സാധാരണക്കാരുടെ കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുകയും നിത്യ ജീവിതം വഴിമുട്ടുകയും ചെയ്തിട്ടും ജനഹിത നടപടികള്‍ക്ക് പകരം ഒന്നിന് മീതെ ഒന്നായി ദുരിതം വിതക്കാനാണ് സര്‍ക്കാരുകള്‍ മത്സരിക്കുന്നതെന്ന് സമരക്കാര്‍ കുറ്റപ്പെടുത്തി. പെട്രോള്‍, ഡീസല്‍, പാചകവാതകങ്ങള്‍ക്ക് ദിനേനയെന്നോണം വില വർധിക്കുന്നതില്‍ ജനങ്ങള്‍ ആകെ പ്രതിഷേധത്തിലാണ്. നിരവധി മോട്ടോര്‍ വാഹന തൊഴിലാളികളാണ് സമരത്തിന്റെ ഭാഗമായത്.
കേന്ദ്ര-കേരള സര്‍ക്കാരുകള്‍ കോവിഡിന് പുറമെയുള്ള മറ്റൊരു ദുരന്തമായെന്നും ഇരുവരും ജനങ്ങളെ ദ്രോഹിക്കാന്‍ മത്സരിക്കുകയാണെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. ഒരു വശത്ത് കേന്ദ്ര സര്‍ക്കാര്‍ ജനദ്രോഹ നടപടികള്‍ കൈക്കൊള്ളുമ്പോള്‍ മറുവശത്ത് നികുതി വര്‍ദ്ധിപ്പിച്ചും നിത്യോപയോഗ സാധനങ്ങളുടെ വില കൂട്ടിയും കറന്റ്, വൈദ്യുതി, വാഹന യാത്രാ നിരക്ക് മുതലായവ വർധിപ്പിച്ചും കേരള സംസ്ഥാന സര്‍ക്കാരും ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണെന്ന് അദ്ദേഹം തുടര്‍ന്നു.
advertisement
ഈ സമരമൊരു തുടക്കം മാത്രമാണെന്നും സര്‍ക്കാര്‍ നടപടികളില്‍ മാറ്റമില്ലാത്ത സാഹചര്യം ഉണ്ടായാല്‍ കൂടുതല്‍ സമര നടപടികളുമായി മുസ്ലിം യൂത്ത് ലീഗ് മുന്നോട്ട് വരുമെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു. സമര പരിപാടിയില്‍ നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് കെ.വി.മന്‍സൂര്‍, മുസ്‌ലിം ലീഗ് ജില്ലാ ഓര്‍ഗനൈസിംങ്ങ് സെക്രട്ടറി എന്‍.സി.അബൂബക്കര്‍, മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് കെ.മുഹമ്മദാലി, ജന:സെക്രട്ടറി യു.സജീര്‍, ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഷഫീഖ് അരക്കിണര്‍, സെക്രട്ടറി എ.ഷിജിത്ത് ഖാന്‍, മണ്ഡലം മുസ്‌ലിം ലീഗ് ട്രഷറര്‍ കൊയപ്പത്തൊടി മുഹമ്മദാലി, എം.എസ്.എഫ്. ജില്ലാ ജനറല്‍ സെക്രട്ടറി ഷുഹൈബ് മുഖദാര്‍, മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ മനാഫ്, ശംസു, സെമീര്‍, കോയ മോന്‍, ഹാരിസ്, സെക്രട്ടറി എം.സിറാജ്, ട്രഷറര്‍ ഫസല്‍ എന്നിവർ പങ്കെടുത്തു.