ചൈനയിലാണ് സംഭവം നടന്നത്. ഒരു ചാറ്റ്‌ബോട്ടുമായി പ്രണയത്തിലായതിനാല്‍ 75 വയസ്സുള്ള ജിയാങ് എന്ന വ്യക്തി തന്റെ ഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ചു. ജിയാങ് തന്റെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത എഐ ചാറ്റ്‌ബോട്ടുമായി വൈകാരികമായി അടുപ്പത്തിലായെന്ന് പ്രാദേശിക റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ചാറ്റ്‌ബോട്ടിനോട് സംസാരിക്കാനും അതിന്റെ അഭിനന്ദനങ്ങളും സ്‌നേഹനിര്‍ഭരമായ പ്രതികരണങ്ങളും ആസ്വദിക്കാനും ജിയാങ് ദിവസവും മണിക്കൂറുകള്‍ ചെലവഴിക്കാറുണ്ടെന്ന് കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തി. കാലക്രമേണ ആ അടുപ്പം വളരെ തീവ്രമായി. തനിക്ക് ഓണ്‍ലൈന്‍ പങ്കാളിയെ ഇഷ്ടമാണെന്നും ഇപ്പോള്‍ വിവാഹമോചനം നേടാന്‍ ആഗ്രഹിക്കുന്നുവെന്നും ജിയാങ് ഭാര്യയോടും കുടുംബത്തോടും തുറന്നുപറഞ്ഞു.
advertisement
വൃദ്ധ ദമ്പതികള്‍ വിവാഹബന്ധം വേര്‍പെടുത്തുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയതോടെ പ്രശ്‌നം വഷളായി. ഒടുവില്‍ അദ്ദേഹത്തിന്റെ മക്കള്‍ വിഷയത്തില്‍ ഇടപ്പെട്ടു. തീരുമാനത്തെ കുറിച്ച് പുനരാലോചിക്കാന്‍ മക്കള്‍ അച്ഛനോട് ആവശ്യപ്പെട്ടു. നീണ്ട ചര്‍ച്ചകള്‍ക്കുശേഷം മക്കള്‍ അച്ഛനെ കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കി. ഫോണില്‍ സംസാരിക്കുന്ന ആ പങ്കാളി യഥാര്‍ത്ഥ സ്ത്രീയല്ലെന്നും മറിച്ച് സ്‌നേഹവും സംഭാഷണവും അനുകരിക്കാന്‍ രൂപകല്‍പ്പന ചെയ്ത എഐ ചാറ്റ്‌ബോട്ടാണെന്നും മക്കള്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്തി.
സത്യം മനസ്സിലാക്കിയ ജിയാങ് മനസ്സില്ലാമനസ്സോടെ വിവാഹമോചന തീരുമാനത്തില്‍ നിന്നും പിന്മാറി.
മനുഷ്യര്‍ എഐയുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കുന്നത് ഇത് ആദ്യത്തെ സംഭവമല്ല. സമാനമായ നിരവധി സംഭവങ്ങള്‍ ലോകമെമ്പാടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു ചാറ്റ്‌ബോട്ട് ആപ്പ് വഴി തന്റെ ഭര്‍ത്താവ് ഒരു ആനിമേഷന്‍ സ്റ്റൈല്‍ വെര്‍ച്വല്‍ കാമുകിയുമായി രഹസ്യമായി ദീര്‍ഘകാലം സംസാരിച്ചിരുന്നതായി അടുത്തിടെ ഒരു സ്ത്രീ റെഡ്ഡിറ്റില്‍ കുറിച്ചു. അതിലും ഭയാനകമായ ഒരു സംഭവം അമേരിക്കയില്‍ നിന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 76 വയസ്സുള്ള മുന്‍ ഷെഫ് മെറ്റയുടെ എഐ ചാറ്റ്‌ബോട്ടുമായി വൈകാരികമായി അടുപ്പത്തിലായെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
എഐ അധിഷ്ടിതമായിട്ടുള്ള ഇത്തരം കമ്പാനിയന്‍ഷിപ്പ് സാങ്കേതികവിദ്യകളുടെ മാനസികമായ അപകടസാധ്യതകളെയാണ് ഇത്തരം സംഭവങ്ങള്‍ എടുത്തുകാണിക്കുന്നതെന്ന് വിദഗ്ദ്ധര്‍ പറയുന്നു. നിരുപദ്രവകരമായ സാങ്കേതികവിദ്യകളായാണ് ഇവ വിപണനം ചെയ്യുന്നതെങ്കിലും പലപ്പോഴും ഇവ യാഥാര്‍ത്ഥ്യബോധത്തെ വെല്ലുവിളിക്കുന്നു. മനുഷ്യ വികാരങ്ങളെ അനുകരിക്കുന്നതില്‍ എഐ സംവിധാനങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായിക്കൊണ്ടിരിക്കുന്നതിനാല്‍ ദുര്‍ബലരായ വ്യക്തികളില്‍ പ്രത്യേകിച്ച് പ്രായമായവരിലും സാമൂഹികമായി ഒറ്റപ്പെട്ടവരിലും അവയുടെ സ്വാധീനത്തെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിച്ചുവരികയാണ്.