കാബൂളില്‍ നിന്നുള്ള കാം എയര്‍ലൈന്‍സ് വിമാനം RQ-4401 ഞായറാഴ്ച രാവിലെ 11.10നാണ് ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്തത്. ഒന്നരമണിക്കൂര്‍ യാത്ര ചെയ്താണ് വിമാനം ഇന്ത്യയില്‍ എത്തിച്ചേര്‍ന്നത്.
ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ കുട്ടി വിമാനത്തിനടുത്തുള്ള ടാക്‌സിവേയിലൂടെ നടക്കുന്നത് വിമാനകമ്പനിയുടെ ചീഫ് സെക്യൂരിറ്റി ഓഫീസറാണ് കണ്ടെത്തിയത്. അഫ്ഗാനിസ്ഥാനിലെ കുണ്ടൂസ് സ്വദേശിയാണ് കുട്ടി. തുടര്‍ന്ന് ഉടന്‍ തന്നെ വിമാനത്താവളത്തിലെ സുരക്ഷാ ഓപ്പറേഷന്‍സ് കണ്‍ട്രോള്‍ സെന്ററിനെ അറിയിച്ചതായി വിമാനത്താവള ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കുട്ടിയെ ഉടന്‍ തന്നെ കസ്റ്റഡിയിലെടുത്ത് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് ഉള്‍പ്പെടെയുള്ള സുരക്ഷാ ഏജന്‍സികള്‍ക്ക് കൈമാറി. തുടര്‍ന്ന് അവര്‍ കുട്ടിയെ മണിക്കൂറുകളോളം ചോദ്യം ചെയ്തു.
advertisement
'ലേശം കൗതുകം കൂടിപ്പോയി'
കാബൂള്‍ വിമാനത്താവളത്തില്‍ കയറി ശേഷം വിമാനത്തിന്റെ പിന്‍ഭാഗത്തെ സെന്‍ട്രല്‍ ലാന്‍ഡിംഗ് ഗിയറില്‍ കയറുകയായിരുന്നുവെന്ന് ചോദ്യം ചെയ്ത ഉദ്യോഗസ്ഥരോട് കുട്ടി സമ്മതിച്ചു. ചോദ്യം ചെയ്തതിന് ശേഷം ഞായറാഴ്ച തന്നെ വൈകുന്നേരം നാല് മണിയോടെ കുട്ടിയെ മറ്റൊരു വിമാനത്തില്‍ കാബൂളിലേക്ക് തിരിച്ചയച്ചു. ആരും കാണാതെ വിമാനത്താവളത്തിനുള്ളില്‍ കയറാനും ലാന്‍ഡിംഗ് ഗിയറിനുള്ളില്‍ ഇരിക്കാനും കഴിഞ്ഞുവെന്ന് കുട്ടി പറഞ്ഞതായി ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കൗതുകത്തിന്റെ പുറത്താണ് താന്‍ ഇത്തരത്തില്‍ യാത്ര ചെയ്തതെന്ന് കുട്ടി പറഞ്ഞതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പിന്നീട് വിമാനത്തില്‍ നടത്തിയ വിശദമായ പരിശോധനയില്‍ കുട്ടിയുടേതെന്ന് കരുതുന്ന ചുവന്ന നിറത്തിലുള്ള സ്പീക്കര്‍ കണ്ടെത്തിയതായി സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സുരക്ഷാ പരിശോധനയ്ക്ക് ശേഷം വിമാനം പറക്കാന്‍ അനുവദിച്ചതായും ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
ഇത്തരത്തില്‍ വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറിനുള്ളില്‍ ഒളിച്ച് യാത്ര ചെയ്യുന്നത് 'വീല്‍-വെല്‍ സ്‌റ്റൈവേകള്‍' എന്നാണ് അറിയപ്പെടുന്നത്. യാത്രക്കാര്‍ വിമാനങ്ങളുടെ വീല്‍ ബേയിലോ അണ്ടര്‍കാരിയേജിലോ ഒളിച്ചിരിക്കുകയാണ് ചെയ്യുന്നത്. അത്യധികം അപകടം നിറഞ്ഞ യാത്രയാണിത്. ചിലപ്പോൾ മരണം വരെയും സംഭവിച്ചേക്കാം. വിമാനം ഭൂമിയില്‍ നിന്ന് വളരെ ഉയരത്തില്‍ പറക്കുന്നതിനാല്‍ കടുത്ത തണുപ്പ് അനുഭവപ്പെടുകയും ശ്വസിക്കാന്‍ ഓക്‌സിജന്‍ ലഭിക്കാതെയും വരും.
ഇത്തരത്തില്‍ വിമാനത്തില്‍ ഒളിച്ചു യാത്ര ചെയ്യുന്നത് ആദ്യത്തെ സംഭവമല്ല. 2024 ജനുവരിയില്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ നിന്ന് ഫ്‌ളോറിഡയിലേക്ക് പോയ ജെറ്റ്ബ്ലൂ വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറില്‍ രണ്ട് പുരുഷന്മാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. 2023 ഡിസംബറില്‍ ഇറാനില്‍ നിന്ന് പാരീസിലേക്ക് പോയ വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറില്‍ ഒളിച്ചിരുന്ന അള്‍ജീരിയന്‍ യുവാവിനെ കണ്ടെത്തിയിരുന്നു. ഹൈപ്പോഥെര്‍മിയ ബാധിച്ച ഈ യുവാവിന്റെ ആരോഗ്യനില ഗുരുതരമായിരുന്നു.