അന്തരീക്ഷ ഊഷ്മാവ് കൂടുതലായിരിക്കുന്ന സമയത്ത് പുറത്തേക്കിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നവരാണ് മിക്കയാളുകളും. എന്നാല്‍, ഇവ പലരും സൂക്ഷിക്കുന്നത് ബാത്ത്‌റൂമില്‍ ആയിരിക്കും. ഇത് നിങ്ങളെ ക്യാന്‍സര്‍ രോഗിയാക്കുമെന്നാണ് പ്രശസ്ത ത്വക്ക് രോഗ വിദഗ്ധന്‍ ഡോ. എഡ് റോബിന്‍സണ്‍ മുന്നറിയിപ്പ് നല്‍കുന്നത്.
ഇത്തരം ക്രീമുകള്‍ സൂക്ഷിക്കുന്നതിനുള്ള സുരക്ഷിതമായ ഇടമായാണ് ആളുകള്‍ ബാത്ത്‌റൂമിനെ കരുതുന്നത്. എന്നാല്‍, ഷവറില്‍ നിന്നുള്ള ചൂടും നീരാവിയും സണ്‍സ്‌ക്രീന്‍ പോലുള്ള ചര്‍മ്മ സംരക്ഷണ ക്രീമുകളുടെ ഫലപ്രാപ്തി കുറയ്ക്കുമെന്ന് അദ്ദേഹം പറയുന്നു. ഇതോടെ, അവയുടെ ചര്‍മ്മ സംരക്ഷണത്തിനുള്ള ശേഷി കുറയുമെന്നും വിപരീത ഫലം ചെയ്യുമെന്നുമാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.
advertisement
അതുകൊണ്ട് ചൂടുള്ളപ്പോള്‍ നിങ്ങള്‍ പുറത്തേക്കിറങ്ങാന്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിച്ചാലും സൂര്യതാപം, ചര്‍മ്മത്തിലുണ്ടാക്കുന്ന മറ്റ് പ്രശ്‌നങ്ങള്‍, സ്‌കിന്‍ ക്യാന്‍സര്‍ എന്നിവ തടയാന്‍ ഈ ക്രീമിന് കഴിയില്ല. മാത്രമല്ല, നിങ്ങളുടെ ചര്‍മ്മത്തില്‍ ഇവ പ്രതികൂലമായി പ്രവര്‍ത്തിക്കുകയും മറ്റ് കേടുപാടുകളുണ്ടാക്കുകയോ അകാല വര്‍ദ്ധക്യത്തിലേക്ക് നയിക്കുകയോ ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ചൂടുള്ള കാലാവസ്ഥയും സൂര്യന്റെ നേരിട്ടുള്ള ചൂടും സണ്‍സ്‌ക്രീനിന്റെ ചർമ്മ സംരക്ഷണ ഫലങ്ങൾ ഇല്ലാതാക്കും. ഇത് നിങ്ങളുടെ ചര്‍മ്മത്തെ സാരമായി ബാധിക്കുകയും ചെയ്യുമെന്ന് ഡോ. എഡ് റോബിന്‍സണ്‍ പറയുന്നു. എസ് പി എഫ് (സണ്‍ പ്രൊട്ടക്ഷന്‍ ഫാക്ടര്‍) ഗുണം നഷ്ടപ്പെടുന്നതോടെ സണ്‍സ്‌ക്രീനിന്റെ കുപ്പിയില്‍ പരസ്യപ്പെടുത്തിയിട്ടുള്ള പൂര്‍ണ്ണ ചർമ്മ സംരക്ഷണം നിങ്ങള്‍ക്ക് ലഭിക്കില്ലെന്നും ഇത് സൂര്യതാപം, അകാലവര്‍ദ്ധക്യം, സ്‌കിന്‍ ക്യാന്‍സര്‍ പോലുള്ള ഗൗരവപരമായ ചര്‍മ്മ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതുമൂലം സംഭവിച്ചേക്കാവുന്ന അലര്‍ജി പോലുള്ള പാര്‍ശ്വഫലങ്ങളെ കുറിച്ചും ഇംഗ്ലണ്ടിലെ ചെഷയറിൽ പ്രാക്ടീസ് ചെയ്യുന്ന ഡോ. റോബിന്‍സണ്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സണ്‍സ്‌ക്രീനില്‍ വാഗ്ദാനം ചെയ്തിട്ടുള്ള ആക്ടീവ് കംപോണന്റുകള്‍ നശിക്കുന്നതിന്റെ പാര്‍ശ്വഫലങ്ങള്‍ ശ്രദ്ധിക്കാനും അദ്ദേഹം ഉപദേശിച്ചിട്ടുണ്ട്.
