ലഹരി ഇടപാടുമായി തന്റെ സഹോദരൻ പി.കെ ജുബൈറിന് ബന്ധമുണ്ടെങ്കിൽ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്. തന്റെ രാഷ്ട്രീയവുമായി ജുബൈറിന് യാതൊരു ബന്ധവുമില്ലെന്നും സഹോദരൻറെ പേരിൽ തന്നെ വേട്ടയാടുകയാണെന്നും സഹോദരൻ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ ലഭിക്കണമെന്നും പികെ ഫിറോസ് പറഞ്ഞു. പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തി, ആക്രമിച്ചു എന്നീ വകുപ്പുകളാണ് നിലവിൽ ജുബൈറിനെതിരെ ചുമത്തിയിരിക്കുന്നത്. ജുബൈറിനെതിരെ പൊലീസ് നടത്തുന്ന ഏത് അന്വേഷണത്തെയും പിന്തുണക്കുമെന്നും പികെ ഫിറോസ് പറഞ്ഞു.
advertisement
തന്റെ നിലപാടുകളുായി ഒരുപാട് വിയോജിപ്പുകളുള്ളയാളാണ് സഹോദരൻ. അത് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൌണ്ടുകൾ നോക്കിയാൽ മനസിലാകും. ജുബൈറിന്റെ കൂടെയുണ്ടായിരുന്ന റിയാസ് തൊടുകയിൽ എന്നയാളുമായുള്ള വാട്‌സ്ആപ്പ് ചാറ്റാണ് ലഹരി ഇടപാടിന് തെളിവായി പൊലീസ് പറയുന്നത്. എന്നാൽ റിയാസിനെ കഴിഞ്ഞദിവസം പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. അയാളെ ജാമ്യത്തിലിറക്കാൻ സിപിഎം നേതാക്കൾ സ്റ്റേഷനിലെത്തിയിരുന്നെന്നും എന്നാൽ താനോ കുടുംബമോ ജുബൈറിനായി ഇടപെട്ടിട്ടില്ലെന്നും ഫിറോസ് പറഞ്ഞു. ബിനീഷ് കോടിയേരി ചെയ്ത തെറ്റിന് അദ്ദേഹത്തിന്റെ പിതാവ് രാജിവെക്കണമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും സഹോദരന്റെ അറസ്റ്റ് തനിക്കെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും ഫിറോസ് കൂട്ടിച്ചേർത്തു.