Same-Sex Marriage Verdict: സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകിയില്ല; അധികാരം പാർലമെന്റിനെന്ന് സുപ്രീംകോടതി

Last Updated:

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എസ് രവീന്ദ്ര ഭട്ട്, പി എസ് നരസിംഹ എന്നിവരാണ് വെവ്വേറെ വിധികള്‍ പ്രസ്താവിച്ചത്

News18
News18
ന്യൂഡൽഹി: സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകാതെ സുപ്രീംകോടതി.  സ്വവർഗ വിവാഹത്തിന് നിയമപരമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ ഭിന്നവിധി. സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കാനുള്ള അധികാരം നിയമനിർമാണ സഭകൾക്കാണ്. സ്വവര്‍ഗ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ സ്പെഷ്യല്‍ മാര്യേജ് ആക്ടില്‍ മാറ്റം കൊണ്ടുവരേണ്ടതും അവരാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.
അതേസമയം, സ്പെഷ്യല്‍ മാര്യേജ് ആക്ടിലെ നാലാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന ചീഫ് ജസ്റ്റിസിന്റെ നിലപാടിനോട് ബെഞ്ചിലെ ഭൂരിപക്ഷം അംഗങ്ങളും വിയോജിച്ചു. സ്വവര്‍ഗ പ്രേമികളായ വ്യക്തികളുടെ ആവശ്യങ്ങളും അവകാശങ്ങളും പരിശോധിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിക്കാൻ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചു.
ഇഷ്ടമുള്ള പങ്കാളിയെ വിവാഹം കഴിക്കാനുള്ള പൗരന്റെ അവകാശത്തോട് ഭരണഘടന ബെഞ്ചിലെ അംഗങ്ങള്‍ യോജിച്ചെങ്കിലും സ്വവർഗ വിവാഹത്തിന് നിയമ പ്രാബല്യം നല്‍കുന്നത് സംബന്ധിച്ച വിഷയത്തില്‍ ബെഞ്ചിലെ ഭൂരിപക്ഷം അംഗങ്ങളും വിയോജിച്ചു.
അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ നാല് ജഡ്ജിമാർ വെവ്വേറെ വിധി പുറപ്പെടുവിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എസ് രവീന്ദ്ര ഭട്ട്, പി എസ് നരസിംഹ എന്നിവരാണ് വെവ്വേറെ വിധികള്‍ പ്രസ്താവിച്ചത്. ബെഞ്ചിലുണ്ടായിരുന്ന മറ്റൊരംഗം ജസ്റ്റിസ് ഹിമ കോലിയാണ്.
advertisement
മേയ് 11നു വാദം പൂർത്തിയാക്കിയ ഹർജികളിൽ അഞ്ച് മാസത്തിനുശേഷമാണ് കോടതി ഇന്നു വിധി പറഞ്ഞത്. സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതിനെ കേന്ദ്രസർക്കാർ കോടതിയിൽ എതിർത്തിരുന്നു.
രാജ്യത്ത് സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹര്‍ജികളിൻമേൽ വിഷയത്തില്‍ ഏതു പരിധിവരെ പോകണമെന്നതില്‍ യോജിപ്പും വിയോജിപ്പുമുണ്ടെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നഗരങ്ങളിലെ വരേണ്യ വര്‍ഗ്ഗത്തില്‍പ്പെട്ട ഒരു വിഭാഗത്തിന്റെ കാഴ്ചപ്പാട് മാത്രമാണിതെന്ന് സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് കൊണ്ട് നേരത്തെ കേന്ദ്രസര്‍ക്കാര്‍ വാദിച്ചിരുന്നു. എന്നാൽ സ്വവർഗ ലൈംഗിക ആഭിമുഖ്യമുള്ളവര്‍ നഗരത്തിലും വരേണ്യ ഇടങ്ങളിലും മാത്രമേ ഉള്ളൂ എന്ന് ചിത്രീകരിക്കുന്നത് അവരെ മായ്ച്ചുകളയലാണെന്നും വിധി പ്രസ്താവത്തിനിടെ ചീഫ് ജസ്റ്റിസ് പറഞ്ഞു.
