സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമപരമായ അംഗീകാരം ലഭ്യമാക്കുന്നതിന് അനുകൂല സാഹചര്യമല്ല നിലനില്‍ക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. സ്വവര്‍ഗ്ഗ വിവാഹത്തിന് അംഗീകാരം നല്‍കണമെങ്കില്‍ നൂറുകണക്കിന് നിയമങ്ങളില്‍ ഭേദഗതി വരുത്തേണ്ടി വരും. നിലവിലുള്ള വ്യക്തിനിയമങ്ങള്‍, പൊതുവായ സിവില്‍ കോഡിന്റെ അഭാവം എന്നിവയും ഈ വിധി നടപ്പാക്കുന്നതിന് തടസ്സമായി നിലകൊള്ളുന്നു. ഇതെല്ലാമാണ് സുപ്രീം കോടതിയുടെ വിധിയ്ക്ക് കാരണമെന്ന് വിദഗ്ധര്‍ സൂചിപ്പിക്കുന്നു.
advertisement
കൂടാതെ സ്വവര്‍ഗ്ഗ അനുരാഗികളായ വ്യക്തികളുള്‍പ്പെട്ട സമൂഹത്തിന്റെ ആവശ്യങ്ങള്‍ പരിശോധിക്കാന്‍ ഒരു കമ്മിറ്റിയെ രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇഷ്ടമുള്ള പങ്കാളിയെ വിവാഹം കഴിക്കാനുള്ള പൗരന്റെ അവകാശത്തോട് ഭരണഘടന ബെഞ്ചിലെ അംഗങ്ങള്‍ യോജിച്ചെങ്കിലും സ്വവര്‍ഗ വിവാഹത്തിന് നിയമ പ്രാബല്യം നല്‍കുന്നത് സംബന്ധിച്ച വിഷയത്തില്‍ ബെഞ്ചിലെ ഭൂരിപക്ഷം അംഗങ്ങളും വിയോജിച്ചു.
അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ നാല് ജഡ്ജിമാര്‍ വെവ്വേറെ വിധി പുറപ്പെടുവിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എസ് രവീന്ദ്ര ഭട്ട്, പി എസ് നരസിംഹ എന്നിവരാണ് വെവ്വേറെ വിധികള്‍ പ്രസ്താവിച്ചത്. ബെഞ്ചിലുണ്ടായിരുന്ന മറ്റൊരംഗം ജസ്റ്റിസ് ഹിമ കോലിയാണ്. മേയ് 11നു വാദം പൂര്‍ത്തിയാക്കിയ ഹര്‍ജികളില്‍ അഞ്ച് മാസത്തിനുശേഷമാണ് കോടതി വിധി പറഞ്ഞത്. സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നതിനെ കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തിരുന്നു.