യു സംസ്ഥാന അധ്യക്ഷൻ പി സി വിഷ്ണുനാഥ് 2002-2006. എല്ലാവരും ഒരേ സമുദായം
2005-2014 രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷൻ
2010-2013- യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ പിസി വിഷ്ണുനാഥ് രണ്ടുപേരും ഒരേ സമുദായം
2011-2016 മുഖ്യമന്ത്രി ഉമ്മൻചാണ്ടി
2013-2020- യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ്
2012-2017 കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ വി എസ് ജോയ്. മൂവരും ഒരേ മതത്തിൽ പെടുന്നവർ.
അന്നൊന്നും ഇല്ലാത്ത സമുദായ സമവാക്യമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
ഇതും വായിക്കുക: യൂത്ത് കോൺഗ്രസ് അധ്യക്ഷനായി അബിൻ വർക്കിയെ പരിഗണിക്കാത്തതിൽ ഐ ഗ്രൂപ്പിന് അതൃപ്തി
തിരഞ്ഞെടുപ്പ് മാനദണ്ഡമാക്കുന്നതിന് പകരം ഗ്രൂപ്പുകൾ തമ്മിലുള്ള തർക്ക പരിഹാരത്തിനായി നോമിനേറ്റഡ് ആയിരുന്നു പുതിയ അധ്യക്ഷൻ എങ്കിൽ കമ്മിറ്റിക്ക് പുറത്തുനിന്നുള്ള കെ എം അഭിജിത്തിനെ എന്തുകൊണ്ട് പരിഗണിച്ചില്ല.
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ മത്സരിച്ച് സംസ്ഥാന കമ്മിറ്റിയിൽ ഒരു ലക്ഷത്തി എഴുപത്തിനായിരത്തിലധികം വോട്ടുകൾ നേടി രണ്ടാമതെത്തിയ അബിൻ വർക്കിയെ തഴഞ്ഞതിലൂടെ മെറിറ്റ് അട്ടിമറിക്കപ്പെട്ടതായാണ് ഐ ഗ്രൂപ്പിന്റെ വിമർശനം. ഒന്നാമനായ രാഹുൽ മാങ്കൂട്ടത്തിൽ നേടിയ വോട്ടുകളെ സംബന്ധിച്ച പരാതി കോടതി കയറി എന്നും ഓർക്കാം. അന്ന് കേവലം 19000 വോട്ടുകൾ മാത്രമാണ് ഒ ജെ ജനീഷിന് നേടാനായത്. അബിന് അവസരം കിട്ടിയില്ല.
രാജ്യമെമ്പാടും വോട്ട് ചോരിക്കെതിരെ യാത്ര നടത്തുന്ന രാഹുൽ ഗാന്ധി മുൻകൈ എടുത്തു നടത്തിയ സംസ്ഥാന യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിനും അതിൽ കൂടുതൽ വോട്ടു നേടിയതിനുമുള്ള പ്രസക്തി തന്നെ ഇതോടെ ഇല്ലാതായി.