പുതിയ പഠനം അനുസരിച്ച് ചന്ദ്രന് 4.46 ബില്യൺ (446 കോടി വർഷം) വർഷമെങ്കിലും പഴക്കമുണ്ട്. ജേണൽ ഓഫ് ജിയോകെമിക്കൽ പെർസ്പെക്ടീവ് ലെറ്റേഴ്സിലാണ് (journal Geochemical Perspective Letters) പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 1972ൽ അപ്പോളോ 17ലെ ബഹിരാകാശ യാത്രികർ ഭൂമിയിലേക്ക് കൊണ്ടുവന്ന ചന്ദ്രശിലകൾ പഠിച്ച ശേഷമാണ് ഇത്തരത്തിലൊരു നിഗമനത്തിലേക്ക് എത്തിയത്.
ചൊവ്വയുടെ വലിപ്പമുള്ള ഒരു വസ്തു ഭൂമിയുമായി കൂട്ടിയിടിച്ചുണ്ടായതാണ് ചന്ദ്രന്‍ എന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഇത് സംഭവിച്ച സമയവുമായി ബന്ധപ്പെട്ട് ധാരാളം ചർച്ചകൾ നടന്നിരുന്നു. ഈ കൂട്ടിയിടി സംഭവിച്ച സമയം ഇതുവരെ കരുതിയിരുന്നതിനേക്കാള്‍ വളരെയേറെ വർഷം മുൻപാണ് എന്നാണ് പുതിയ കണ്ടെത്തൽ.
advertisement
ഇടിയുടെ ആഘാതത്തിൽ ഉണ്ടായ ഊർജ്ജം പാറയെ ഉരുക്കി, ഒടുവിൽ ഇത് ചന്ദ്രോപരിതലമായി മാറുകയായിരുന്നു എന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. കൂട്ടിയിടിയുടെ ഫലമായി ഉണ്ടാകുന്ന ഊർജ്ജത്തിൽ ഉരുകിയൊലിക്കുന്ന ഉപരിതലത്തിൽ ക്രിസ്റ്റലുകൾ രൂപപ്പെടില്ല. അതുകൊണ്ടു തന്നെ ലൂണാർ മാഗ്മ (lunar magma) തണുത്തുറഞ്ഞതിന് ശേഷമാകാം ഈ ക്രിസ്റ്റലുകൾ ചന്ദ്രോപരിതലത്തിൽ രൂപപ്പെട്ടത് എന്നും ശാസ്ത്രജ്ഞർ പറയുന്നു. ഇവയുടെ പ്രായം കണക്കാക്കുന്നതു വഴി തന്നെ ചന്ദ്രന്റെയും ഏകദേശ പ്രായം കണക്കാക്കാനാകും എന്നും ശാസ്ത്രജ്ഞർ കൂട്ടിച്ചേർത്തു.
സിർക്കോൺ ക്രിസ്റ്റലുകളുടെ പ്രായം നിർണ്ണയിക്കാൻ ആറ്റം പ്രോബ് ടോമോഗ്രഫി (atom probe tomography) എന്ന പഠന രീതിയാണ് ശാസ്ത്ര സംഘം ഉപയോഗിച്ചത്. ചന്ദ്രനിലെ പാറക്കകഷ്ണത്തിനുള്ളിലെ ആറ്റങ്ങളെ ശാസ്ത്ര സംഘം സൂക്ഷ്മമായി പരിശോധിക്കുകയും നിരീക്ഷിക്കുകയും ചെയ്തു. ആറ്റങ്ങളെ ലേസർ ഉപയോഗിച്ച് നീരാവിയാക്കി. തുടർന്ന് അവ എത്ര വേഗത്തിൽ നീങ്ങുന്നു, എത്ര ഭാരമുള്ളതാണ് എന്നീ കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു. നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ ഉപകരണങ്ങൾ ഉപയോഗിച്ചാണ് ശാസ്ത്രജ്ഞർ ആറ്റം-ബൈ-ആറ്റം വിശകലനം (atom-by-atom analysis) നടത്തിയത്. ലെഡ് ഐസോടോപ്പുകളുടെ അനുപാതം കണക്കാക്കിയ ശേഷമാണ്, സാമ്പിളിന് ഏകദേശം 4.46 ബില്യൺ വർഷം പഴക്കമുണ്ടെന്ന് ഗവേഷകർ കണ്ടെത്തിയത്. ഇതായിരിക്കാം ചന്ദ്രന്റെ പ്രായമെന്നും കരുതുന്നു.