കെ എസ് ഐ ഡി സിക്കെതിരായ അന്വേഷണം ഒഴിവാക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. സി എം ആർ എൽ കമ്പനിയിൽ 13 ശതമാനം ഷെയറുളള പൊതുമേഖലാ സ്ഥാപനമായ കെ എസ് ഐ ഡിസിയുടെ ഇക്കാര്യത്തിലെ പങ്കാളിത്തം രേഖകൾ പരിശോധിച്ചാലേ വ്യക്തമാകൂ എന്ന് സീരിയസ് ഫ്രോഡ‍് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അറിയിച്ചു. കേന്ദ്ര സർക്കാർ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് കെ എസ് ഐ ഡി സി സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
കരിമണൽ കമ്പനിയായ സി എം ആർ എല്ലിൽ ഷെയർ ഹോൾഡർ മാത്രമാണ് തങ്ങളെന്നും എക്സാലോജിക് ഉൾപ്പെട്ട സാമ്പത്തിക ഇടപാടിനെപ്പറ്റി അറിഞ്ഞപ്പോൾ തന്നെ സിഎം ആർ എല്ലിനോട് വിശദീകരണം ചോദിച്ചിരുന്നെന്നും കെ എസ് ഐിഡിസി കോടതിയിൽ വ്യക്തമാക്കി. ഈ രേഖകൾ ഹാജരാക്കാൻ കെ എസ് ഐ ഡിസി രണ്ടാഴ്ചത്തെ സമയം ആവശ്യപ്പെട്ടതോടെ ഹർജി പരിഗണിക്കുന്നത് ഈ മാസം ഇരുപത്തിയാറിലേക്ക് മാറ്റി.
advertisement
അതേസമയം മുഖ്യമന്ത്രിയുടെ മകളും പൊതുമരാമത്ത് മന്ത്രിയുടെ ഭാര്യയുമായ വീണയുടെ എക്സാലോജിക്ക് കമ്പനിയും സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (SFIO) നടത്തുന്ന അന്വേഷണത്തിന് ഇടക്കാല സ്റ്റേ ആവശ്യപ്പെട്ടുള്ള ഹര്‍ജി കർണാടക ഹൈക്കോടതി വിധി പറയാൻ മാറ്റി. അതുവരെ അറസ്റ്റ് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ പാടില്ലെന്നും കോടതി നിർദേശിച്ചു. ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
എക്സാലോജിക് സൊലൂഷന്‍സ് കമ്പനി ഡയറക്ടര്‍ ടി വീണയാണ് അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ചത്. എസ്എഫ്ഐഒ ആവശ്യപ്പെടുന്ന എല്ലാ രേഖകളും എക്സാലോജിക് ഹാജരാക്കണമെന്ന് കോടതി നിർദേശം നൽകി. എസ്എഫ്ഐഒ നോട്ടിസിന് വീണാ വിജയൻ മറുപടി നൽകണമെന്നും നിർദേശമുണ്ട്.