ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മ്മാണത്തിനെതിരെ അന്നും ഇന്നും ഇടതുപക്ഷ പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനമുന്നയിച്ചിരുന്നു. അത്തരത്തില്‍ അവര്‍ നിലയുറപ്പിക്കാനുള്ള കാരണങ്ങളെപ്പറ്റിയാണ് ഇനി പറയുന്നത്. അലിഗഡ് മുസ്ലീം സര്‍വകലാശാല പ്രൊഫസര്‍ ഇര്‍ഫാന്‍ ഹബീബിന്റെ നേതൃത്വത്തിലുള്ള ചരിത്രകാരന്‍മാര്‍ ക്ഷേത്രനിര്‍മ്മാണത്തെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. ക്ഷേത്ര നിര്‍മ്മാണത്തിനെതിരെ അവര്‍ നിരത്തിയ പ്രധാന വാദങ്ങള്‍ താഴെപ്പറയുന്നവയാണ്.
1. ശ്രീരാമന്‍ എന്നത് ഒരു പുരാണ കഥാപാത്രമാണ്.
2. രാമന്‍ ജനിച്ച സ്ഥലമല്ല ഇത്. വാല്മീകിയുടെ രാമായണത്തില്‍ പറയുന്ന അയോധ്യ ഇതല്ല.
3. ബുദ്ധ-ജൈന മതസ്ഥരുടെ പുണ്യസ്ഥലമാണ് അയോധ്യ. ഹിന്ദുക്കളുടെ പുണ്യനഗരിയല്ല.
advertisement
4. ബാബരി മസ്ജിദ് പണിതത് ഈ ഭൂമിയിലാണ്.
5. ബാബറിനോ അദ്ദേഹത്തിന്റെ സൈനിക മേധാവികള്‍ക്കോ പള്ളിയുടെ നിര്‍മ്മാണവുമായി യാതൊരു ബന്ധവുമില്ല.
6. പള്ളിയ്ക്ക് അടിയില്‍ കണ്ടെത്തിയത് മറ്റൊരു പള്ളിയുടെ അവശിഷ്ടമാണ്.
7. അമുസ്ലീം ആയ ചില അവശിഷ്ടങ്ങള്‍ പ്രദേശത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അവ ഹിന്ദു സംസ്‌കാരവുമായി ബന്ധപ്പെട്ടതല്ല.
8. ഹിന്ദു സംസ്‌കാരവുമായി ബന്ധപ്പെട്ട ഒരു കെട്ടിടം പള്ളിയ്ക്കടിയില്‍ നിന്ന് കണ്ടെത്തിയെങ്കിലും അതൊരു ക്ഷേത്രമായിരുന്നില്ല.
9. അയോധ്യ ഒരു തീര്‍ത്ഥാടന കേന്ദ്രമായിരുന്നുവെന്ന് തുളസിദാസ് തന്റെ രാമചരിതമാനസത്തില്‍ പറഞ്ഞിട്ടില്ല. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഇവിടെ തീര്‍ത്ഥാടകര്‍ എത്തിയിരുന്നുവെന്നതിന് തെളിവില്ല.
10. ഇതെല്ലാം ബ്രിട്ടീഷ് ഭരണാധികാരികളുടെ ഗൂഢാലോചനയായിരുന്നു.
അതേസമയം ഈ വാദങ്ങളൊന്നും തന്നെ നിലനില്‍ക്കുന്നതായിരുന്നില്ല. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ നടത്തിയ ഖനനത്തില്‍ നിന്നും ബാബരി മസ്ജിദ് പള്ളിയിരിക്കുന്ന സ്ഥലത്ത് വലിയൊരു ഹിന്ദു ക്ഷേത്രമുണ്ടായിരുന്നുവെന്നതിന് തെളിവും ലഭിച്ചിട്ടുണ്ട്.
അതേസമയം രാമനവമിയില്‍ തന്നെ തന്റെ പുസ്തകത്തിന്റെ ജോലി ആരംഭിക്കാനായി കവി തുളസിദാസ് വാരണാസിയില്‍ നിന്ന് അയോധ്യയിലേക്ക് പോയി എന്ന് അദ്ദേഹത്തിന്റെ കാവ്യശകലങ്ങളില്‍ തന്നെ പറയുന്നുണ്ട്. അയോധ്യ ബുദ്ധ-ജൈന മതസ്ഥരുടെ പുണ്യസ്ഥലമായിരുന്നുവെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. അതേസമയം ഹിന്ദുക്കള്‍ അവിടെ വലിയ രീതിയില്‍ രാമനവമി ആഘോഷങ്ങള്‍ നടത്തിയിരുന്നുവെന്ന് മുഗള്‍ ചരിത്രകാരന്‍മാരും വിദേശ സഞ്ചാരികളും ഇതിനോടകം തന്നെ പറഞ്ഞിട്ടുണ്ട്.
1980കളിലും 1990കളിലും നിരവധി ശില്‍പ്പങ്ങളും പുരാവസ്തുക്കളും ബാബരി മസ്ജിദിനടുത്ത് നിന്ന് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിരുന്നു. 1992, ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് കര്‍സേവകര്‍ പൊളിക്കുന്നതിനിടെ ഒരു ശിലാഫലകം താഴേക്ക് വീണിരുന്നു. ഇത് മറ്റൊരു തെളിവായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മസ്ജിദിന്റെ ഭിത്തിയില്‍ ഒട്ടിച്ചുച്ചേര്‍ത്തിരുന്ന ശിലാഫലകമായിരുന്നു ഇത്. അതില്‍ 20 വരി സംസ്‌കൃത ലിഖിതവും രേഖപ്പെടുത്തിയിരുന്നു. കനൗജിലെ ഗഹദാബല രാജവംശം അയോധ്യയില്‍ പണി കഴിപ്പിച്ച വിഷ്ണു ഹരിയുടെ ഒരു ക്ഷേത്രത്തെക്കുറിച്ചാണ് ഇതില്‍ പറഞ്ഞിരുന്നത്. ഇക്കാര്യവും പിന്നീട് വിവാദമായി. ലഭിച്ച ശിലാഫലകം വ്യാജമാണെന്ന് ഇടതുപക്ഷ ചരിത്രകാരന്‍മാര്‍ വാദിച്ചു. അല്ലെങ്കില്‍ അവ ബാബരി മസ്ജിദ് ഭാഗത്ത് നിന്ന് ആയിരിക്കില്ല ലഭിച്ചതെന്നും അവര്‍ പറഞ്ഞു.
