1863ൽ ഇതുപൊലൊരും ഓഗസ്റ്റ് 28നാണ് ആ പ്രതിഷേധജ്വാല പിറവി എടുത്തത്. ഇരുകാലി മൃഗങ്ങളായിപ്പോലും സമുദായാംഗങ്ങളെ പരിഗണിക്കാതിരുന്ന കാലത്ത് 1863 ആഗസ്റ്റ് 28നായിരുന്നു തിരുവനന്തപുരത്ത് വെങ്ങാനൂർ പെരുങ്കാറ്റുവിള പ്ലാവറത്തറ വീട്ടിൽ അയ്യന്റെയും മാലയുടെയും മകനായി കാളിയുടെ ജനനം. അച്ഛന്റെ പേര് ചേർത്ത് അയ്യങ്കാളി എന്നാണ് എല്ലാവരും വിളിച്ചത്. മഹാത്മാ അയ്യങ്കളിയുടെ ജനനം സാമൂഹ്യ ചരിത്രത്തിലെ ഒരു പുതിയ അധ്യായത്തിന്റെ തുടക്കമായിരുന്നു.
പിന്നലെ കാലം കണ്ടത് തിരുവിതാംകൂറിലെ അടിച്ചമർത്തപ്പെട്ട ജനതയുടെ പുരോഗതിക്കായുള്ള പടയൊരുക്കം. കേരളത്തിൻ്റെ സാമൂഹിക-രാഷ്ട്രീയ ഘടനയെ മാറ്റിമറിച്ച നിശ്ചയദാർഢ്യവും. ഒത്തുതീർപ്പുകൾക്ക് വിലയ്‌ക്കെടുക്കാനാകാത്ത ശൈലിയും ഭീഷണികൾക്ക് വഴങ്ങാത്ത നിശ്ചയദാർഢ്യവും ജീവിതാന്ത്യം വരെ അദ്ദേഹം പിന്തുടർന്നു.
advertisement
1893ൽ പെരുങ്കാറ്റുവിള കുന്നിന്‍ചെരുവിലെ വീട്ടില്‍നിന്ന് വെങ്ങാനൂരിലെ രാജവീഥികളിലേക്കിറങ്ങി ഒരു മുപ്പതുകാരന്റെ വില്ലുവണ്ടി ഉരുണ്ടത് സവർണ ബോധത്തിന്റെ മുകളിലൂടെയായിരുന്നു. അടിയൻ എന്ന് പറഞ്ഞു കുനിഞ്ഞ് വണങ്ങി നിൽക്കാൻ മാത്രം ശീലിച്ചവന്റെ നടുനിവർത്തി അവന് ഒരു തലപ്പാവ് വച്ചുകൊടുത്ത് ആ സാമൂഹ്യ പരിഷ്ക്കർത്താവ്.
1898-99 കാലഘട്ടങ്ങളിൽ ബാലരാമപുരം, കഴക്കൂട്ടം, കണിയാപുരം തുടങ്ങി മേഖലകളിലെല്ലാം പോരിന് വന്നു മാടമ്പികൾ. തിരുവിതാംകൂറിൽ കർഷകത്തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം നയിച്ചത് അയ്യങ്കാളിയായിരുന്നു. അടിച്ചമർത്തപ്പെടുന്ന ജനതയുടെ അതിജീവനത്തിന് വിദ്യാഭ്യാസം അനിവാര്യമാണെന്ന് അക്ഷരം നിഷേധിക്കപ്പെട്ട അയ്യങ്കാളിക്ക് ബോധ്യമുണ്ടായിരുന്നു. ഇതിന്റെ വെളിച്ചത്തിലാണ് 1904ൽ വെങ്ങാനൂരിൽ അദ്ദേഹം കുടിപ്പള്ളിക്കൂടം സ്ഥാപിച്ചത്. ദളിതൻ അക്ഷരം പഠിച്ചാൽ തങ്ങൾക്ക് സംഭവിക്കാൻ പോകുന്ന നഷ്ടങ്ങളെക്കുറിച്ച് ബോധ്യമുണ്ടായിരുന്ന ഒരു വിഭാഗം സവർണർ ആ കുടിപ്പള്ളിക്കൂടം അഗ്നിക്കിരയാക്കി. പക്ഷേ, അയ്യങ്കാളിയുടെയും സഹപ്രവർത്തകരുടെയും ഇച്ഛാശക്തിയിൽ പള്ളിക്കൂടം പുനഃസ്ഥാപിച്ചു. വിദ്യാഭ്യാസം നേടാനുള്ള ഒരു ജനതയുടെ സമാനതകളില്ലാത്ത പോരാട്ടങ്ങളുടെ തുടക്കമായിരുന്നു അത്.
1907-ൽ സാധുജന പരിപാലന സംഘത്തിന് അദ്ദേഹം രൂപം നൽകി. താഴ്‌ത്തപ്പെട്ട സമുദായങ്ങളിൽ പിറന്നവർ കോടിയുടുക്കാൻ പാടില്ലെന്നായിരുന്നു അക്കാലത്തെ സാമൂഹിക ക്രമം. പുതിയ തുണി ചെളിയിൽ മുക്കി ഉടുക്കാം, അരയ്ക്കു മുകളിലും മുട്ടിനു താഴെയും വസ്ത്രം പാടില്ല, മീശ വയ്ക്കാനും ചെരിപ്പിടാനും പാടില്ല. ഇങ്ങനെ നീളുന്ന കല്പനകളെ അയ്യങ്കാളി ഓരോ ഘട്ടത്തിലും ചോദ്യം ചെയ്തു.
തന്റെ ജാതിയിലുള്ള സ്ത്രീകളോട് മുലക്കച്ചയണിഞ്ഞു നടക്കാൻ ആഹ്വാനം ചെയ്തു അയ്യങ്കാളി. അടിമത്തത്തിന്റെ അടയാളമായ കല്ലയും മാലയും കാതിൽ ഇരുമ്പുവളയങ്ങളും അവർ വലിച്ചെറിഞ്ഞു. ജാതിശാസനകളെ വെല്ലുവിളിച്ച മഹാത്മാ അയ്യങ്കളി ഇന്നും പ്രതിഷേധമായി, പുരോഗമന ആശയമായി ജനമനസുകളിൽ പടരുന്നു. സവർണ തിട്ടൂരങ്ങളെ ചോദ്യംചെയ്യുന്ന ആ ഉഗ്രശബ്ദം നിലയ്ക്കില്ല.