പശ്ചിമ ബംഗാളിലെ ബക്‌സ ടൈഗർ റിസർവിൽ വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിലാണ് ഒരു ആൺ കടുവയുടെ ചിത്രങ്ങൾ പതിഞ്ഞത്. ഈ ആൺ കടുവ ഏകദേശം മുന്നൂറു കിലോമീറ്റർ ഭൂട്ടാനിൽ നിന്ന് വന്നതെന്ന് കരുതുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ഈ കടുവ വനത്തിലൂടെ നൂറു കിലോമീറ്റർ എങ്കിലും സഞ്ചരിച്ചതായാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ബക്‌സ സങ്കേതത്തിന്റെ പടിഞ്ഞാറൻ ഭാഗത്തുനിന്നും കിഴക്കു ഭാഗത്തേക്ക് സഞ്ചരിച്ച ആൺ കടുവ ഇണയെ തേടുകയായിരുന്നുവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
advertisement
ബക്‌സ ടൈഗർ റിസർവിൽ നിന്നും 2023 ഡിസംബറിനുശേഷം കടുവ സാന്നിധ്യം സ്ഥിരീകരിക്കുന്ന ആദ്യ സംഭവമാണിത്. വെസ്റ്റ് രാജഭട്ഖാവ റേഞ്ചിൽ സ്ഥാപിച്ചിരുന്ന ട്രാപ്പ് ക്യാമറകളിലൊന്നാണ് കടുവ ഇടതൂർന്ന വനത്തിലൂടെ നീങ്ങുന്ന ചിത്രങ്ങൾ പകർത്തിയത്.
ഭൂട്ടാനിലെ ഫിബ്‌സൂ വന്യജീവി സങ്കേതവുമായും ആസാമിലെ മാനസ് ടൈഗർ റിസർവിന്റെ ഭാഗമായ റൈമോണ നാഷണൽ പാർക്കുമായും ബക്‌സ ടൈഗർ റിസർവ് അതിർത്തി പങ്കിടുന്നുണ്ട്. അതുകൊണ്ടാണ് ഈ ആൺ കടുവ ആസാമിൽ നിന്നോ ഭൂട്ടാനിൽ നിന്നോ ബുക്‌സയിലേക്ക് വന്നതാകാമെന്ന് വിദഗ്ദ്ധർ കരുതുന്നത്.
കടുവ ഇപ്പോഴും വനത്തിനുള്ളിൽ തന്നെയാണുള്ളതെന്നും അത് സഞ്ചരിച്ചതിന്റെ അടയാളങ്ങൾ വനംവകുപ്പ് സംഘം കണ്ടെത്തിയിട്ടുണ്ടെന്നും ബക്‌സ ടൈഗർ റിസർവ് ഫീൽഡ് ഡയറക്ടർ അപുർബ സെൻ ദി ടെലിഗ്രാഫിനോട് പറഞ്ഞു.
സാധാരണയായി ഒരു ആൺ കടുവ പുതിയ മേഖല തേടാൻ രണ്ട് കാരണങ്ങൾ ഉണ്ട്.
1.പൂർണ വളർച്ചയെത്താത്ത ആൺകടുവകളെ ചിലപ്പോൾ മറ്റൊരു കടുവ ഓടിക്കും.
2. ഇണയെ തേടി മറ്റൊരു പ്രദേശത്തേക്ക് പോകും.
വേഗത്തിൽ നീങ്ങുകയും ഒരു വനമേഖലയിൽ നിന്ന് മറ്റൊന്നിലേക്ക് കടക്കുകയും ചെയ്യുന്ന രീതി കാണുമ്പോൾ ഈ കടുവ ഇണയെ തിരയുന്നതായി തോന്നുന്നുവെന്ന് ഫീൽഡ് ഡയറക്ടർ പറഞ്ഞു.
761 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ബക്‌സ കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവകളെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ടെങ്കിലും അത് ഇതുവരെ നടപ്പിലാക്കിയിട്ടില്ല. പെൺ കടുവകളെ കൊണ്ടുവരിക എന്നതാണ് പദ്ധതിയുടെ ഒരു പ്രധാന ഭാഗം. അതുവഴി മറ്റു സംരക്ഷണ കേന്ദ്രങ്ങളിൽ നിന്നുള്ള ആൺ കടുവകളെ ഇങ്ങോട്ട് ആകർഷിച്ച് ഇവിടെ തുടരാൻ പ്രേരിപ്പിക്കുകയും ചെയ്യുമെന്ന് വിദഗ്ദ്ധർ പറയുന്നു.
ഇനി കടുവയുടെ ചിത്രം വനം വകുപ്പ് വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് അയക്കും. വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കടുവയുടെ പാറ്റേണുകൾ പരിശോധിക്കുകയും അതിനായി പ്രത്യേക തിരിച്ചറിയൽ നമ്പർ സൃഷ്ടിക്കുകയും ചെയ്യും. കടുവയെ തിരിച്ചറിയുന്നതിനും ദേശീയ ഡാറ്റ ബേസുമായി ഒത്തുനോക്കുന്നതിനും വേണ്ടിയാണിത്. ഈ കടുവയെ മുമ്പ് കണ്ടിരുന്നോ എന്ന് കണ്ടെത്താൻ ഇത് സഹായിക്കും.
2021-ൽ ലഭിച്ച ഒരു കടുവയുടെ ചിത്രം ഡാറ്റാബേസിൽ ഇല്ലായിരുന്നു. എന്നാൽ 2023-ൽ ഇവിടെ നിന്നും കണ്ടെത്തിയ കടുവയെ നേരത്തെ മാനസ് ടൈഗർ റിസർവിലും കണ്ടിരുന്നതായി ഒരു വനം വകുപ്പ് സൂചിപ്പിച്ചു.
