യുവ പ്രതിഭകൾ തങ്ങളുടെ കഴിവുകളെ ഈ വേദിയിൽ മാത്രമായി ഒതുക്കാതെ അവ മിനുക്കിയെടുത്ത് പുതിയ അവസരങ്ങൾക്കായി പ്രയോജനപ്പെടുത്തണം. കലയോടുള്ള ആത്മാർപ്പണം സത്യസന്ധമാണെങ്കിൽ അവസരങ്ങൾ നിങ്ങളെ തേടിയെത്തുമെന്നും സ്വന്തം ജീവിതാനുഭവത്തിൽ നിന്നാണ് താനിത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. സമ്മാനങ്ങൾ ലഭിക്കാത്തവർ മോശക്കാരാണെന്ന തോന്നൽ കുട്ടികളിൽ ഉണ്ടാകരുത്. കലോത്സവങ്ങളുടെ രാഷ്ട്രീയവും സാമൂഹികവുമായ പ്രസക്തി തിരിച്ചറിഞ്ഞ് ഇതിനായി വലിയ തുകയും സൗകര്യങ്ങളും ഒരുക്കുന്ന സർക്കാരിനോടുള്ള നന്ദിയും അദ്ദേഹം പ്രസംഗത്തിൽ പങ്കുവെച്ചു.
സോഷ്യൽ മീഡിയ ഇത്രയധികം വളർന്നിട്ടും ഇന്നും സിനിമാ സംവിധായകർ പുതിയ പ്രതിഭകളെ തേടി കലോത്സവ വേദികളിലേക്ക് എത്തുന്നുണ്ട്. മഞ്ജു വാര്യർ, നവ്യ നായർ, യദു കൃഷ്ണൻ, ശരത് ദാസ് തുടങ്ങിയവർ കലോത്സവ വേദികൾ മലയാള സിനിമയ്ക്ക് നൽകിയ സമ്മാനങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വടക്കുംനാഥനെ വണങ്ങിക്കൊണ്ട് പ്രസംഗം ആരംഭിച്ച മോഹൻലാലിനെ നിറഞ്ഞ കൈയടികളോടെയാണ് സദസ്സ് വരവേറ്റത്. താൻ എല്ലാവർക്കും ഇഷ്ടപ്പെട്ട കൈത്തറി വസ്ത്രമാണ് ധരിച്ചെത്തിയതെന്നും കുട്ടികൾക്ക് വേണ്ടി മീശ ചെറുതായി പിരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
advertisement
1023 പോയിന്റ് നേടി കണ്ണൂരാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണകിരീടം സ്വന്തമാക്കിയത്. അവസാന നിമിഷം വരെ നീണ്ടുനിന്ന ഇഞ്ചോടിഞ്ച് മത്സരത്തിൽ, കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ തൃശൂരിനെ അഞ്ച് പോയിന്റുകൾക്ക് പിന്നിലാക്കിയാണ് കണ്ണൂരിന്റെ വിജയം. 1018 പോയിന്റോടെ തൃശൂർ രണ്ടാം സ്ഥാനവും 1016 പോയിന്റോടെ കോഴിക്കോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്കൂളുകളുടെ വിഭാഗത്തിൽ ആലത്തൂർ ബി.എസ്.എസ് ഗുരുകുലം ഹയർ സെക്കണ്ടറി സ്കൂളാണ് ഒന്നാമതെത്തിയത്.
