യുഎസിലെ ജേഴ്‌സിയില്‍ നിന്നുള്ള സോഫി റീഡ് എന്ന യുവതിയുടെ ഞെട്ടിക്കുന്ന അനുഭവമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഒരു ചെറിയ തലകറക്കം സോഫിയുടെ ജീവിതം മാറ്റിമറിച്ചത് എങ്ങനെയാണെന്ന് നോക്കാം. 37 വയസ്സുകാരിയായ സോഫി റീഡ് ഒരു ഹെയര്‍സ്റ്റൈലിസ്റ്റാണ്. പൂര്‍ണ്ണ ആരോഗ്യവതിയായി കാണപ്പെട്ടിരുന്നെങ്കിലും സോഫി ജോലി സ്ഥലത്ത് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.
സഹപ്രവര്‍ത്തകര്‍ അവരെ ഉടനെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും അഞ്ച് മിനുറ്റ് നേരം അവര്‍ അബോധാവസ്ഥയിലായിരുന്നു. പ്രഥമ പരിശോധനയില്‍ യുവതിക്ക് പക്ഷാഘാതമാണെന്നാണ് ഡോക്ടര്‍മാര്‍ സംശയിച്ചത്. എന്നാൽ, പിന്നീടാണ് സോഫിയുടെ യഥാർത്ഥ രോഗം കണ്ടെത്തിയത്.
advertisement
തളര്‍ന്നുപോയപ്പോള്‍ ആരെയും വിളിക്കാനും സംസാരിക്കാനും ശ്വസിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ലെന്ന് സോഫി പിന്നീട് ഓര്‍ത്തെടുത്തു. ആ അനുഭവം അവര്‍ക്ക് ഭയാനകമായി തോന്നി. ചെറിയ തളര്‍ച്ച തനിക്ക് പക്ഷാഘാതം ഉണ്ടാക്കുകയോ തന്നെ മരണത്തിലേക്ക് തള്ളിവിടുകയോ ചെയ്യുമെന്ന് അവര്‍ ഭയപ്പെട്ടു. എന്നിരുന്നാലും ആദ്യഘട്ടത്തിലെ വൈദ്യ പരിശോധനകളില്‍ സോഫിയുടെ അസുഖത്തെ കുറിച്ച് വ്യക്തതയുണ്ടായില്ല. മാത്രമല്ല, ഇങ്ങനെ ക്ഷീണം വരാനുള്ള കാരണവും അവര്‍ക്ക് കണ്ടെത്താനായില്ല.
ഡോക്ടര്‍മാരുടെ പ്രാരംഭ വിലയിരുത്തലുകളില്‍ വിശ്വാസക്കുറവ് തോന്നിയ സോഫി അവരുടെ അടുത്തുള്ള പ്രാദേശിക ഡോക്ടറെ സമീപിച്ചു. എന്തുകൊണ്ടാണ് സ്‌കാന്‍ നടത്താതിരുന്നതെന്നും ആശങ്ക പ്രകടിപ്പിച്ചു. തുടര്‍ന്ന് സ്‌കാന്‍ നടത്തിയെങ്കിലും അതിന്റെ റിസള്‍ട്ട് ഞെട്ടിക്കുന്നതായിരുന്നു. അവരുടെ തലച്ചോറിലുണ്ടായിരുന്ന ഒരു ക്ഷതം അര്‍ബുദമായി വികസിക്കുന്നതായി കണ്ടെത്തി.
ഇത് സോഫിയെ സംബന്ധിച്ച് വലിയ ഷോക്കായിരുന്നു. കുറച്ച് ദിവസങ്ങളായി തനിക്ക് ക്ഷീണം തോന്നിയെങ്കിലും ഇത്തരമൊരു വലിയ അസുഖക്കാരിയാണ് താനെന്ന് സോഫി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. നാല് കുട്ടികളുടെ അമ്മയായ സോഫി തന്റെ അസുഖ വിവരം കുടുംബത്തെ എങ്ങനെ അറിയിക്കുമെന്ന് ആലോചിച്ച് വിഷമിച്ചു.
ബയോപ്‌സി റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ ജീവിതം കഴിയുന്നത്രയും സാധാരണമായി മുന്നോട്ടുകൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍, ഈ ഫലം വരുന്നതിന് മുമ്പ് തന്നെ സോഫിയുടെ തലയിലെ അര്‍ബുദം വളരെ വേഗത്തില്‍ വികസിക്കുന്നതായി എംആര്‍ഐ സ്‌കാനില്‍ കണ്ടെത്തി.
തന്റെ രോഗത്തോട് പോരാടാന്‍ തീരുമാനിച്ച സോഫി വൈകാതെ തന്നെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. 25 ലക്ഷം രൂപ ചെലവഴിച്ച് ട്യൂമറിന്റെ 90 ശതമാനം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. എന്നാല്‍, രോഗം അവളെ പൂര്‍ണ്ണമായി വിട്ടുപോയില്ല. ഇനി ഏതാണ്ട് 10 വര്‍ഷത്തെ ആയുസ്സ് മാത്രമാണ് സോഫിക്ക് ജീവിതത്തില്‍ ബാക്കിയുള്ളതെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി.