ഗവർണറുടെ കാറിന് സംഭവിച്ച നഷ്ടം എത്രയാണെങ്കിലും കെട്ടിവയ്ക്കാമെന്നും ജാമ്യം നൽകണമെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. കാശ് കെട്ടിവച്ചാൽ എന്തും ചെയ്യാമെന്നാണോ കരുതുന്നതെന്നും നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നുമായിരുന്നു കോടതിയുടെ പ്രതികരണം. ഏതാണ്ട് ഒരേനിലപാടാണ് കോടതിയിൽ അസി. പബ്ലിക് പ്രോസിക്യൂട്ടറും പ്രതികളുടെ അഭിഭാഷകനും സ്വീകരിച്ചത്.
എസ്എഫ്ഐ പ്രവർത്തകർ ചെയ്തതു ഗുരുതരമായ കുറ്റകൃത്യമാണെന്നും ജാമ്യം നൽകരുതെന്നുമായിരുന്നു കഴിഞ്ഞദിവസം പ്രതികളെ പൊലീസ് കോടതിയിൽ ഹാജരാക്കിയപ്പോൾ എപിപി വാദിച്ചത്. രാഷ്ട്രപതിയെയും ഗവർണറെയും ആക്രമിക്കുന്നതിനെതിരെയുള്ള ഐപിസി 124 വകുപ്പ് ഗവർണറുടെ ആവശ്യപ്രകാരം പൊലീസ് പ്രതികൾക്കുമേൽ ചുമത്തിയിരുന്നു.
advertisement
എന്നാൽ സർവകലാശാലാ സെനറ്റിലേക്ക് തനിക്ക് താൽപര്യമുള്ളവരെ ഗവർണർ നാമനിർദേശം ചെയ്തതിനെതിരെയാണ് പ്രതിഷേധിച്ചതെന്നും നിയമനം നടന്നു ദിവസങ്ങൾക്കു ശേഷമാണ് ഇത്തരത്തിൽ പ്രതിഷേധമുണ്ടായതെന്നും എപിപി കോടതിയിൽ പറഞ്ഞു.
നിയമനം നേരത്തേ കഴിഞ്ഞതിനാൽ സ്വാഭാവിക പ്രതിഷേധമായി മാത്രമേ കാണാനാകൂവെന്നായിരുന്നു എപിപിയുടെ നിലപാട്. ഇതേ വാദം തന്നെയാണു പ്രതികളുടെ അഭിഭാഷകനും ഉന്നയിച്ചത്. എന്നാൽ ഗവർണറുടെ ഔദ്യോഗിക വാഹനം കേടുവരുത്തിയതു പിഡിപിപി നിയമപ്രകാരം കുറ്റമാണെന്നും പൊലീസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ കുറ്റവുമുണ്ടെന്നും എപിപി വാദിച്ചു.
ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. പാളയത്ത് ഗവർണറുടെ വാഹനം തടഞ്ഞ് കാറിന്റെ ചില്ല് തകർക്കാൻ ശ്രമിച്ച സംഭവത്തിൽ 7 എസ്എഫ്ഐ പ്രവർത്തകരാണ് അറസ്റ്റിലായത്. ഇവരിൽ 6 പേർ റിമാൻഡിലാണ്. ഒരാൾക്ക് എൽഎൽബി പരീക്ഷയുള്ളതിനാൽ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.