യുഎസില്‍ ഓരോ ദിവസവും മദ്യവുമായി ബന്ധപ്പെട്ട വാഹനാപകടങ്ങളില്‍ ഏകദേശം 30 പേരാണ് മരണപ്പെടുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ആറ് പേർ മദ്യത്തില്‍ നിന്ന് വിഷബാധയേറ്റും മരിക്കുന്നു. 2006 മുതല്‍ 2010 വരെയുള്ള കാലയളവില്‍ മദ്യപാനം മൂലം അമേരിക്കയില്‍ 88,000 പേരാണ് മരണപ്പെട്ടത്. 2007 മുതല്‍ 2017 വരെയുള്ള കാലയളവില്‍ യുഎസില്‍ മദ്യവുമായി ബന്ധപ്പെട്ട മരണങ്ങളുടെ എണ്ണം 35 ശതമാനത്തോളം വര്‍ധിച്ചു.
മദ്യം ഉപയോഗിക്കുന്ന ആളുകള്‍ പ്രതിദിനം ശരാശരി 33 ഗ്രാം അഥവാ 1.2 ഒണ്‍സ് മദ്യമാണ് കുടിക്കുന്നത്. ഇത് രണ്ട് ഗ്ലാസ് വീഞ്ഞിന് തുല്യമാണ്. മദ്യം ഏതൊരു നിയമവിരുദ്ധമായ മരുന്നിനേക്കാളും വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്ന ഒന്നാണ്.
advertisement
മദ്യം മാരകമാകുന്നത് എങ്ങനെ?
മദ്യത്തിന്റെ ദുരുപയോഗം മൂലമുള്ള മരണസംഖ്യ വളരെ കൂടുതലാണ്. അതിനാല്‍ മദ്യം ഒരാളില്‍ മരണത്തിന് കാരണമാകുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. മദ്യവുമായി ബന്ധപ്പെട്ട മരണത്തിന്റെ പ്രധാന കാരണങ്ങള്‍ മദ്യവിഷബാധ, കാന്‍സര്‍, വാഹനാപകടങ്ങള്‍, ഹൃദയസ്തംഭനം, കരളിന് കേടുപാട്, അതിക്രമം എന്നിവയെല്ലാമാണ്.
മദ്യവിഷബാധ
ഒരാള്‍ അമിതമായി മദ്യം കഴിക്കുമ്പോള്‍ അവരുടെ രക്തത്തിലെ മദ്യത്തിന്റെ അളവ് വിഷാംശമായി മാറുന്നതാണിത്. മദ്യത്തിലെ വിഷവസ്തുക്കളെ സുരക്ഷിതമായി ദഹിപ്പിക്കാന്‍ ശരീരത്തിന് പരിമിതമായ ശേഷിയെ ഉള്ളൂ. അതിനാല്‍ അമിതമായി മദ്യപിക്കുന്നത് ശരീരത്തെ കീഴടക്കും. അമിതമായി മദ്യപിക്കുകയോ കുറഞ്ഞ സമയത്തിനുള്ളില്‍ വലിയ അളവില്‍ മദ്യപിക്കുകയോ ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്. മദ്യവിഷബാധ ഗുരുതരമാകുന്ന സന്ദർഭങ്ങളിൽ ഒരാള്‍ കോമയിലേക്ക് പോകുകയോ ശ്വാസോച്ഛാസം നിലയ്ക്കുകയോ ഹൃദയാഘാതം അല്ലെങ്കില്‍ അപസ്മാരം ഉണ്ടാകുകയോ ചെയ്യാം.
കാന്‍സര്‍
മദ്യം കാന്‍സറിന് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കുന്ന ഒരു പദാര്‍ത്ഥമാണ്. അമിതമായി മദ്യപിക്കുന്നവര്‍ക്ക് വായ, തൊണ്ട, അന്നനാളം, കരള്‍, ആമാശയം എന്നിവയില്‍ കാന്‍സര്‍ വരാനുള്ള സാധ്യതയുണ്ട്. ലോകമെമ്പാടുമുള്ള കാന്‍സര്‍ മരണങ്ങളില്‍ ഏകദേശം 3.5 ശതമാനം മദ്യമാണ് കാരണം.
വാഹനാപകടങ്ങള്‍
മദ്യപിച്ച് വാഹനമോടിക്കുന്നത് അപകടകരമാണ്. ഓരോ വര്‍ഷവും ആയിരക്കണക്കിന് പേരാണ് മദ്യപിച്ച് വാഹനമോടിച്ച് അപകടത്തില്‍ പെടുന്നത്. മദ്യം കഴിക്കുമ്പോള്‍ ശാരീരികപ്രവര്‍ത്തനങ്ങളുടെ ഏകോപനം തടസ്സപ്പെടുകയും തീരുമാനങ്ങളെടുക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. അതിനാല്‍ മദ്യപിച്ച് വാഹനമോടിക്കുന്നത് അപകടകരമായ കാര്യമാണ്.
