ജപ്പാന്‍ അഡ്വാന്‍സ്ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി(ജെഎഐഎസ്ടി)യിലെ പ്രൊഫസറായ എയ്ജിറോ മിയാക്കോയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് പഠനം നടത്തിത്. ഗട്ട് മൈക്രോബ്‌സ് എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ ഒരു ബാക്ടീരിയ കാന്‍സറിനെതിരേ ശ്രദ്ധേയമായ രീതിയില്‍ പ്രവര്‍ത്തിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പ്രകൃതിയിലെ അത്ര അറിയപ്പെടാത്ത സൂക്ഷ്മാണുക്കള്‍ ഭാവിയിലെ കാന്‍സര്‍ ചികിത്സയെ എങ്ങനെ രൂപപ്പെടുത്തുമെന്നതിനെക്കുറിച്ചുള്ള പുതിയ ചര്‍ച്ചയ്ക്ക് ഈ കണ്ടെത്തല്‍ തുടക്കമിടുന്നു.
പഠനത്തില്‍ പറയുന്നതെന്ത്? ബാക്ടീരിയയെ കണ്ടെത്തിയത് എവിടെ നിന്ന്?
advertisement
ജാപ്പനീസ് മരത്തവള, ഫയര്‍ ബെല്ലി ന്യൂറ്റ്‌സ്, ഗ്രാസ് ലിസാര്‍ഡ് എന്നിവയുടെ കുടലില്‍ നിന്ന് ശേഖരിച്ച ബാക്ടീരിയകളെയാണ് ഗവേഷകര്‍ പഠനവിധേയമാക്കിയത്. 45ലധികം ബാക്ടീരിയ ഇനങ്ങളെ വേര്‍തിരിച്ച് പഠനം നടത്തി. ലാബോറട്ടറിയില്‍ നടത്തിയ പരീക്ഷണത്തില്‍ ഇവയില്‍ ഒന്‍പത് എണ്ണത്തിന് കാന്‍സര്‍ ട്യൂമറുകള്‍ക്ക് എതിരായി പ്രവര്‍ത്തിക്കാന്‍ കഴിവുണ്ടെന്ന് കണ്ടെത്തി. അതില്‍ ഒരെണ്ണം വളരെ വ്യക്തമായി കാന്‍സര്‍ കോശങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. ജാപ്പനീസ് മരത്തവളയുടെ വയറിനുള്ളില്‍ നിന്ന് ശേഖരിച്ച 'എവിംഗെല്ല അമേരിക്കാന' എന്ന ബാക്ടീരിയമായിരുന്നു അത്. ഇത് പൂര്‍ണമായും പ്രകൃതിയില്‍ നിന്ന് കണ്ടെത്തിയ ബാക്ടീരിയം ആയിരുന്നു. ശരീരത്തിനുള്ളിലെ കാന്‍സറിനെ സുരക്ഷിതമായും ഫലപ്രദമായും ലക്ഷ്യം വയ്ക്കാന്‍ ഇതിന് കഴിയുമോ എന്നും ഗവേഷകര്‍ പരീക്ഷിച്ചു.
ഗവേഷകരെ അത്ഭുതപ്പെടുത്തിയ കണ്ടെത്തല്‍
എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ 'എവിംഗെല്ല അമേരിക്കാന'യുടെ ഒരൊറ്റ ഡോസ് ട്യൂമര്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതിലേക്ക് നയിച്ചതായി കണ്ടെത്തി. ചികിത്സിച്ച എല്ലാ എലികളിലെയും ട്യൂമറുകളോട് ബാക്ടീരിയ പ്രതികരിച്ചു. ഡോക്‌സോറുബിസിന്‍, ആന്റി-പിഡി-എല്‍ 1 ഇമ്യൂണോതെറാപ്പി തുടങ്ങിയ സാധാരണയായി ഉപയോഗിക്കുന്ന ചികിത്സകളില്‍ ഗവേഷകര്‍ കണ്ടതിനേക്കാള്‍ മികച്ച ഫലമാണ് ഇത് നല്‍കിയത്.
ഒന്നിലധികം തവണ കീമോതെറാപ്പിയും ഇമ്യൂണോതെറാപ്പിയും ചെയ്താലും സുഖപ്പെടാത്ത രോഗം ഈ പരീക്ഷണത്തില്‍ ഒറ്റ ഡോസു കൊണ്ട് തന്നെ ഭേദമാകുന്നതായി കണ്ടെത്തി.
പ്രകൃതിദത്തമായി കാണപ്പെടുന്ന ചില ബാക്ടീരിയകള്‍ക്ക് കട്ടിയേറിയ ട്യൂമറുകള്‍ക്കെതിരേ പ്രവർത്തിക്കാൻ ഇതുവരെയും ഉപയോഗിക്കാത്ത ശക്തി ഉണ്ടായിരിക്കാമെന്ന് ഈ ഫലങ്ങള്‍ സൂചിപ്പിക്കുന്നു, കുറഞ്ഞത് പ്രാരംഭ ഘട്ട പരീക്ഷണത്തിലെങ്കിലും.
