ചടങ്ങിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് ഇതിനോടകം തന്നെ അറിയിച്ചിട്ടുണ്ട്. ഇത് ആർഎസ്എസും ബിജെപിയും നടത്തുന്ന പരിപാടിയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിശേഷിപ്പിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ലോക്‌സഭയിലെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവരും ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ചു.
അതേസമയം അയോധ്യയിലെ 'സീത രസോയി' (സീതയുടെ അടുക്കള) ലേക്ക് രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ പാചകത്തിനായുള്ള എണ്ണ എത്തിച്ചു. ഇന്നലെയാണ് പാചക എണ്ണകളുടെ 2,100 ഡ്രമ്മുകൾ അയോധ്യയിലേക്ക് എത്തിച്ചത്. ജനുവരി 22 മുതൽ ചടങ്ങിൽ പങ്കെടുക്കുന്ന ഭക്തർക്ക് വിളമ്പുന്ന ഭക്ഷണം പാകം ചെയ്യുന്നതിനായി ഈ എണ്ണ ഉപയോഗിക്കും.
advertisement
അയോധ്യ ക്ഷേത്രത്തിലെ രാംലല്ലയുടെ പ്രാണ പ്രതിഷ്ഠയ്‌ക്ക് രണ്ടാഴ്ച ബാക്കിനില്‍ക്കെ, ചടങ്ങിൽ പങ്കെടുക്കുന്നതിനായി മറ്റ് പരിപാടികള്‍ മാറ്റിവക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കത്ത് ലഭിച്ചു. ചടങ്ങിലേക്കുള്ള ഔപചാരിക ക്ഷണം ലഭിച്ചാൽ പങ്കെടുക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.
രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ രാമായണം ഉൾപ്പടെയുള്ള ഇതിഹാസ പുരാണങ്ങളും രാമനാമങ്ങളും ഭക്തർ ജപിക്കും. ഇത് കണക്കിലെടുത്ത്, കാഴ്ച വൈകല്യമുള്ള ആളുകൾക്കായി രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും ബ്രെയിൽ പതിപ്പും ജുൻജുനു ജില്ലാ ആസ്ഥാനത്തുള്ള സർക്കാർ ലൈബ്രറിയിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇതിനായി പ്രത്യേക യന്ത്രവും ലൈബ്രറി സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ഓഡിയോ പതിപ്പും സർക്കാർ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
"കേന്ദ്ര സർക്കാരിന്റെ സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള രാജാ റാംമോഹൻ റോയ് ലൈബ്രറി ഫൗണ്ടേഷൻ കൊൽക്കത്തയുടെ സഹായത്തോടെ ഈ പ്രത്യേക യന്ത്രം ലൈബ്രറിയിൽ സ്ഥാപിച്ചിട്ടുണ്ട്. ഇതോടൊപ്പം ബ്രെയിൽ സ്‌ക്രിപ്റ്റ് ബുക്കും ലഭ്യമാക്കിയിട്ടുണ്ട്,” എന്ന് ലൈബ്രറിയുടേ ചുമതലയുള്ള ദ്വാരക പ്രസാദ് സൈനി വ്യക്തമാക്കി.
ഇതിന് പുറമേ ഭക്തരുടെ സൗകര്യത്തിനായി ഹരിദ്വാറിൽ നിന്നും ഋഷികേശിൽ നിന്നും അയോധ്യയിലേക്ക് നേരിട്ട് ബസ് സർവീസും ആരംഭിച്ചു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുടെ നിർദ്ദേശപ്രകാരമാണ് ഇത് തുടങ്ങിയത്. ഹരിദ്വാറിൽ നിന്ന് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ അധികൃതർ ആണ് ബസ് ഫ്ലാഗ് ഓഫ് ചെയ്തത്. ഋഷികേശിൽ നിന്ന് വൈകിട്ട് ഏഴിന് ഹരിദ്വാറിലേക്കും രാത്രി എട്ടരയ്ക്ക് ഹരിദ്വാറിൽ നിന്ന് അയോധ്യയിലേക്കും ബസ് സർവീസ് ഉണ്ടായിരിക്കും .ഇതിനായി ഒരാൾക്ക് 970 രൂപയാണ് യാത്ര ചെലവ്.
അയോധ്യയിലേക്കുള്ള ആദ്യ വിമാന സർവീസും ഇതിനോടകം ആരംഭിച്ചിണ്ട് . ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. വിമാനത്താവളത്തിൽ നിരവധി യാത്രക്കാർ ശ്രീരാമൻ, ലക്ഷ്മണൻ, സീത, ഹനുമാൻ എന്നിവരുടെ വേഷം ധരിച്ചും എത്തിയിരുന്നു.
ഇനി ക്ഷേത്ര നിർമ്മാണത്തിനായി സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർക്ക് യുപിഐ വഴി ട്രസ്റ്റിന്റെ ഔദ്യോഗിക അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാം എന്നും അറിയിച്ചിട്ടുണ്ട്. ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈൻ സംഭാവനകൾക്കുള്ള ക്രമീകരണങ്ങളും ട്രസ്റ്റ് ഒരുക്കിയിട്ടുണ്ട്. ഏത് യുപിഐ പേയ്‌മെന്റ് ആപ്പിലും ക്യുആർ കോഡ് സ്‌കാൻ ചെയ്ത് ഭക്തർക്ക് സംഭാവന നൽകാനുള്ള സൗകര്യമുണ്ടെന്നും ക്ഷേത്ര ഭാരവാഹികൾ കൂട്ടിച്ചേർത്തു.
രാമജന്മഭൂമി പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനി പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കും എന്ന് അറിയിച്ചിട്ടുണ്ട്. വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വര്‍ക്കിംഗ് പ്രസിഡന്റ് അലോക് കുമാര്‍, അദ്വാനി അയോധ്യയിൽ എത്തിയതായും അദ്ദേഹത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും പറഞ്ഞു.