1. ചെറിയ ലക്ഷ്യങ്ങളിൽ നിന്ന് തുടങ്ങുക
തുടക്കത്തിൽ തന്നെ വലിയ മാറ്റങ്ങൾ വരുത്താൻ ശ്രമിക്കുന്നതിന് പകരം ചെറിയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഒരു ദിവസം ഒരു ചെറിയ പാഠം പഠിച്ചു തീർക്കുകയോ, ഒരു വിഷയം കൃത്യമായി റിവൈസ് ചെയ്യുക, പരീക്ഷകളിൽ വ്യക്തമായും വൃത്തിയായും ഉത്തരങ്ങൾ എഴുതാൻ പരിശീലിക്കുക പോലുള്ള ചെറിയ ശീലങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കുന്നത് ആത്മവിശ്വാസം വർദ്ധിപ്പിക്കും.
2. സ്ക്രീൻ സമയം നിയന്ത്രിക്കുക
പഠനസമയത്ത് മൊബൈൽ ഫോണും സോഷ്യൽ മീഡിയയും വലിയ തടസ്സമാണ്. പഠിക്കാൻ ഇരിക്കുമ്പോൾ ഫോൺ മാറ്റി വെക്കുന്നതും, ഫോൺ ഉപയോഗത്തിന് കൃത്യമായ സമയം നിശ്ചയിക്കുന്നതും ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കും.ഫോൺ പൂർണ്ണമായും ഒഴിവാക്കുക എന്നത് ഇന്നത്തെ കാലത്ത് പ്രായോഗികമല്ല. അതിനാൽ, ഫോൺ എപ്പോൾ ഉപയോഗിക്കരുത് എന്ന് തീരുമാനിക്കുന്നതാണ് ഏറ്റവും നല്ല പുതുവർഷ തീരുമാനം.
advertisement
3. കൃത്യമായ പ്ലാനിംഗ്
ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ഒരു ധാരണയുണ്ടാക്കുക. കർക്കശമായ ടൈംടേബിളിനേക്കാൾ ലളിതമായ ഒരു പ്ലാൻ തയ്യാറാക്കുന്നത് പഠനഭാരം കുറയ്ക്കാനും അവസാന നിമിഷത്തെ ടെൻഷൻ ഒഴിവാക്കാനും സഹായിക്കും. പഠനത്തിൽ വിജയിക്കുക എന്നതിനർത്ഥം എപ്പോഴും തിരക്കിലായിരിക്കുക എന്നല്ല, മറിച്ച് കാര്യങ്ങൾ എത്രത്തോളം അടുക്കും ചിട്ടയോടും കൂടി ചെയ്യുന്നു എന്നതാണ്. കൃത്യമായ പ്ലാനിംഗ് ഉള്ള വിദ്യാർത്ഥികൾ കൂടുതൽ ശാന്തരായിരിക്കുകയും പരീക്ഷകളെയും വെല്ലുവിളികളെയും നേരിടാൻ കൂടുതൽ സജ്ജരായിരിക്കുകയും ചെയ്യും.
4. മാനസികാരോഗ്യം സംരക്ഷിക്കുക
പരീക്ഷാ സമ്മർദ്ദവും മത്സരങ്ങളും വിദ്യാർത്ഥികളിൽ വലിയ മാനസിക സമ്മർദ്ദമുണ്ടാക്കാറുണ്ട്. മനസ്സിന് അമിതമായ ഭാരം തോന്നുമ്പോൾ അധ്യാപകരോടോ മാതാപിതാക്കളോടോ സംസാരിക്കുക. ആരോഗ്യകരമായ മനസ്സ് പഠനത്തിൽ കൂടുതൽ മികവ് പുലർത്താൻ സഹായിക്കും. തളർന്ന ഒരു മനസ്സിനേക്കാൾ വേഗത്തിൽ കാര്യങ്ങൾ ഗ്രഹിക്കാൻ ഉന്മേഷമുള്ള മനസ്സിന് സാധിക്കും. അതിനാൽ കൃത്യമായ ഉറക്കവും വിശ്രമവും പഠനത്തിന്റെ ഭാഗമാക്കുക.
5. പാഠപുസ്തകങ്ങൾക്ക് പുറത്തുള്ള വായന
പരീക്ഷയ്ക്ക് വേണ്ടി മാത്രം പഠിക്കുന്നത് ബോറടിപ്പിച്ചേക്കാം. പാഠപുസ്തകങ്ങൾക്ക് പുറത്തുള്ള പുസ്തകങ്ങൾ, മാസികകൾ, പത്രങ്ങൾ എന്നിവ വായിക്കുന്നത് അറിവ് വർദ്ധിപ്പിക്കാനും ചിന്താഗതി മെച്ചപ്പെടുത്താനും സഹായിക്കും.ഇത് മികച്ച രീതിയിൽ ഉത്തരങ്ങൾ എഴുതാനും ആത്മവിശ്വാസം വളർത്താനും സഹായിക്കും. സിലബസിന് പുറത്തുള്ള വിഷയങ്ങളിൽ താൽപ്പര്യം കാണിക്കുന്നത് പഠനത്തോടുള്ള മടുപ്പ് കുറയ്ക്കും. പുതിയ കാര്യങ്ങൾ അറിയാനുള്ള ആകാംക്ഷ നിലനിർത്തുന്നത് അറിവ് ആഴത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്നു.
6. തെറ്റുകളിൽ നിന്ന് പഠിക്കുക
തെറ്റുകൾ സംഭവിക്കുന്നത് സ്വാഭാവികമാണ്. കുറഞ്ഞ മാർക്ക് കിട്ടുമ്പോഴോ തോൽവി സംഭവിക്കുമ്പോഴോ നിരാശപ്പെടാതെ, എവിടെയാണ് തെറ്റുപറ്റിയതെന്ന് സ്വയം വിശകലനം ചെയ്യുക. ഓരോ തെറ്റും മെച്ചപ്പെടാനുള്ള ഒരു അവസരമായി കാണുക. പരാജയപ്പെടുമ്പോൾ സ്വയം പഴിചാരുന്നതിനേക്കാൾ നല്ലത്, ശാന്തമായി തെറ്റുകൾ വിശകലനം ചെയ്യുന്നതാണ്. ഇത് നിങ്ങളുടെ കുറവുകൾ മനസ്സിലാക്കി പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കും. എല്ലാം തികഞ്ഞ ഒരാളാകാൻ ശ്രമിക്കുന്നതിനേക്കാൾ ചെയ്യുന്ന കാര്യങ്ങൾ സ്ഥിരതയോടെ തുടരുന്നതാണ് പുരോഗതിയിലേക്ക് നയിക്കുന്നത്.
