സ്ത്രീയുടെ നഗ്നമായ മാറിടം കാണിക്കുന്നതോ അതിനെപ്പറ്റി വിവരിക്കുന്നതോ അശ്ലീലമോ ലൈംഗികതയോ ആയി കാണരുത്. ഇത്തരം സന്ദർഭങ്ങളിൽ സാഹചര്യം വിലയിരുത്തിവേണം ഇത് കുറ്റകരമാണോ എന്ന് വിലയിരുത്തേണ്ടത്. സ്ത്രീയുടെ നഗ്ന ശരീരത്തെ ചിലർ ലൈംഗികതക്കോ ആഗ്രഹപൂർത്തീകരണത്തിനോ ഉള്ള വസ്തുവായി കാണുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
പുരുഷന്റെ നഗ്ന മാറിടം ആരും അശ്ലീലമായി കാണുന്നില്ല. ഷർട്ട് ധരിക്കാതെ പുരുഷന്മാർക്ക് നടക്കാം. പുലികളി, തെയ്യം തുടങ്ങി കലാരൂപങ്ങളിൽ പുരുഷന്മാരുടെ ദേഹത്ത് ചായം പുരട്ടി അവതരിപ്പിക്കുന്നുണ്ട്. എന്നാൽ സ്ത്രീകളെ അങ്ങനെയല്ല പരിഗണിക്കുന്നത്.
advertisement
സമൂഹത്തിൻറെ ധാർമികതയോ, ചിലരുടെ വികാരമോ ഒരു വ്യക്തിക്കെതിരെ കുറ്റം ചുമത്തി വിചാരണ നടത്താനുള്ള കാരണമല്ല. സമൂഹം ധാർമികമായി തെറ്റെന്നു കരുതുന്നത് നിയമപരമായി കുറ്റകരമല്ലെന്നും കോടതി വ്യക്തമാക്കി. ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും വിഗ്രഹങ്ങളിലെ മാറിടങ്ങൾ ദർശിക്കുമ്പോൾ ലൈംഗികത അല്ല, ദൈവികതയാണ് പ്രതിഫലിക്കുന്നത്. നഗ്നതയെ ലൈംഗികതയുമായി ബന്ധിപ്പിക്കരുത്.
താഴ്ന്ന ജാതികാരായ സ്ത്രീകൾക്ക് മാറിടം മറയ്ക്കാൻ പ്രക്ഷോഭം നടത്തേണ്ടിവന്ന സംസ്ഥാനമാണ് കേരളമെന്നും കോടതി ഓർമിപ്പിച്ചു. സ്ത്രീ-പുരുഷ വിവേചനത്തിൽ സമൂഹത്തിന്റെ ഇരട്ടത്താപ് തുറന്നു കാട്ടുവാനാണ് രഹന ഫാത്തിമയുടെ വീഡിയോയിലൂടെ ശ്രമിച്ചത്. സ്വന്തം അമ്മയ്ക്കെതിരെ കുട്ടികളെ നിയമ നടപടികൾക്ക് ഉപയോഗിക്കുന്നത് അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.