അന്വേഷണം റദ്ദാക്കണമെന്ന് വീണ കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഹർജിയിൽ ജസ്റ്റിസ് എം നാഗപ്രസന്ന വാദം കേൾക്കുന്നതിനിടെയാണ് അഡീഷണൽ സോളിസിറ്റർ ജനറൽ അരവിന്ദ് കാമത്ത് കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കിയത്. വീണയുടെ കമ്പനിക്ക് സിഎംആർഎൽ നൽകിയ 1.76 കോടി രൂപയുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാത്തതിനാലാണ് കേന്ദ്രം SFIO അന്വേഷണം പ്രഖ്യാപിച്ചത്. എന്നാൽ എക്സാലോജിക് ഒരു സേവനവും നൽകാതെയാണ് ഈ തുക കൈപ്പറ്റിയത് എന്നാണ് SFIO അന്വേഷണത്തിലെ കണ്ടെത്തൽ.
രാഷ്ട്രീയക്കാര്‍ക്ക് സിഎംആര്‍എല്‍ 135 കോടി നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്. രജിസ്ട്രാർ ഓഫ് കമ്പനീസ് സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് മൾട്ടി ഡിസിപ്ലിനറി ഏജൻസിയായ എസ്എഫ്ഐഒയോട് ഇതേക്കുറിച്ച് കൂടുതൽ അന്വേഷിക്കാൻ ഉത്തരവിട്ടതെന്നും കാമത്ത് കോടതിയെ അറിയിച്ചു. രജിസ്ട്രാർ ഓഫ് കമ്പനീസ് ഉദ്യോഗസ്ഥർ എസ്എഫ്ഐഒയ്ക്ക് രേഖകൾ കൈമാറിയതിനാൽ കേസിൽ മറ്റ് സമാന്തര അന്വേഷണം നടക്കുന്നില്ലെന്നും ഈ ഘട്ടത്തിൽ കോടതിയുടെ ഇടപെടൽ ആവശ്യമില്ലെന്നും കാമത്ത് വാദിച്ചു. രജിസ്ട്രാർ ഓഫ് കമ്പനീസിലെ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഐടി വകുപ്പുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കാൻ അധികാരമില്ലെന്നും, എന്നാൽ എസ്എഫ്ഐഒയ്ക്ക് അതിന് സാധിക്കുമെന്നും അദ്ദേഹം കോടതിയിൽ അറിയിച്ചു.
advertisement
എന്നാൽ, കമ്പനി നിയമത്തിലെ സെക്ഷൻ 212 പ്രകാരം, എസ്എഫ്ഐഒയുടെ സമാന്തര അന്വേഷണത്തിന് ഉത്തരവിടാനാകില്ലെന്ന് ഹർജിക്കാരിയെ പ്രതിനിധീകരിച്ച് എത്തിയ മുതിർന്ന അഭിഭാഷകൻ അരവിന്ദ് ദാതാർ കോടതിയിൽ വാദിച്ചു. ഈ വിഷയത്തിൽ രജിസ്ട്രാർ ഓഫ് കമ്പനീസ് ഇതിനകം അന്വേഷണം നടത്തിയ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത് പൊതുതാത്പര്യവുമായി ബന്ധപ്പെട്ട വിഷയം അല്ലെന്നും അരവിന്ദ് ദാതാർ കോടതിയെ അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്ന നിയമം എന്നിവയുമായി ബന്ധപ്പെട്ട വൻകിട അഴിമതികൾ അന്വേഷിക്കുന്ന ഏജൻസിയാണ് എസ്എഫ്ഐഒ എന്നും ഈ വകുപ്പുകൾ ചുമത്തി ഹർജിക്കാരിയെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും ദാതാർ കോടതിയിൽ പറഞ്ഞു.
ഹർജിയിൽ, ഇരു കക്ഷികളുടെയും വാദം കേട്ടതിനു ശേഷം വിധി പറയുന്നത് കോടതി മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.