ഹൃദയസ്തംഭനം
അമിതമായി മദ്യപിക്കുന്നത് ഹൃദയത്തിന് നല്ലതല്ല. മദ്യപിക്കുന്നത് രക്തസമ്മര്‍ദം വര്‍ധിപ്പിക്കുകയും ഒടുവില്‍ ഹൃദയസ്തംഭനം അല്ലെങ്കില്‍ സ്‌ട്രോക്കിന് കാരണമാകുകയും ചെയ്യും. മദ്യത്തില്‍ ഉയര്‍ന്ന അളവിലാണ് കലോറി അടങ്ങിയിരിക്കുന്നത്. ഇത് ശരീരഭാരം വര്‍ധിപ്പിക്കുന്നു. അമിതവണ്ണം ഹൃദയത്തിന്റെ പ്രവര്‍ത്തനം താറുമാറാക്കുകയും ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.
കരളിന്റെ ആരോഗ്യത്തെ ബാധിക്കുന്നു
കരള്‍ ഉപാപചയപ്രവര്‍ത്തനത്തിലൂടെ മദ്യത്തെ അസറ്റാള്‍ഡിഹൈഡാക്കി മാറ്റുന്നു. ഇത് ഒരു വിഷ രാസവസ്തുവാണ്. മദ്യം കരളില്‍ മുറിവേല്‍പ്പിക്കുന്നു. വീക്കമുണ്ടാക്കുകയും ചെയ്യുന്നു. കൊഴുപ്പിനെ ഊര്‍ജമാക്കി മാറ്റാനുള്ള കരളിന്റെ കഴിവിനെ തടസ്സപ്പെടുത്തുന്നു. ഇത് കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ കാരണമാകുന്നു. ദീര്‍ഘകാലമുള്ള മദ്യപാനം ലിവര്‍ സിറോസിസിന് കാരണമാകും. കരള്‍ രക്തം അരിച്ചുമാറ്റുന്നത് നിറുത്തിയാല്‍ ശരീരത്തിലെ മറ്റ് അവയവങ്ങളും തകരാറിലാകും. ഇത് ജീവന് തന്നെ ഭീഷണിയായേക്കാം.
അതിക്രമ സാധ്യത
അമിതമായി മദ്യപിക്കുന്നത് അതിക്രമത്തിലേക്കും നയിച്ചേക്കാം. ആക്രമണം, ഗാര്‍ഹിക പീഡനം, അല്ലെങ്കില്‍ കൊലപാതകം പോലെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് നിലവില്‍ ജയിലില്‍ കഴിയുന്ന ഏകദേശം 40 ശതമാനം കുറ്റവാളികളിലും അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ അവരുടെ രക്തത്തില്‍ ഉയര്‍ന്ന അളവില്‍ മദ്യത്തിന്റെ അളവ് കണ്ടെത്തിയിട്ടുണ്ട്. അമിതമായി മദ്യപിക്കുന്നവരില്‍ ജീവനൊടുക്കാനുള്ള പ്രവണത കൂടുതലാണെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.
മദ്യപാനം പുരുഷന്മാരെ ഗുരുതരമായി ബാധിക്കുന്നു, സ്ത്രീകളും സുരക്ഷിതരല്ല
മദ്യപാനം പുരുഷന്മാരെയും സ്ത്രീകളെയും ഒരുപോലെ ബാധിക്കുന്നു. എന്നാല്‍ പുരുഷന്മാരില്‍ അമിതമായി മദ്യപിക്കാനും മദ്യപാനം വര്‍ധിക്കാനും മദ്യവുമായി ബന്ധപ്പെട്ട രോഗങ്ങളും അതിക്രമങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. എല്ലാ വര്‍ഷവും മദ്യം മൂലം മരിക്കുന്നവരില്‍ 75 ശതമാനത്തിലധികവും പുരുഷന്മാരാണ്. പുരുഷന്മാരില്‍ ലിവര്‍ സിറോസിസ് വരാനുള്ള സാധ്യത ഇരട്ടിയും കരളിനെ ബാധിക്കുന്ന കാന്‍സര്‍ വരാനുള്ള സാധ്യത നാലിരട്ടിയും കൂടുതലാണ്.
സ്ത്രീകളില്‍ മദ്യപാനവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറവാണ്. എന്നാല്‍, ലോകത്ത് മദ്യപാനവുമായി ബന്ധപ്പെട്ട് മരണമടയുന്ന സ്ത്രീകളുടെ എണ്ണവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അമേരിക്കയില്‍ സ്ത്രീകള്‍ക്കിടയില്‍ മദ്യവുമായി ബന്ധപ്പെട്ട മരണങ്ങള്‍ 75 ശതമാനത്തോളം വര്‍ധിച്ചു. ഗാര്‍ഹിക പീഡനം സ്ത്രീകള്‍ അനുഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതില്‍ പലപ്പോഴും മദ്യം ഉള്‍പ്പെടുന്നു.
മദ്യവുമായി ബന്ധപ്പെട്ട മരണം തടയാന്‍ കഴിയും
മദ്യപാനത്തില്‍ നിന്ന് മുക്തി നേടുന്നത് ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നൂല്‍പാലമായി നിലനില്‍ക്കുന്നു. അമിതമദ്യാസക്തി അവസാനിപ്പിക്കുന്നതിനുള്ള ചികിത്സ നേരത്തെ തന്നെ ചെയ്യുന്നതാണ് ഫലപ്രാപ്തി വര്‍ധിപ്പിക്കുക.
