പല മാതാപിതാക്കളും മനസ്സിലാക്കാറില്ലെങ്കിലും അമിതവണ്ണം കുട്ടികളിലെ പ്രതിരോധശേഷി കുറയ്ക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിലേറെയായി കുട്ടികൾ വീടിനുള്ളിൽ അടച്ചിടപ്പെട്ടിരിക്കുകയാണ്. കായികക്ഷമത ആവശ്യമായ കാര്യങ്ങളൊന്നും തന്നെ ചെയ്യാത്തതിനാൽ ഉദാസീനമായ ജീവിതശൈലി അവരെ അമിതവണ്ണമുള്ളവരും നിഷ്‌ക്രിയരുമാക്കുന്നു. ജങ്ക് ഫുഡിന്റെ ഉപയോഗം ഈ പ്രശ്‌നത്തെ വർദ്ധിപ്പിക്കുന്നു. രോഗപ്രതിരോധ ശേഷി കുറയുന്നത് തീർച്ചയായും കുട്ടികൾക്ക് മാത്രമല്ല, നിലവിലെ സാഹചര്യത്തിൽ മുതിർന്നവർക്കും ഭീഷണിയാണ്.
കോവിഡിന്റെ മൂന്നാം തരംഗം 12 വയസ്സിന് താഴെയുള്ള കുട്ടികളെയാണ് ലക്ഷ്യം വയ്ക്കുന്നതെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. അതിനാൽ മാതാപിതാക്കൾ എത്രയും വേഗം പ്രതിരോധ കുത്തിവയ്പ് എടുക്കാനും കുട്ടികൾ ആരോഗ്യവാന്മാരാണെന്ന് ഉറപ്പാക്കാനുമാണ് ആരോഗ്യമേഖലയിലെ വിദഗ്ധർ നിർദ്ദേശിക്കുന്നത്. ശക്തമായ പ്രതിരോധശേഷി രോഗത്തിന്റെ അപകട സാധ്യത കുറയ്ക്കും.
advertisement
കോവിഡിന്റെ തുടക്കത്തിൽ, കുട്ടികൾ വീടിനകത്ത് തന്നെ താമസിച്ചിരുന്നുവെങ്കിലും ഓൺലൈൻ ക്ലാസുകളിൽ ഏർപ്പെട്ടിരുന്നു. പിന്നീട്, ഭയാനകമായ രോഗാന്തരീക്ഷം പ്രതീക്ഷിച്ചതിലും കൂടുതൽ കാലം തുടർന്നതോടെ അത് കുട്ടികളുടെ മാനസിക ആരോഗ്യത്തെ ബാധിച്ചു തുടങ്ങി. ഒറ്റയ്ക്കാകുക, സുഹൃത്തുക്കളെ കാണാൻ സാധിക്കാതിരിക്കുക, സ്കൂളിൽ പോകാൻ കഴിയാതിരിക്കുക തുടങ്ങിയ കാരണങ്ങളെല്ലാം കുട്ടികളെ മടിയന്മാരായി മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ചു.
കൂടാതെ കുട്ടികൾ കൂടുതലും സോഷ്യൽ മീഡിയയിലേക്കും ഗാഡ്‌ജെറ്റുകളിലേക്കും ആകർഷിക്കപ്പെട്ടു. മാത്രമല്ല മാതാപിതാക്കൾ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന തിരക്കിലായതിനാൽ കുട്ടികൾക്ക് വേണ്ടി ഇതര ക്രമീകരണങ്ങൾ നടത്താൻ പലർക്കും സാധിക്കാറുമില്ല.
കുട്ടികളിലെ രോഗപ്രതിരോധ ശേഷി കുറയുന്നതാണ് അമിതവണ്ണത്തിന് കാരണമെന്ന് ബെംഗളൂരുവിലെ എം.എസ്. റാമിയ ഹോസ്പിറ്റലിലെ മുതിർന്ന ശിശുരോഗവിദഗ്ദ്ധൻ ഡോ: സോമശേഖർ പറയുന്നു.
അമിതവണ്ണം കുട്ടികളിലെ ശ്വസന പ്രശ്നങ്ങളിലേക്കും നയിക്കുന്നു. പൊണ്ണത്തടിയുള്ള കുട്ടികളെ ശ്രദ്ധിച്ചാൽ കിതക്കാതെ കുറച്ച് ചുവടുകൾ പോലും അവർക്ക് നടക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കാം. സന്ധി വേദന പോലുള്ള കാര്യങ്ങളും അമിതവണ്ണവുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുട്ടികളിലെ അധിക കൊഴുപ്പ് ഒഴിവാക്കാൻ ജങ്ക് ഫുഡ് ഒഴിവാക്കുക. ആരോഗ്യകരമായ ഭക്ഷണം, പതിവ് ശാരീരിക പ്രവർത്തനങ്ങൾ എന്നിവയാണ് പ്രധാന ഘടകങ്ങൾ. കുട്ടികൾ എത്ര തിരക്കിലാണെങ്കിലും അവരുടെ ഭക്ഷണരീതി മാതാപിതാക്കൾ നിരീക്ഷിക്കണം. ആരോഗ്യകരമായ ജീവിതത്തിലേക്കുള്ള ഏക മാർഗ്ഗം ആരോഗ്യകരമായ ശീലങ്ങളാണ്. കുട്ടികൾ ഇത് ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ പഠിക്കുകയും പരിശീലിക്കുകയും ചെയ്യേണ്ടതുണ്ടെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ചെറുപ്രായത്തിൽ തന്നെയുള്ള പൊണ്ണത്തടി കുട്ടികളിൽ ഭാവിയിൽ വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം.
Keywords: Kids, Third Wave, Covid-19, Obesity, കുട്ടികൾ, മൂന്നാം തരംഗം, കോവിഡ് 19, പൊണ്ണത്തടി