കര്‍ണാടകയിലെ പുരുഷന്മാര്‍ക്ക് മാത്രം പ്രവേശനമുള്ള ക്ഷേത്രമാണ് റാവല്‍ക്കോട്ട ബാബ ക്ഷേത്രം. ബെലഗാവി നഗരത്തിന് സമീപം സംഗര്‍ഗലി ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സാധാരണ ക്ഷേത്രത്തില്‍ കാണുന്ന പോലെ ശില്‍പമോ വാസ്തുവിദ്യയോ ഒന്നും തന്നെ ഈ ക്ഷേത്രത്തിലില്ല. ഒരു തുറസ്സായ സ്ഥലം. ഇവിടെ ഒരു വിളക്കും സ്ഥാപിച്ചിട്ടുണ്ട്. ആറ് പതിറ്റാണ്ട് മുമ്പ് സംഗര്‍ഗലിയില്‍ രാത്രി കാവല്‍ നിന്നിരുന്നുവെന്ന് പറയപ്പെടുന്ന റാവല്‍ക്കട്ട ബാബയുടെ പേരിൽ പണി കഴിപ്പിച്ച ക്ഷേത്രമാണിത്.
വനത്തോട് ചേര്‍ന്ന് കിടക്കുന്ന ഗ്രാമമാണ് സംഗര്‍ഗലി. അതിനാല്‍ തന്നെ മൃഗങ്ങളുടെ ആക്രമണവും ഉണ്ടായിരുന്നു. ഇത് പതിവായപ്പോള്‍ അദ്ദേഹം ഗ്രാമത്തിലെ വീടുകള്‍ക്കും ആളുകള്‍ക്കും കാവല്‍ നിന്നിരുന്നതായി പറയപ്പെടുന്നു.
advertisement
റാവല്‍ക്കട്ട ബാബ ഉണ്ടായിരുന്ന കാലം കൃത്യമായി ആര്‍ക്കും അറിയില്ല. തങ്ങള്‍ക്ക് ഓര്‍മ്മ വെച്ചകാലം മുതല്‍ ഈ ക്ഷേത്രവും ആചാരങ്ങളും ഉണ്ടായിരുന്നുവെന്നും തങ്ങള്‍ അത് തുടര്‍ന്ന് പാലിക്കുകയാണെന്നും ഗ്രാമവാസികള്‍ പറയുന്നു. ബാബയെ ചുറ്റിപ്പറ്റി ഗ്രാമത്തില്‍ നിരവധി കഥകള്‍ നിലനില്‍ക്കുന്നുണ്ട്, എന്നാല്‍ ഗ്രാമത്തെയും ഗ്രാമവാസികളെയും സംരക്ഷിച്ച ബാബയില്‍ അടിയുറച്ച വിശ്വാസമാണ് ഗ്രാമവാസികള്‍ക്കുള്ളത്.
Also read: മെറ്റയിൽ മൂന്ന് കോടി രൂപ ശമ്പളമുള്ള ജോലി 28കാരൻ രാജി വെച്ചു; അമ്പരന്ന് പോയെങ്കിൽ കാര്യം അറിയാം
ഈ ക്ഷേത്രത്തിന് വളരെ അപൂര്‍വ്വമായ ചില ആചാരങ്ങളും നിയമങ്ങളുമുണ്ട്. ഇവിടെ സ്ത്രീകള്‍ക്ക് പ്രവേശനമില്ല. പുരുഷന്മാര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിച്ച് പ്രാര്‍ത്ഥിക്കാം, ക്ഷേത്രത്തിലെ പുരോഹിതന്റെ സാന്നിധ്യത്തില്‍ അവര്‍ ഉച്ചത്തില്‍ പ്രാര്‍ത്ഥിക്കണം. സ്ത്രീകള്‍ക്ക് ഇവിടുത്തെ പ്രസാദം വാങ്ങാവുന്നതാണ്, എന്നാല്‍ അത് വീട്ടില്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ല. ഈ ആചാരങ്ങളുടെ പിന്നിലെ കാരണമെന്താണെന്ന് ഗ്രാമത്തിലുള്ള ആര്‍ക്കും അറിയില്ല, ഇത് ഇവിടത്തെ ആചാരവും പാരമ്പര്യവുമായി മാറിയെന്ന് ഗ്രാമവാസികള്‍ പറയുന്നു.
ഒരു കൈയില്‍ വടിയും മറ്റൊരു കയ്യില്‍ മണ്ണെണ്ണ വിളക്കുമായി ബാബ ഗ്രാമത്തില്‍ ചുറ്റികറങ്ങിയിരുന്നുവെന്ന് ഗ്രാമവാസിയായ വസന്ത് പറയുന്നു. ബാബയുടെ വടിയില്‍ ചെറിയ മണികള്‍ കെട്ടിയിട്ടുണ്ടായിരുന്നു. എല്ലാ ദിവസവും ഉച്ചയ്ക്ക് ട്രെയിനില്‍ വന്ന് രാത്രിയില്‍ ഗ്രാമത്തിന് കാവലിരുന്ന് രാവിലെ മടങ്ങും. ഇതായിരുന്നു ബാബയുടെ പതിവെന്ന് വസന്ത് പറയുന്നു പൗര്‍ണ്ണമി, അമാവാസി ദിവസങ്ങളില്‍ വീടുകളുടെ വാതിലുകള്‍ തുറന്നിട്ടാണ് ഗ്രാമത്തിലെ പല വീടുകളും ഉറങ്ങുന്നത്. മതവും ജാതിയും നോക്കാതെ ആളുകള്‍ക്ക് ബാബയുടെ ശക്തിയില്‍ വിശ്വാസമുണ്ട്.
മഹാരാഷ്ട്രയില്‍ നിന്നും ഗോവയില്‍ നിന്നുമുള്ള നിരവധി ഭക്തര്‍ ഈ ക്ഷേത്രം സന്ദര്‍ശിക്കാറുണ്ട്. ഈ ക്ഷേത്രത്തിന്റെ ശക്തിയില്‍ വിശ്വസിക്കുന്ന നിരവധി രാഷ്ട്രീയക്കാരുമുണ്ട്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തെരഞ്ഞെടുപ്പിന് മുന്നോടിയായി മുന്‍ എംഎല്‍എ അരവിന്ദ് പാട്ടീല്‍, ഈ ക്ഷേത്രത്തില്‍ ഒരിക്കല്‍ 20 ആടുകളെ ബലിയര്‍പ്പിച്ചിരുന്നു. വനം വകുപ്പിന്റെ പരിധിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നതെങ്കിലും ഭക്തര്‍ക്ക് ഇവിടെ സ്വതന്ത്രമായി ദര്‍ശനം നടത്താന്‍ അനുവാദമുണ്ട്. ക്ഷേത്രം ആഴ്ചയില്‍ രണ്ടു ദിവസം തുറക്കും. ഞായര്‍, ബുധന്‍ ദിവസങ്ങളിലാണ് തുറക്കുക.