മരണത്തെ നേരില്‍ കണ്ട അല്ലെങ്കില്‍ മരണത്തോടടുത്ത അനുഭവങ്ങള്‍ അതുമല്ലെങ്കില്‍ ജീവിതാനന്തര ജീവിത ഏറ്റുമുട്ടലുകള്‍ എന്നൊക്കെ ഈ പ്രതിഭാസത്തെ വിളിക്കാം. നിരവധി ശാസ്ത്രീയ പഠനങ്ങള്‍ ഇതേക്കുറിച്ച് നടത്തിയിട്ടുണ്ടെങ്കിലും നിര്‍ണായകമായ തെളിവുകളൊന്നും സ്ഥാപിക്കപ്പെട്ടിട്ടില്ല. ഇത് മെഡിക്കല്‍ രംഗത്ത് ഇപ്പോഴും ഒരു മായക്കാഴ്ചയാണ്.
ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ രാജീവ് പാര്‍ട്ടിയും മരണാനന്തര ജീവിതത്തില്‍ വിശ്വസിച്ചിരുന്നില്ല. അദ്ദേഹം സ്വയം ആ അനുഭവത്തിലൂടെ കടന്നുപോകുന്നതുവരെ. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെ കുറിച്ചുള്ള വിചിത്രമായ അനുഭവമാണ് ഡോ. പാര്‍ട്ടി പങ്കുവെക്കുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ വിവരങ്ങള്‍ അദ്ദേഹം പങ്കിട്ടിട്ടുള്ളത്.
advertisement
മരണാനന്തര ജീവിതത്തെ കുറിച്ചുള്ള കഥകളെ സംശയത്തോടെ കണ്ടിരുന്ന മെഡിക്കല്‍ പ്രൊഫഷണലുകളില്‍ ഒരാളായിരുന്നു അനസ്‌തേഷ്യോളജിസ്റ്റായ ഡോ. രാജീവ് പാര്‍ട്ടിയും. എന്നാല്‍, മരണത്തോടടുത്ത അനുഭവം സ്വയം നേരിട്ടപ്പോള്‍ അദ്ദേഹത്തിന്റെ ജീവിതവും വിശ്വാസങ്ങളുമെല്ലാം തലകീഴായി മറിഞ്ഞു.
യുഎസിലെ കാലിഫോര്‍ണിയയിലുള്ള ബേക്കേഴ്‌സ്ഫീല്‍ഡ് ഹാര്‍ട്ട് ഹോസ്പിറ്റലില്‍ ചീഫ് അനസ്‌തേഷ്യോളജിസ്റ്റായി സേവനമനുഷ്ഠിക്കുകയായിരുന്നു അദ്ദേഹം. 2008-ല്‍ 51-ാം വയസ്സില്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന് ഒരു ശസ്ത്രക്രിയ നടത്തേണ്ടി വന്നു.
നടപടിക്രമത്തിനിടെ അദ്ദേഹത്തിന്റെ ഹൃദയം നിലച്ചു. ഈ സമയത്ത് മരണാനന്തര ജീവിതത്തിലേക്ക് യാത്ര ചെയ്തുവെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെ തന്നെ മാറ്റിമറിച്ചു. ശരീരം ശസ്ത്രക്രിയ മേശയില്‍ ആയിരുന്നപ്പോള്‍ താന്‍ മുകളില്‍ പൊങ്ങിക്കിടക്കുകയും അടിയന്തര ശസ്ത്രക്രിയ നടക്കുന്നത് നിരീക്ഷിക്കുകയും ചെയ്തുവെന്ന് ഡോക്ടര്‍ പാര്‍ട്ടി അവകാശപ്പെടുന്നു. ഇതിനിടയില്‍ ഡല്‍ഹിയില്‍ അമ്മയെയും സഹോദരിയെയും കണ്ടതായും അദ്ദേഹം പറയുന്നു.
