ബുധനാഴ്ച രാവിലെ 11.45-ഓടെയാണ് തിരുനായത്തോട് ശിവനാരായണ ക്ഷേത്രത്തിൽ ആനയിടഞ്ഞത്. ക്ഷേത്രത്തിൽ അഞ്ച് ആനകൾ പങ്കെടുത്ത ശീവേലിയും പഞ്ചാരിമേളവും നടക്കുന്നതിനിടെ 'ചിറയ്ക്കൽ ശബരീനാഥ്' എന്ന ആന ഇടഞ്ഞോടുകയായിരുന്നു. ആനപ്പുറത്തുണ്ടായ മൂന്ന് പേരില്‍ ഒരാള്‍ താഴെ വീണു. ആന വിരണ്ടതോടെ മറ്റൊരു ആന കൂടി ഓടി. ഇതുകണ്ട് പരിഭ്രാന്തരായ ആളുകള്‍ ചിറിയോടുകയായിരുന്നു. ആനകളുടെ മുൻഭാഗത്ത് നിന്ന് മൊബൈൽ ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്ന സൂരജിനെ ഇടഞ്ഞോടിയ ആന കാലുകൊണ്ട് തട്ടിത്തെറിപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സൂരജിനെ ഉടൻ തന്നെ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
advertisement
ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന സൂരജിന് ബുധനാഴ്ച അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാൽ വ്യാഴാഴ്ച രാവിലെയോടെ ആരോഗ്യനില വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു. ആന വിരണ്ടതോടെ ഭയന്നോടുന്നതിനിടെ വീണും കൂട്ടിയിടിച്ചും മേളക്കാർ ഉൾപ്പെടെ 19 പേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ 14 പേർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. സംഭവത്തിൽ നെടുമ്പാശ്ശേരി പോലീസ് കേസെടുത്തിട്ടുണ്ട്.