ഇത്തരം ചര്‍മ്മ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ദ്രാവക രൂപത്തിലോ കട്ടിയുള്ളതോ ആയ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറയുന്നു. ഇത് ചര്‍മ്മത്തിന് പൂര്‍ണ്ണ സംരക്ഷണം നല്‍കില്ലെന്നും ദുര്‍ഗന്ധം വമിക്കുകയോ നിറം ഇരുണ്ടതോ മഞ്ഞയോ ആയി മാറിയിട്ടുള്ള സണ്‍സ്‌ക്രീന്‍ പഴയതുപോലെ ഫലപ്രദമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബാത്ത്‌റൂമില്‍ മാത്രമല്ല, സൂര്യ പ്രകാരം നേരിട്ട് ഏല്‍ക്കുന്ന ജനാലകള്‍, ഗ്ലൗബോക്‌സുകള്‍, കാര്‍ ഡാഷ് ബോര്‍ഡുകള്‍ എന്നിവിടങ്ങളില്‍ സണ്‍സ്‌ക്രീന്‍ സൂക്ഷിക്കരുതെന്നും ഡോ. റോബിന്‍സണ്‍ നിര്‍ദേശിച്ചിട്ടുണ്ട്. ചൂടുള്ള സമയത്ത് പുറത്തേക്ക് ഇറങ്ങുന്നതിന് 15 മിനുറ്റ് മുമ്പ് സണ്‍സ്‌ക്രീന്‍ പുരട്ടുക. തുടരേ തുടരേ വിയര്‍ക്കുകയോ നീന്തുകയോ ചെയ്യുകയാണെങ്കില്‍ ഓരോ രണ്ട് മണിക്കൂറിലും സണ്‍സ്‌ക്രീന്‍ പുരട്ടണം.
ദിവസം മുഴുവനും പല തവണകളിലായി ആരും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാറില്ല. നീന്തുകയോ വിയര്‍ക്കുകയോ ചെയ്താലും ക്രീം പുരട്ടാറില്ല. കഴുത്തിന്റെയും ചെവിയുടെയും പിന്‍ ഭാഗത്തും സണ്‍സ്‌ക്രീന്‍ പുരട്ടാനും ശ്രദ്ധിക്കാറില്ല. എന്നാല്‍, ഇത് ഈ സ്ഥലങ്ങളില്‍ സൂര്യതാപം ഏല്‍ക്കാന്‍ ഇടയാക്കുന്നു.
പ്രതികൂല ഫലങ്ങള്‍ ഒഴിവാക്കുന്നതിന് സണ്‍സ്‌ക്രീന്‍ നേരിട്ട് സൂര്യന്റെ ചൂട് ഏല്‍ക്കുന്നിടത്തും ചൂടുള്ള അന്തരീക്ഷത്തിലും സൂക്ഷിക്കാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറയുന്നു. കുറച്ച് തണുപ്പുള്ളതും വരണ്ടതുമായ സ്‌പേസില്‍ ക്രീം സൂക്ഷിച്ചുവെക്കുന്നതാണ് എപ്പോഴും നല്ലത്. ജനല്‍പ്പടികള്‍, വാഹനത്തിന്റെ ഡാഷ്‌ബോര്‍ഡുകള്‍, ബാത്ത്‌റൂം എന്നിവിടങ്ങളില്‍ സൂക്ഷിച്ചുവെക്കുന്നത് അവയുടെ ഫലപ്രാപ്തി കുറയ്ക്കുമെന്നും ഡോ. റോബിൻസൺ ചൂണ്ടിക്കാട്ടി.