അതേസമയം ഈ വാദമുന്നയിച്ച മൂന്നില്‍ രണ്ട് ചരിത്രകാരന്‍മാരും മറ്റൊരു കാര്യം സമ്മതിച്ചു. അതായത് ഈ പറയുന്ന ശിലാഫലകത്തിന്റെ ചിത്രം നേരിട്ട് കാണാതയോ അവയിലെഴുതിയ ലിഖിതത്തിന്റെ അര്‍ത്ഥം മനസ്സിലാക്കാതെയോയാണ് അവര്‍ തങ്ങളുടെ അഭിപ്രായം പ്രസിദ്ധീകരിച്ചിരുന്നതെന്ന കാര്യം ചരിത്രകാരന്‍മാര്‍ കോടതിയില്‍ സമ്മതിച്ചു.
എന്നാല്‍ ഈ ശിലാഫലകം ലക്‌നൗ മ്യൂസിയത്തില്‍ നിന്ന് രഹസ്യമായി നീക്കം ചെയ്ത് ബാബരി മസ്ജിദ് പ്രദേശത്തേക്ക് എത്തിച്ചതാണെന്ന് ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു. എന്നാല്‍ അങ്ങനൊരു സംഭവം നടന്നിട്ടില്ലെന്ന് ലക്‌നൗ മ്യൂസിയം അധികൃതര്‍ പറഞ്ഞു. കണ്ടെടുത്ത ശിലാഫലകവും ലക്‌നൗവിലെ ശിലാഫലകവും തമ്മില്‍ ഏറെ വ്യത്യാസമുണ്ടെന്നും മ്യൂസിയം അധികൃതര്‍ പറഞ്ഞു.
2023 സെപ്റ്റംബറില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ അലഹാബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ചിന് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിലും പ്രദേശത്ത് ഹിന്ദുക്കളുടെ ഒരു നിര്‍മ്മിതി ഉണ്ടായിരുന്നുവെന്ന കാര്യത്തെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്.
ഉത്തരേന്ത്യയിലെ ക്ഷേത്രങ്ങളോട് സമാനമായ നിര്‍മിതിയുടെ അവശിഷ്ടങ്ങള്‍ പ്രദേശത്ത് നിന്ന് കണ്ടെത്തിയെന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം ബാബരി മസ്ജിദ് അനുകൂലികളായ സംഘം വിദഗ്ധരെന്ന് പറഞ്ഞ് നിരവധി പേരെ കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ പിന്നീടുള്ള വിസ്താരത്തില്‍ നിന്ന് അവര്‍ വിദഗ്ധരല്ലെന്ന കാര്യം ബോധ്യപ്പെടുകയും ചെയ്തു.
രാമജന്മഭൂമി വിമര്‍ശകനും മുന്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല ചരിത്ര അധ്യാപകനുമായ വ്യക്തി ഇതേപ്പറ്റി പറഞ്ഞത് ഇങ്ങനെയാണ്;
'' ഞാന്‍ ബാബരി മസ്ജിദിനെപ്പറ്റി ഒന്നും വായിച്ചിട്ടില്ല. ഞാന്‍ ഇതേപ്പറ്റി കാര്യമായി പഠിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ബാബരി മസ്ജിദ് എന്നാണ് പണികഴിപ്പിച്ചതെന്ന കാര്യം വ്യക്തമായി എനിക്കറിയില്ല,'' എന്നാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം കേസിന്റെ അന്തിമ വിധിയ്ക്ക് മുമ്പ് ഒരു സാക്ഷി കോടതിയില്‍ സമര്‍പ്പിച്ച തെളിവ് ഏറെ നിര്‍ണായകമായിരുന്നു. ശ്രീരാമദര്‍ശനത്തിനായി ഗുരു നാനാക് ദേവ് അയോധ്യയിലെത്തിയിരുന്നുവെന്ന തെളിവ് രേഖയാണ് കോടതിയ്ക്ക് മുന്നിലെത്തിയത്. സിഇ- 1510-11ലാണ് അദ്ദേഹം അയോധ്യ സന്ദര്‍ശിച്ചതെന്നാണ് ഇതില്‍ പറയുന്നത്. അദ്ദേഹം അയോധ്യയിലെ ക്ഷേത്രത്തില്‍ ഇരുന്നുവെന്നും ധ്യാനം ചെയ്തുവെന്നും ഹാജരാക്കിയ രേഖയില്‍ പറയുന്നുണ്ട്. ഇതില്‍ നിന്നെല്ലാം 1528ല്‍ മസ്ജിദ് പണികഴിപ്പിക്കുന്നതിന് മുമ്പ് അയോധ്യയില്‍ ഒരു തീര്‍ത്ഥാടന കേന്ദ്രമുണ്ടായിരുന്നുവെന്ന കാര്യം ഊട്ടിയുറപ്പിക്കുകയായിരുന്നു.