കേസില്‍ വളരെ നിര്‍ണായകമായ വഴിത്തിരിവാണിതെന്നും ചരിത്രപരമായ വിധിയാണിതെന്നും ഹിന്ദു വിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയ്ന്‍ പറഞ്ഞു. കോടതി ഉത്തരവിന്റെ പകര്‍പ്പ് ജില്ലാ മജിസ്‌ട്രേറ്റിന് അയച്ചിട്ടുണ്ടെന്ന് അദ്ദേഹം ന്യൂസ് 18-നോട് പറഞ്ഞു. ഏഴ് ദിവസത്തിനുള്ളില്‍ പൂജ ആരംഭിക്കുമെന്ന് സൂചന നല്‍കിയ അദ്ദേഹം പൂജ എപ്രകാരം നടത്തണമെന്നത് സംബന്ധിച്ച് കാശി വിശ്വനാഥ ക്ഷേത്ര ട്രസ്റ്റ് തീരുമാനമെടുക്കുമെന്നും കൂട്ടിച്ചേര്‍ത്തു. നിയമപോരാട്ടത്തില്‍ വൈകാതെ വിജയം കൈവരിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച അദ്ദേഹം ഏതൊരാള്‍ക്കും ഇവിടെ സന്ദര്‍ശിക്കാനാകുമെന്നുംവ്യക്തമാക്കി.
advertisement
വ്യാസ് തെഖാനയിലെ പൂജ നിയമപരമായ ഉത്തരവുകളൊന്നുമില്ലാതെയാണ് നിര്‍ത്തിവെച്ചതെന്നും എന്നാല്‍ ഏഴുദിവസത്തിനകം പൂജ വീണ്ടും തുടങ്ങുമെന്നും വിഷ്ണു ശങ്കര്‍ പറഞ്ഞു.
Also Read - 'ഗ്യാൻവ്യാപി പള്ളി നിർമിക്കുന്നതിന് മുമ്പ് അവിടെ വലിയ ഹിന്ദുക്ഷേത്രമുണ്ടായിരുന്നു', എഎസ്ഐ റിപ്പോർട്ട്
''അവിടെ പൂജ നിര്‍ത്തിവെയ്ക്കാന്‍ അടിസ്ഥാനപരമായി യാതൊരു കാരണവുമില്ല. ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഇനി അവിടെ പൂജ നടത്തും. അതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്,'' ഹിന്ദു വിഭാഗത്തിന് വേണ്ടി ഹാജരായ മറ്റൊരു അഭിഭാഷകന്‍ മദന്‍ മോഹന്‍ പറഞ്ഞു. ഇത് ആദ്യ കടമ്പയാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം വിധിയെ ആരെങ്കിലും എതിര്‍ത്താല്‍ മറുപടി നല്‍കാന്‍ തയ്യാറാണെന്നും പറഞ്ഞു.
ജില്ലാ കോടതിയുടെ വിധിക്കെതിരേ അലഹബാദ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് അന്‍ജുമാന്‍ ഇന്‍തസാമിയ മസ്ജിദ് കമ്മിറ്റി അറിയിച്ചു. ഇതിനെതിരേ തങ്ങളുടെ വാദം ആദ്യം കേള്‍ക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുപക്ഷം അലഹബാദ് ഹൈക്കോടതിയില്‍ കേവിയറ്റ് ഹര്‍ജി ഫയല്‍ ചെയ്യും.
സോമനാഥ് വ്യാസിന്റെ നിലവറയുടെ കേസുമായി ബന്ധപ്പെട്ടതാണ് വിധി. 1993 വരെ വ്യാസിന്റെ കുടുംബം നിലവറയില്‍ പൂജ നടത്തിയിരുന്നു. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിനെത്തുടര്‍ന്ന് പൂജകള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം പള്ളിയുടെ പരിസരത്ത് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ സര്‍വേ നടത്തിയപ്പോള്‍ നിലവറ വൃത്തിയാക്കിയിരുന്നു.
ജനുവരി 17-ന് വ്യാസ് നിലവറ ജില്ലാ ഭരണകൂടം ഏറ്റെടുത്തു. വ്യാസ് നിലവറയില്‍ പൂജ നടത്തുന്നതിന് അനുമതി തേടിക്കൊണ്ടുള്ള ഹിന്ദു പക്ഷത്തിന്റെ ഹര്‍ജിയിലാണ് ഇപ്പോള്‍ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ശിവലിംഗത്തിന് സമാനമായ നിര്‍മിതി കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രീം കോടതി ഉത്തരവ് പ്രകാരം പള്ളിയിലെ 'വസുഖാന' മേഖല സീല്‍ ചെയ്തിരുന്നു. ഇത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു വിഭാഗം സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ശിവലിംഗത്തിന് കേടുവരാതെ വസുഖാനയില്‍ കൂടുതല്‍ വിശദമായ സര്‍വേ നടത്തണമെന്ന് ഹിന്ദുവിഭാഗം സുപ്രീം കോടതിക്ക് നല്‍കിയ അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.