കര്‍ണാടക വനംവകുപ്പ് സംസ്കരിച്ചെന്നോ കത്തിച്ചുകളഞ്ഞെന്നോ കരുതിയ ജഡം ബന്ദിപ്പൂരിലെ കഴുകന്‍ റസ്റ്ററന്റില്‍ ദിവസങ്ങൾക്കുള്ളില്‍ കഴുകന്മാര്‍ക്കു തിന്നുതീര്‍ക്കാനാകും. പുതിയ മൃതദേഹങ്ങളെത്തിയാല്‍ വയനാട്ടില്‍ നിന്നു പോലും കഴുകന്മാര്‍ പറന്നെത്തും ഇവിടെ എന്ന് പറയപ്പെടുന്നു. നൂറുകണക്കിനു കഴുകന്മാര്‍ ഒന്നിച്ചെത്തിയാല്‍ തണ്ണീര്‍ക്കൊമ്പന്റെ അസ്ഥികൂടം മാത്രം ബാക്കിയാകാന്‍ വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മതി. അതിനാൽ മൂന്ന് നാല് നാളിൽ കൊമ്പൻ വെറും അസ്ഥിക്കൂടമായിട്ടുണ്ടാകും എന്നാണ് കരുതുന്നത്.
ഭൂമിയിൽ കഴുകന്മാരുടെ എണ്ണം കുറയാൻ തുടങ്ങിയ സാഹചര്യത്തിൽ 1960 കളിലും എഴുപതുകളിലുമായി യൂറോപ്പിലും ആഫ്രിക്കയിലുമാണ് കഴുകൻ റസ്റ്ററന്റുകൾ സ്ഥാപിക്കപ്പെട്ടത്. 1966 ൽ ദക്ഷിണാഫ്രിക്കയിലാണ് ആദ്യത്തെ കഴുകൻ റെസ്റ്റോറന്റ് നിലവിൽ വന്നത്. ഇന്ന് ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ കഴുകൻ റസ്റ്ററന്റുകൾ നിലവിലുണ്ട്. ഇവിടങ്ങളിലേക്ക് ചത്ത ജീവികളുടെ മാംസങ്ങൾ കഴുകന്മാർക്കായി എത്തിച്ചു നൽകുന്നു. നേപ്പാൾ, കംബോഡിയ, ദക്ഷിണാഫ്രിക്ക, സ്‌പെയിൻ എന്നിവയാണ് കഴുകൻ റെസ്റ്റോറന്റുകൾ പ്രവർത്തിക്കുന്ന മറ്റ് പ്രധാന രാജ്യങ്ങൾ.
advertisement
പശ്ചിമഘട്ടത്തിൽ ഭക്ഷണം കിട്ടാതെ മരിക്കുന്ന വെളുത്ത കഴുകൻ (White - rumped Vulture ) കുഞ്ഞുങ്ങളുടെ വീഡിയോകൾ വലിയ വാർത്തയായതിനെത്തുടർന്ന് 2015 ൽ മഹാരാഷ്ട്രയിലെ ഫൻസാദ് വന്യജീവി സങ്കേതത്തിലാണ് ഇന്ത്യയിലെ ആദ്യത്തെ കഴുകൻ റസ്റ്ററന്റ് നിലവിൽ വന്നത്. പിന്നീട് ഗഡ്ചിരോളിയിലും നാസിക് ജില്ലയിലെ ഹർസൂലിലുമായി നാല് കഴുകൻ റസ്റ്ററന്റുകൾ കൂടി നിലവിൽ വന്നു. കഴുകന്മാർക്ക് ആവശ്യമായ ഭക്ഷണം ലഭിക്കാത്തതോ, ഭക്ഷണത്തിലെ പോഷകാഹാരത്തിന്റെ കുറവോ ഒക്കെയാണ് ഈ ആശയത്തിന് പിന്നിൽ. കൂടാതെ ദക്ഷിണേഷ്യയിലും ആഫ്രിക്കയിലും കഴുകന്മാരുടെ എണ്ണത്തിൽ ഉണ്ടായ കുറവും കഴുകൻ റസ്റ്ററന്റ് എന്ന ആശയത്തിന് പിന്നിലെ ഒരു കാരണമാണ്.
ഭക്ഷണത്തിന്റെ അപര്യാപ്തത, മനുഷ്യന്റെ സാമീപ്യം എന്നിവ മൂലം കഴുകൻമാർക്ക് ജീവഹാനി ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കുകയാണ് കഴുകൻ റസ്റ്ററന്റുകളുടെ പ്രഥമ ലക്ഷ്യം. ഇപ്പോഴത്തെ കഴുകന്മാരുടെ എണ്ണം നില നിർത്തുന്നതിൽ കഴുകൻ റസ്റ്ററന്റുകൾക്ക് വലിയ പങ്കുണ്ടെന്ന് ചില പഠന റിപ്പോർട്ടുകളും ചൂണ്ടിക്കാട്ടുന്നു.