അദ്ദേഹത്തെ സംബന്ധിച്ച് ഇതൊരു ആത്മീയ അനുഭവം മാത്രമല്ല. ഇതെല്ലാം സാധാരണമാണെന്ന തിരിച്ചറിവ് കൂടിയായിരുന്നു. നരകത്തിലെ നേര്‍ക്കാഴ്ചകളെ കുറിച്ചും ഡോക്ടര്‍ യൂട്യൂബ് ചാനലില്‍ പറയുന്നുണ്ട്. "വേദനയുടെയും പീഡനത്തിന്റെയും നിലവിളികള്‍ ഞാന്‍ കേട്ടു. വളരെ വേഗത്തില്‍ സഞ്ചരിക്കുന്ന പാതയിലാണെന്ന് എനിക്ക് തോന്നി. ഒരു കത്തുന്ന കുഴിയുടെ അരികില്‍ ഞാന്‍ എത്തി. എന്റെ മൂക്കില്‍ പുക നിറഞ്ഞു. കത്തുന്ന മാംസത്തിന്റെ ഗന്ധം എനിക്ക് അനുഭവപ്പെട്ടു. അപ്പോഴാണ് ഞാന്‍ നരകത്തിന്റെ കവാടങ്ങളിലാണുള്ളതെന്ന് തിരിച്ചറിഞ്ഞത്", ഡോക്ടര്‍ പറഞ്ഞു.
ഈ സമയത്ത് ഭൗതിക ജീവിതം നയിച്ചതിന് ഒരു ശബ്ദം അദ്ദേഹത്തെ ശാസിച്ചുവെന്നും ഡോ. പാര്‍ട്ടി അവകാശപ്പെടുന്നു. ഒരു ഹിന്ദു എന്ന നിലയില്‍ ദൈവത്തോട് അദ്ദേഹം ക്ഷമ ചോദിച്ചു. തുടര്‍ന്ന് രണ്ട് മലാഖമാര്‍ പ്രത്യക്ഷപ്പെട്ടെന്നും തുരങ്കം പോലുള്ള ഒരു വഴിയിലൂടെ വെളിച്ചം നിറഞ്ഞ മനോഹരമായ ലോകത്തേക്ക് കൊണ്ടുപോയെന്നും അദ്ദേഹം പറയുന്നു.
അവിടെ ഒരു പ്രകാശമായ രൂപം ഉയര്‍ന്നുവന്നുവെന്നും ഡോക്ടര്‍ പറയുന്നുണ്ട്. "ഞാന്‍ നിങ്ങളുടെ രക്ഷകനായ യേശുവാണ്" എന്ന് ആ രൂപം അദ്ദേഹത്തോട് പറഞ്ഞു.
വിശ്വസിക്കാന്‍ പ്രയാസം തോന്നുന്ന ഈ നിഗൂഢമായ അനുഭവം ഡോ. പാര്‍ട്ടിയുടെ ജീവിതം മാറ്റിമറിച്ചു. സുഖം പ്രാപിച്ച ശേഷം അദ്ദേഹം തന്റെ മെഡിക്കല്‍ സംഘവുമായി ഈ കഥ പങ്കുവെച്ചു. പക്ഷേ സമാനമായ അനുഭവങ്ങള്‍ പറഞ്ഞ രോഗികളോട് ഒരിക്കല്‍ അദ്ദേഹം പ്രതികരിച്ചതുപോലെ അവര്‍ അദ്ദേഹത്തോടും പ്രതികരിച്ചു. ഈ അനുഭവം അദ്ദേഹത്തെ വളരെയധികം സ്പര്‍ശിച്ചു. വലിയ വീടുകള്‍, വിലയേറിയ കാറുകള്‍, ഭൗതിക സമ്പത്ത്, ആഡംബരങ്ങള്‍ എന്നിവയ്ക്കായി വര്‍ഷങ്ങളോളം ഓടിയത് എന്തിനാണെന്ന് അദ്ദേഹം സ്വയം ചോദിക്കാന്‍ തുടങ്ങി.
കാലക്രമേണ ഡോ. പാര്‍ട്ടി ബേക്കേഴ്‌സ്ഫീല്‍ഡിലെ തന്റെ സ്ഥാനത്ത് നിന്ന് രാജിവച്ചു. തന്റെ മാളികയും വാഹനങ്ങളും വിറ്റു. ആത്മീയ കാര്യങ്ങള്‍ക്കായി തന്റെ ജീവിതം സമര്‍പ്പിച്ചു. പിന്നീട് അദ്ദേഹം 'ഡൈയിംഗ് ടു വേക്ക് അപ്പ്: എ ഡോക്‌ടേഴ്‌സ് വോയേജ് ഇന്‍ടു ദി അഫ്റ്റര്‍ലൈഫ് ആന്‍ഡ് ദി വിസ്ഡം ഹി ബ്രോട്ട് ബാക്ക്' എന്ന പേരില്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ യാത്രയും പരിവര്‍ത്തനവും ഇതില്‍ വിവരിക്കുന്നു.