എന്താണ് 'മങ്കി ബാരിംഗ്'?
ഒരു പങ്കാളിയോട് സ്‌നേഹബന്ധത്തിലായിരിക്കുമ്പോള്‍ തന്നെ മറ്റൊരാളെ കൂടി പിന്നില്‍ അണിനിരത്തുന്നതിനെയാണ് 'മങ്കി ബാരിംഗ്' എന്ന് പറയുന്നതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലളിതമായി പറഞ്ഞാല്‍ നിലവില്‍ ഒരു പ്രണയപങ്കാളി ഉണ്ടായിരിക്കെ മറ്റൊരാളുമായി രഹസ്യത്തില്‍ ഒരു ബന്ധം സ്ഥാപിക്കുകയും അത് സുരക്ഷിതമായി കഴിഞ്ഞാല്‍ നിലവിലെ ആളെ ഉപേക്ഷിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ ബന്ധത്തില്‍ തുടരുന്നതിനെയാണ് 'മങ്കി ബാരിംഗ്' എന്ന് പറയുന്നത്. ഒറ്റയ്ക്കായി പോകുമെന്ന ഭയമാണ് ഇതിന് കാരണമെന്ന് 'വൈസി'ലെ റിപ്പോര്‍ട്ടില്‍ പറയുന്നു.
advertisement
ഒറ്റയ്ക്കായി പോകുമെന്ന ആഴത്തിലുള്ള ഭയത്തില്‍ നിന്നാണ് മങ്കി ബാരിംഗ് സംഭവിക്കുന്നത്. അതായത് സ്‌നേഹവും കൂട്ടുകെട്ടും തടസ്സമില്ലാതെ ലഭിക്കണമെന്നുള്ള ആഗ്രഹമാണ് ഇതിന് പിന്നില്‍. എന്നാല്‍, ഇവിടെ ബലി കൊടുക്കേണ്ടി വരുന്നത് മറ്റൊരാളുടെ വികാരങ്ങളാണ്. പലപ്പോഴും സ്‌നേഹബന്ധം സജീവമായി മുന്നോട്ട് പോകുമ്പോഴായിരിക്കും ഇത് സംഭവിക്കുന്നത്.
അതേസമയം, മങ്കി ബാരിംഗ് എന്നത് സത്യസന്ധമല്ലാത്തതും വഞ്ചനയും നിറഞ്ഞ സ്‌നേഹബന്ധമാണെന്ന് വിദഗ്ധര്‍ പറയുന്നു. മങ്കി ബാരിംഗും പോളിയാമോറിയും അടിസ്ഥാനപരമായി വ്യത്യസ്തമാണെന്ന് റിലേഷന്‍ഷിപ്പ് വിദഗ്ധയായ ഏഞ്ചലിക്ക കോച്ച് വൈസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
"മങ്കി ബാരിംഗ് സ്‌നേഹബന്ധത്തിലായിരിക്കുമ്പോള്‍ തന്നെ മറ്റൊരാളെ ആശ്രയിക്കുന്നതും വഞ്ചനയുടെ ഒരു രൂപവുമാണെന്ന് പറയാം. അതേസമയം, പോളിയാമോറി ഒരേ സമയം തന്നെ നിരവധി ആളുകളെ പ്രണയിക്കുന്ന അവസ്ഥയാണ്. ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാവരും പരസ്പരം സമ്മതിക്കുന്നു. അതിനാല്‍ ഇതില്‍ വഞ്ചന ഉള്‍പ്പെടുന്നില്ല," അവര്‍ പറഞ്ഞു.
"മങ്കി ബാരിംഗില്‍ ഉള്‍പ്പെട്ടവര്‍ക്ക് പലപ്പോഴും വൈകാരികമായി വളര്‍ച്ചയുണ്ടാകില്ല. കാരണം, മുന്‍കാല ബന്ധങ്ങളിലെ മുറിവുകളില്‍ നിന്ന് സുഖപ്പെടുന്നതിന് കഠിനാധ്വാനം ഒഴിവാക്കാന്‍ അവര്‍ ഭയം നിറഞ്ഞ ജീവിതമാണ് പിന്തുടരുന്നത്," അവര്‍ വ്യക്തമാക്കി.
"പലരും ഇത്തരത്തിലുള്ള ബന്ധങ്ങള്‍ തുടരുന്നത് ആസ്വദിക്കുന്നു. കാരണം, തങ്ങള്‍ ഒറ്റയ്ക്കായിപ്പോകില്ല എന്ന സുരക്ഷ ഇത് അവര്‍ക്ക് നല്‍കുന്നു," അവര്‍ പറഞ്ഞു. "സ്‌നേഹബന്ധം വളരാനും ദീര്‍ഘകാലം നിലനില്‍ക്കാനും സാധ്യതയുള്ള ഒരു പങ്കാളിയില്‍ നിന്ന് മറ്റൊരാളിലേക്ക് ചാടിപ്പോകുന്നത് നിങ്ങള്‍ക്ക് വളരാനും സ്വയം അറിയാനുമുള്ള അവസരം നല്‍കില്ല," ഏഞ്ചലിക്ക പറഞ്ഞു. ഇത് പുതുതായി രൂപം കൊണ്ട ആശയമല്ല. പത്ത് വര്‍ഷം മുമ്പ് സാമൂഹികമാധ്യമമായ റെഡ്ഡിറ്റില്‍ മങ്കി ബാരിംഗ് എന്ന മോശം ശീലത്തെക്കുറിച്ച് പോസ്റ്റ് പങ്കുവെച്ചിരുന്നു.
മങ്കി ബാരിംഗില്‍ ഏര്‍പ്പെട്ട വ്യക്തികള്‍ അപൂര്‍വമായി മാത്രമാണ് സ്വയം പ്രതിഫലിപ്പിക്കുന്നത്. മാത്രമല്ല, പ്രണയബന്ധങ്ങള്‍ക്ക് അപ്പുറത്ത് സ്വാതന്ത്ര്യം അനുഭവിക്കാനോ വ്യക്തിത്വം വെളിപ്പെടുത്താനും സമയം കണ്ടെത്താറില്ല.