ബാക്ടീരിയ കാന്‍സറിനെതിരേ രണ്ടു തരതത്തില്‍ പ്രവര്‍ത്തിക്കുന്നു
എവിംഗെല്ല അമേരിക്കാന ഒരു ഇരട്ട സംവിധാനത്തിലൂടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. ഒന്ന് അവ നേരിട്ട് കാന്‍സര്‍ കോശങ്ങളെ കൊല്ലുന്നു. ട്യൂമറുകളുടെ ഉള്ളില്‍ പലപ്പോഴും ഓക്‌സിജന്റെ അളവ് കുറവായിരിക്കും. കൂടാതെ ഈ ബാക്ടീരിയ അത്തരം പരിതസ്ഥിതിയില്‍ വളരുന്നു. 24 മണിക്കൂറിനുള്ളില്‍ ട്യൂമറിനുള്ളിലെ ബാക്ടീരിയകളുടെ എണ്ണം ഏകദേശം 3000 മടങ്ങ് വര്‍ധിച്ചതായും ഗവേഷക സംഘം കണ്ടെത്തി. ഇത് കാന്‍സര്‍ കോശങ്ങളുടെ നാശത്തിലേക്ക് നയിക്കുന്നു.
ബാക്ടീരിയ രോഗപ്രതിരോധ സംവിധാനത്തെ ഉണര്‍ത്തുന്നതാണ് രണ്ടാമത്തെ രീതി. അതിന്റെ സാന്നിധ്യത്തിന്റെ ഫലമായി ടി കോശങ്ങള്‍(T-cells), ബി കോശങ്ങള്‍(B cells), ന്യൂട്രോഫിലുകള്‍ എന്നിവ ട്യൂമറുള്ള സ്ഥലത്തേക്ക് ആകര്‍ഷിക്കപ്പെടുന്നു. ഈ രോഗപ്രതിരോധ കോശങ്ങള്‍
TNF-ആല്‍ഫാ, and IFN-ഗാമ പോലെയുള്ള സിഗ്നലുകള്‍ പുറപ്പെടുവിക്കുന്നു. ഇത് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നു. നേരിട്ടുള്ള നശീകരണവും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും കൂടിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ കൂടുതല്‍ ശക്തവും പൂര്‍ണവുമായ ആക്രമണമാണ് കാന്‍സര്‍ കോശങ്ങള്‍ക്കെതിരേ സൃഷ്ടിക്കപ്പെടുന്നത്.
കാന്‍സര്‍ ബാധിതമല്ലാത്ത അവയവങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുമോ?
ബാക്ടീരിയകള്‍ കേന്ദ്രീകരിച്ചുള്ള കാന്‍സര്‍ ചികിത്സയിലെ ഏറ്റവും വലിയ ആശങ്കകളിലൊന്ന് സുരക്ഷയാണ്. അതിനാല്‍ ഈ പഠനം ആ അപകടസാധ്യതയിലും ശ്രദ്ധ ചെലുത്തി. എവിംഗെല്ല അമേരിക്കാന ഏകദേശം 24 മണിക്കൂറില്‍ രക്തത്തില്‍ നിന്ന് ശുദ്ധീകരിക്കപ്പെടുകയും കരള്‍, ശ്വാസകോശം, വൃക്കകള്‍ അല്ലെങ്കില്‍ ഹൃദയം പോലെയുള്ള പ്രധാനപ്പെട്ട അവയവങ്ങളില്‍ സ്ഥിരതാമസമാക്കുന്നില്ലെന്നും ഗവേഷകര്‍ കണ്ടെത്തി. ഓക്‌സിജന്റെ കുറഞ്ഞ അളവ്, കേടുപാടുകള്‍ സംഭവിച്ച രക്തക്കുഴലുകള്‍, ദഹനവ്യവസ്ഥയിലെ മാറ്റങ്ങള്‍ മൂലമുണ്ടായ ട്യൂമറുകള്‍ക്ക് ഈ ബാക്ടീരിയം വ്യക്തമായ മുന്‍ഗണന നല്‍കുന്നതായി കണ്ടെത്തി. ജനിതകമാറ്റം വരുത്തിയ ബാക്ടീരിയകളുപയോഗിച്ചുള്ള ചികിത്സയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് കൂടുതല്‍ സുരക്ഷിതമാണെന്നും കണ്ടെത്തി.
ഭാവിയിലെ ചികിത്സയ്ക്ക് ഉപയോഗപ്പെടുത്താമോ?
കാന്‍സര്‍ ചികിത്സയില്‍ പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ കഴിയുന്ന ചികിത്സാ രീതിയാണ് ഇതെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നില്ല. ഇതുവരെയും പര്യവേഷണം ചെയ്യപ്പെടാത്ത സൂക്ഷ്മജീവികളെ മെഡിക്കല്‍ ചികിത്സാ രംഗത്ത് ഉപയോഗപ്പെടുത്താമെന്നതിന്റെ തെളിവാണ് ഈ പഠനം മുന്നോട്ട് വയ്ക്കുന്നത്. പ്രകൃതിദത്തമായി തന്നെ കാണപ്പെടുന്ന ബാക്ടീരിയകളെ ജനിതകവ്യതിയാനം വരുത്താതെ തന്നെ പുതിയ കാന്‍സര്‍ ചികിത്സയ്ക്കായി വികസിപ്പിക്കാന്‍ കഴിയുമെന്ന് പഠനം സൂചിപ്പിക്കുന്നു.
സ്തനാര്‍ബുദം, പാന്‍ക്രിയാറ്റിക് കാന്‍സര്‍ എന്നിവയുള്‍പ്പെടെ മറ്റ് അര്‍ബുദങ്ങളുടെ ചികിത്സയ്ക്കായി ഇത് ഭാവിയില്‍ പരീക്ഷിക്കപ്പെടുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
