അഭിസാരിക, അവിഹിതം തുടങ്ങിയ പദങ്ങള്‍ ഇനിമുതല്‍ കോടതികളിലോ കോടതി രേഖകളിലോ ഉപയോഗിക്കരുതെന്ന് കൈപ്പുസ്തകം വ്യക്തമാക്കുന്നു. അഭിസാരിക എന്നതിന് പകരം ‘വിവാഹത്തിന് പുറത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട സ്ത്രീ’ എന്ന് ഉപയോഗിക്കണം. അവിഹിതത്തിന് പകരമായി ‘വിവാഹത്തിന് പുറത്തുള്ള ബന്ധം’ എന്നാണ് ഉപയോഗിക്കേണ്ടത്. ബന്ധം എന്ന് പറയുന്നതിന് പകരം ‘വിവാഹത്തിന് പുറത്തുള്ള ബന്ധം’ എന്ന് കൃത്യമായി പറയണം. കാമവികാരപരമായ ലൈംഗിക വേഴ്ച എന്നതിന് പകരം ‘ലൈംഗിക വേഴ്ച’ എന്ന് മാത്രം പറഞ്ഞാല്‍ മതി.
advertisement
വേശ്യ എന്ന പദത്തിന് പകരം ‘ലൈംഗിക തൊഴിലാളി’ എന്ന് ഉപയോഗിക്കണം. അവിവാഹിതയായ അമ്മയെന്ന് പറയുന്നതിന് പകരം ‘അമ്മ’ എന്ന് പറഞ്ഞാല്‍ മതി. ജാരസന്തതി എന്ന് ഉപയോഗിക്കുന്നതിന് പകരം ‘വിവാഹിതരല്ലാത്ത മാതാപിതാക്കള്‍ക്ക് ഉണ്ടായ കുട്ടി’ എന്നാണ് ഉപയോഗിക്കേണ്ടത്.
ബലപ്രയോഗത്തിലൂടെയുള്ള ബലാത്സംഗം എന്ന് പറയുന്നതിന് പകരം ‘ബലാത്സംഗം’ എന്ന് പറഞ്ഞാല്‍ മതി. ‘തെരുവില്‍ നടക്കുന്ന ലൈംഗിക അതിക്രമം’ എന്നാണ് പൂവാലശല്യത്തെ ഇനി മുതല്‍ പറയേണ്ടത്. ലൈംഗിക പീഡനത്തിന് ഇരയാകുന്നവരെ ‘ഇരകള്‍’ എന്നോ, ‘അതിജീവിതകള്‍’ എന്നോ വിശേഷിപ്പിക്കാം. പീഡനത്തിന് ഇരയായവരുടെ ആവശ്യപ്രകാരം ആയിരിക്കണം ഇതില്‍ ഏത് പ്രയോഗം എന്ന് തീരുമാനിക്കേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി. അവിവാഹിതയായ അമ്മ എന്നതിന് പകരം ‘അമ്മ’ എന്നാണ് ഇനിമുതല്‍ ഉപയോഗിക്കേണ്ടത്.
കര്‍ത്തവ്യബോധമുള്ള ഭാര്യ, വിശ്വസ്തയായ ഭാര്യ, നല്ല ഭാര്യ, അനുസരണയുള്ള ഭാര്യ എന്നിവയ്ക്ക് പകരം ഇനി മുതല്‍ ‘ഭാര്യ’ എന്ന് ഉപയോഗിച്ചാല്‍ മതി. വീട്ടമ്മ എന്നതിന് പകരം ‘ഗാര്‍ഹിക പരിപാലനം നടത്തുന്നവര്‍’ എന്നാണ് ഉപയോഗിക്കേണ്ടത്. ഇന്ത്യന്‍ വനിത, പാശ്ചാത്യ വനിത എന്നിവയ്ക്ക് പകരം ‘വനിത’ എന്ന് ഉപയോഗിച്ചാല്‍ മതിയെന്നും സുപ്രീം കോടതി പുറത്തിറക്കിയ കൈപുസ്തകത്തില്‍ വിശദീകരിച്ചിട്ടുണ്ട്.
Also Read- ബസ് കൺസഷൻ വർധന: 50 പൈസയുടെ കാലം കഴിഞ്ഞെന്ന് ഹൈക്കോടതി
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ആണ് കൈപ്പുസ്തകം പുറത്തിറക്കിയകാര്യം പ്രഖ്യാപിച്ചത്. ഭാവിയിൽ ജഡ്ജിമാർക്കും അഭിഭാഷകർക്കും വാർപ്പ് മാതൃകയിലുള്ള പദപ്രയോഗങ്ങൾ ഒഴിവാക്കുന്നതിന് സഹായിക്കുന്നതിനാണ് 30 പേജുകളുള്ള കൈപ്പുസ്തകം പുറത്തിറക്കിയത്.