ഇപ്പോഴിതാ ബിസിനസ് ഡെവലപ്‌മെന്റ്, B2B മാര്‍ക്കറ്റിംഗ് ഏജന്‍സിയായ എന്റോറേജ് എന്ന സ്ഥാപനത്തിന്റെ സിഇഒയായ അനന്യ നാരംഗ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കുവെച്ച പോസ്റ്റാണ് ചര്‍ച്ചാ വിഷയമായിരിക്കുന്നത്. "ജോലിക്കുള്ള മറ്റൊരു അപേക്ഷ ലഭിച്ചിരിക്കുന്നു. ഇന്ന് തൊഴിലില്ലായ്മ വര്‍ധിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല," എന്ന കാപ്ഷനോടെയാണ് അനന്യ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഉദ്യോഗാര്‍ഥി അയച്ച ഇമെയിലിന്റെ സ്‌ക്രീന്‍ഷോട്ടും അവര്‍ പങ്കുവെച്ചിട്ടുണ്ട്.
എഐ തയ്യാറാക്കിയ ഇമെയില്‍ ജോലിക്കുള്ള അപേക്ഷയായി നല്‍കുകയായിരുന്നു ഉദ്യോഗാര്‍ഥി. എന്നാല്‍, ഉദ്യോഗാര്‍ഥികളുടെ കഴിവുകളും പരിചയസമ്പത്തുമെല്ലാം രേഖപ്പെടുത്താന്‍ എഐ തയ്യാറാക്കിയ അപേക്ഷയില്‍ ബ്രാക്കറ്റില്‍ നിർദേശമായി നല്‍കിയിരുന്നു. അതെല്ലാം അങ്ങനെതന്നെ പകര്‍ത്തി ഉദ്യോഗാര്‍ഥി അപേക്ഷ നല്‍കുകയായിരുന്നു. ഇത് സിഇഒ കണ്ടെത്തുകയും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയുമായിരുന്നു. അവസാനം സ്ഥാപനത്തില്‍ നിന്നുള്ള മറുപടിക്കായി കാത്തിരിക്കുകയാണെന്നും അപേക്ഷയില്‍ പറയുന്നു. 'ഇതിന് എന്ത് മറുപടിയാണ് ഞാന്‍ കൊടുക്കേണ്ടതെന്ന് പറയൂ' എന്ന രസകരമായ ചോദ്യത്തോടെയാണ് അനന്യ ട്വീറ്റ് അവസാനിപ്പിച്ചിരിക്കുന്നത്.
advertisement
വളരെ വേഗമാണ് അനന്യയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. വലിയ രീതിയിലുള്ള ചര്‍ച്ചയ്ക്ക് ഇത് വഴിയൊരുക്കി. ചിലര്‍ അപേക്ഷ ഒന്ന് വായിച്ചുപോലും നോക്കാതെ അയച്ച ഉദ്യോഗാര്‍ഥിയെ കുറ്റപ്പെടുത്തി. എഐ ഉദ്യോഗാര്‍ഥിയുടെ ജോലി കൊണ്ടുപോയെന്ന് മറ്റൊരാള്‍ പറഞ്ഞു. സാങ്കേതികവിദ്യയെ കണ്ണുംപൂട്ടി ആശ്രയിക്കുന്നത് ഇത്തരത്തിലുള്ള കുഴപ്പങ്ങളില്‍ കൊണ്ടു ചെന്നെത്തിക്കുമെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.
നിലവിലെ തൊഴില്‍ വിപണിയിലെ സമ്മര്‍ദമാണ് ഇങ്ങനെ തെറ്റുവരാന്‍ കാരണമെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. ഇത് തൊഴിലില്ലായ്മയെക്കുറിച്ചല്ലെന്നും ഇത് സാധാരണ സംഭവിക്കുന്ന തെറ്റാണെന്നും അയാള്‍ പറഞ്ഞു. തിരക്കിനിടയില്‍ ഉദ്യോഗാര്‍ഥിക്ക് അത് മാറ്റാന്‍ കഴിയാതിരുന്നതാണെന്നും അവര്‍ക്ക് ഇത് വെല്ലുവിളി നിറഞ്ഞ സമയമാണെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും ഞാന്‍ ആ ഉദ്യോഗാര്‍ഥിയെ അഭിനന്ദിക്കുകയും തെറ്റുവന്ന ഭാഗം ശരിയാക്കി അയക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മറ്റൊരാള്‍ എന്ത് മറുപടിയാണ് ഈ ഉദ്യോഗാര്‍ഥിക്ക് അനന്യ നല്‍കേണ്ടതെന്ന് വിശദമാക്കി. "അപേക്ഷ നിരസിച്ചതായുള്ള ഇമെയില്‍ അയക്കുക. അതിനുള്ളില്‍ ബ്രാക്കറ്റില്‍ ഒരു കാര്യം പറയണം. പകര്‍ത്തിയെടുത്ത ഭാഗം നീക്കം ചെയ്യാനും എന്താണ് യഥാര്‍ത്ഥത്തില്‍ വേണ്ടതെന്ന കാര്യവും ആ ബ്രാക്കറ്റിനുള്ളില്‍ രേഖപ്പെടുത്തുകയും വേണം," അദ്ദേഹം പറഞ്ഞു.