advertisement
1954ലെ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം സ്വവര്‍ഗ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് നിയമ വിധേയമാക്കണമെന്നായിരുന്നു ഹർജികളിലെ ആവശ്യം. 21 ഹര്‍ജികളിലാണ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്. ഈ വർഷം ഏപ്രില്‍ 18 മുതല്‍ മെയ് 11 വരെ പത്തു ദിവസങ്ങളിലായി 40 മണിക്കൂറോളമാണ് ഭരണഘടനാ ബെഞ്ച് ഈ ഹര്‍ജികളില്‍ വാദംകേട്ടത്.
1954-ലെ സ്പെഷ്യല്‍ മാര്യേജ് ആക്ടിലെ നാലാം വകുപ്പ് പ്രകാരം 21 വയസ് കഴിഞ്ഞ പുരുഷനും 18 വയസ് കഴിഞ്ഞ സ്ത്രീക്കും വിവാഹിതരാകാം. പുരുഷനും, സ്ത്രീയും തമ്മിലുള്ള വിവാഹം എന്നത് മാറ്റി ലിംഗ സമത്വം ഉറപ്പാക്കുന്നതിനായി രണ്ട് വ്യക്തികള്‍ തമ്മിലുള്ള വിവാഹമെന്ന ആവശ്യം പരിഗണിക്കുമെന്നാണ് ഹര്‍ജികളില്‍ വാദം കേട്ട വേളയില്‍ ഭരണഘടന ബെഞ്ച് നിരീക്ഷിച്ചത്. സ്വവര്‍ഗ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് സ്‌പെഷ്യല്‍ മാര്യേജ് ആക്ടിലെ ‘പുരുഷനും സ്ത്രീയും’ എന്നത് ‘വ്യക്തി’ എന്നും ‘ഭര്‍ത്താവും ഭാര്യയും’ എന്നത് ‘ദമ്പതിമാര്‍’ എന്നുമാക്കണമെന്നാണ് ഹര്‍ജിക്കാരുടെ വാദം.
advertisement
പ്രായപൂര്‍ത്തിയായവര്‍ക്ക് ഒരുമിച്ച് ജീവിക്കാനും വിവാഹം കഴിക്കാനും അനുമതിയുണ്ടെന്നിരിക്കെ സ്വവര്‍ഗമെന്നതിന്റെ പേരില്‍ മാത്രം വിവാഹത്തിന് നിയമസാധുത നിഷേധിക്കരുതെന്നാണ് ഹര്‍ജിക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്. സ്വകാര്യത മൗലികാവകാശമാക്കിയ 2017 ലെ ഒമ്പതംഗ സുപ്രീം കോടതി ഭരണഘടന ബെഞ്ച് വിധി അടിസ്ഥാനമാക്കിയായിരുന്നു ഹര്‍ജിക്കാരുടെ വാദം.
ഉഭയകക്ഷി സമ്മത പ്രകാരമുള്ള സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന് 2018 ല്‍ സുപ്രീം കോടതി വിധിച്ചിരുന്നു. വിവാഹം സംബന്ധിച്ച കാഴ്ചപ്പാടുകളിലെ മാറ്റം നിയമത്തിലും പ്രതിഫലിക്കണമെന്നാണ് ഹര്‍ജിക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്. വിവാഹം രണ്ട് വ്യക്തികള്‍ തമ്മിലാണ്. പുരുഷനും സ്ത്രീയും തമ്മില്‍ അല്ല. ഇതിനായി നിയമത്തിലും മാറ്റം ഉണ്ടാകണം എന്നാണ് ആവശ്യം.
advertisement
നേരത്തെ സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് അനുമതി നല്‍കുക എന്നത് പാര്‍ലമെന്റിന്റെ അധികാര പരിധിയില്‍ വരുന്ന വിഷയം ആണെങ്കിലും സ്വവര്‍ഗ ദമ്പതികള്‍ക്ക് സാമൂഹികവും നിയമപരവുമായ അവകാശങ്ങള്‍ വിവാഹത്തിന്റെ പേരില്‍ നിഷേധിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചിരുന്നു.
1954-ലെ സ്പെഷ്യല്‍ മാര്യേജ് ആക്ട്, 1955 ലെ ഹിന്ദു വിവാഹ നിയമം, 1969 ലെ വിദേശ വിവാഹ നിയമം എന്നിവയില്‍ സ്വവര്‍ഗ്ഗ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കണമെന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്. ഇതില്‍ വ്യക്തി നിയമങ്ങളുമായി ബന്ധപ്പെടുത്തി സ്വവര്‍ഗ വിവാഹത്തിന്റെ നിയമ സാധുത ഭരണഘടന ബെഞ്ച് പരിശോധിച്ചില്ല.
advertisement
സ്വവര്‍ഗ വിവാഹങ്ങള്‍ കോടതി നിയമവിധേയം ആക്കരുത് എന്നും ഇക്കാര്യത്തില്‍ തീരുമാനം പാര്‍ലമെന്റിന് വിടണമെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നത് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു. സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കണമെന്നത് രാജ്യത്തിന്റെ മുഴുവന്‍ ആവശ്യം അല്ല. നഗരങ്ങളിലെ വരേണ്യവര്‍ഗ്ഗത്തില്‍ പെട്ട ഒരു വിഭാഗത്തിന്റെ കാഴ്ചപ്പാട് മാത്രമാണെന്നും സോളിസിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു.
വിവാഹം എന്ന സങ്കല്പംതന്നെ എതിര്‍ലിംഗക്കാര്‍ തമ്മില്‍ ഒന്നിക്കലാണ്. സ്വവര്‍ഗവിവാഹം അനുവദിക്കാത്തത് ആരുടെയും മൗലികാവകാശങ്ങളെ ലംഘിക്കപ്പെടുന്നില്ല. സ്പെഷ്യല്‍ മാര്യേജ് ആക്ടില്‍ ഭര്‍ത്താവ്, ഭാര്യ എന്നീ കോളങ്ങള്‍ ദമ്പതികള്‍ എന്നാക്കി മാറ്റണമെന്ന ഹര്‍ജിക്കാരുടെ ആവശ്യത്തിനെതിരെ കേന്ദ്രം സുപ്രീം കോടതിയില്‍ വാദിച്ചു. അങ്ങനെയെങ്കില്‍ ഭിന്നലിംഗക്കാര്‍ ദത്തെടുക്കുന്ന കുഞ്ഞിന്റെ അച്ഛന്‍, അമ്മ ആരായിരിക്കുമെന്നും കേന്ദ്രം കോടതിയില്‍ ചോദിച്ചു.
advertisement
ലോകത്തില്‍ 34 രാജ്യങ്ങളിലാണ് ഇത് വരെ സ്വവര്‍ഗ വിവാഹം നിയമപരമാക്കിയിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Law/
Same-Sex Marriage Verdict: സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകിയില്ല; അധികാരം പാർലമെന്റിനെന്ന് സുപ്രീംകോടതി
Next Article
advertisement
കുട്ടികളുടെ മരണത്തിന് കാരണമായ കഫ് സിറപ്പ് സാംപിളുകളില്‍ വിഷാംശം കണ്ടെത്തിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
കുട്ടികളുടെ മരണത്തിന് കാരണമായ കഫ് സിറപ്പ് സാംപിളുകളില്‍ വിഷാംശം കണ്ടെത്തിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
  • കഫ് സിറപ്പ് സാംപിളുകളിൽ ഡൈഎഥിലീൻ ഗ്ലൈക്കോൾ, എഥിലീൻ ഗ്ലൈക്കോൾ കണ്ടെത്താനില്ലെന്ന് കേന്ദ്രം.

  • കഫ് സിറപ്പ് കഴിച്ച 11 കുട്ടികളുടെ മരണത്തിന് കാരണം കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം നടക്കുന്നു.

  • കഫ് സിറപ്പ് ഉപയോഗം സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി.

View All
advertisement