തലസ്ഥാന നഗരിയിലെ കടുത്ത മലിനീകരണ പ്രശ്‌നങ്ങളാണ് മാതാപിതാക്കളുടെ തീരുമാനത്തിന് കാരണമെന്ന് വിദ്യാര്‍ത്ഥി പോസ്റ്റില്‍ പറയുന്നു. മൂന്ന് മത്സര പരീക്ഷകളില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് മാനസികമായും വൈകാരികമായും നിരാശിയിലായിരുന്നു താനെന്ന് വിദ്യാര്‍ത്ഥി. എന്നാല്‍ കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (സിയുഇടി) പാസാകുകയും ഡല്‍ഹി സര്‍വകലാശാലയ്ക്കുകീഴിലുള്ള മികച്ച കോളേജുകളില്‍ ഒന്നായ ഹന്‍സ്‍രാജ് കോളേജില്‍ പ്രവേശനം നേടിയപ്പോള്‍ പ്രതീക്ഷയുണ്ടായെന്നും വിദ്യാര്‍ത്ഥി കുറിച്ചു.
ഇത് വളരെ ആഗ്രഹിച്ചാണ് ലഭിച്ചതെന്നും അഡ്മിഷന്‍ ലഭിക്കാനായി നന്നായി പരിശ്രമിച്ചെന്നും പോസ്റ്റില്‍ വിദ്യാര്‍ത്ഥി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ നഗരത്തിലെ മലിനീകരണ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി തന്റെ മാതാപിതാക്കള്‍ തന്നെ ഡല്‍ഹിയിലേക്ക് അയയ്ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും നിസ്സാഹയത തോന്നുന്നുവെന്നും വിദ്യാര്‍ത്ഥി കുറിച്ചു.
advertisement
സിയുഇടി യുജി സ്‌കോര്‍ മാനദണ്ഡമാക്കിയാണ് ബിരുദ കോഴ്‌സുകളിലേക്ക് ഹന്‍സ്‍രാജ് കോളേജ് പ്രവേശനം അനുവദിക്കുന്നത്. പിജി കോഴ്‌സുകളിലേക്കുള്ള പ്രവേശനം ഡിയുഇടി സ്‌കോറുകളുടെ അടിസ്ഥാനത്തിലാണ്.
വിദ്യാര്‍ത്ഥിക്ക് ആഗ്രഹിച്ച പോലെ പ്രവേശനം നേടാന്‍ കഴിഞ്ഞെങ്കിലും ഡല്‍ഹിയിലെ വായുഗുണനിലവാരത്തിന്റെ ദോഷകരമായ ഫലങ്ങളില്‍ ആശങ്കയുള്ള മാതാപിതാക്കള്‍ അവനെ അങ്ങോട്ടേക്ക് അയക്കാന്‍ വിസമ്മതിക്കുകയാണുണ്ടായത്.
എന്നാല്‍ മാതാപിതാക്കളുടെ ആശങ്കയില്‍ കാര്യമുണ്ടെന്നും അത് തനിക്ക് മനസ്സിലാകുമെന്നും വിദ്യാര്‍ത്ഥി പോസ്റ്റില്‍ വിശദീകരിക്കുന്നുണ്ട്. അതേസമയം, തന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനാകാതെ കൈയ്യെത്തും ദൂരത്തുനിന്നും തകര്‍ന്നുപോകുന്നതായി തോന്നുന്നുവെന്നും വിദ്യാര്‍ത്ഥി സങ്കടം പറയുന്നു. സത്യസന്ധമായി പറഞ്ഞാല്‍ ഹൃദയംതകര്‍ന്നുപോകുന്നതായും ആ വിദ്യാര്‍ത്ഥി കുറിച്ചു.
മറ്റാര്‍ക്കെങ്കിലും സമാനമായ അനുഭവമുണ്ടോയെന്നും പോസ്റ്റില്‍ അവന്‍ ചോദിക്കുന്നുണ്ട്. വളരെ വേഗത്തില്‍ പോസ്റ്റ് ഓണ്‍ലൈനില്‍ ശ്രദ്ധനേടി. നിരവധി പേര്‍ ആശ്വാസകരമായ വാക്കുകള്‍ രേഖപ്പെടുത്തി. ചിലര്‍ പ്രായോഗിക നിര്‍ദ്ദേശങ്ങളും പങ്കുവെച്ചു. ഹന്‍സ്‍രാജില്‍ പ്രവേശനം ലഭിച്ചിട്ടും അവസരം നഷ്ടപ്പെടുത്തുന്നത് അബദ്ധമാണെന്ന് മാതാപിതാക്കളെ പറഞ്ഞുമനസ്സിലാക്കാന്‍ നിര്‍ദ്ദേശിച്ചുള്ളതായിരുന്നു ഒരു കമന്റ്.
ഡല്‍ഹിയിലെ ജനസംഖ്യ നോക്കൂ... മലിനീകരണം ഉണ്ടായിട്ടും പലരും ഡല്‍ഹി സര്‍വകലാശാലയില്‍ അതിജീവിക്കുകയും അഭിവൃദ്ധിപ്പെടുകയും ചെയ്യുന്നുണ്ടെന്ന് ഒരാള്‍ ചൂണ്ടിക്കാട്ടി. കോളേജുകളില്‍ പച്ചപ്പും വൃത്തിയുള്ള അന്തരീക്ഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രവേശനം നേടിയില്ലെങ്കില്‍ അത് വലിയ നഷ്ടമാകുമെന്നും മലിനീകരണം ഒരു പ്രശ്‌നമാണമെങ്കിലും മൂന്ന് മാസമേ അത് നേരിടേണ്ടി വരുള്ളൂ എന്നും ഒരാള്‍ കുറിച്ചു.
നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന ദേശീയ തലത്തിലുള്ള എന്‍ട്രന്‍സ് പരീക്ഷയാണ് സിയുഇടി. കേന്ദ്ര, സംസ്ഥാന, സ്വകാര്യ, കല്‍പ്പിത സര്‍വകലാശാലകളിലുടനീളം പ്രവേശനത്തിനായി ഒരു പൊതു പ്ലാറ്റ്‌ഫോം സൃഷ്ടിക്കുന്നതിനാണ് ഇത് അവതരിപ്പിച്ചത്. പരീക്ഷ വര്‍ഷം തോറും നടക്കുന്നു. ചണ്ഡീഗഡില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയെ സംബന്ധിച്ച് ഈ ടെസ്റ്റ് പാസാകുക അവന്റെ യാത്രയുടെ ഒരു ഘട്ടം മാത്രമായിരുന്നു. എന്നാല്‍ മാതാപിതാക്കളെ ബോധ്യപ്പെടുത്തുക എന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും.