അന്ധത, അപസ്മാരം, ശൈശവാവസ്ഥയിലുള്ള മരണം എന്നിവയ്ക്ക് കാരണമാകുന്ന ഗുരുതരവും പാരമ്പര്യമായി ലഭിക്കുന്നതുമായ മൈറ്റോകോണ്‍ഡ്രിയല്‍ രോഗങ്ങള്‍ തടയുന്നതിനായാണ് ഇത്തരമൊരു ചികിത്സാരീതി വികസിപ്പിച്ചത്. ഈ ജനന പ്രക്രിയ വഴി കുട്ടികളില്‍ ജനിതക വൈല്യങ്ങള്‍ പാരമ്പര്യമായി ലഭിക്കുന്നത് തടയാന്‍ കഴിയുമെന്ന് ദി ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
2015-ലാണ് അപൂര്‍വ ചികിത്സാ നടപടിക്രമത്തിന് അനുമതി നല്‍കികൊണ്ടുള്ള നിയമപരമായ മാറ്റം യുകെ നടപ്പാക്കിയത്. അന്നുമുതല്‍ ലോകമെമ്പാടുമുള്ള ഡോക്ടര്‍മാര്‍ ഈയൊരു വാര്‍ത്തയ്ക്കായി കാത്തിരിക്കുകയാണ്. 2017-ല്‍ ന്യൂകാസില്‍ സര്‍വകലാശാലയിലെ ഫെര്‍ട്ടിലിറ്റി ക്ലിനിക്കിന് ഇതിന് ഔദ്യോഗിക അംഗീകാരം ലഭിച്ചു. ഇവിടെയാണ് ഡോക്ടര്‍മാര്‍ ഈ ജനനപ്രക്രിയയ്ക്കുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചത്.
advertisement
പ്രോ ന്യൂക്ലിയര്‍ ട്രാന്‍സ്ഫര്‍ എന്നാണ് ഇതിനായുള്ള ചികിത്സാ നടപടിക്രമത്തെ വളിക്കുന്നത്. ഇതിന് അനുമതി നല്‍കുന്ന ആദ്യ രാജ്യം യുകെയാണ്. മൈറ്റോകോണ്‍ഡ്രിയല്‍ രോഗങ്ങള്‍ പകരാനുള്ള സാധ്യത കൂടുതലുള്ളതും അവ ഒഴിവാക്കാന്‍ സാധാരണ ജനിതക പരിശോധനാ രീതികള്‍ ഉപയോഗിക്കാന്‍ കഴിയാത്തതുമായ സ്ത്രീകള്‍ക്കാണ് ഈ രീതി ഉദ്ദേശിക്കുന്നത്.
ഇതിനായി ആദ്യം അമ്മയില്‍ നിന്നും ആരോഗ്യമുള്ള സ്ത്രീദാതാവില്‍ നിന്നും അണ്ഡങ്ങള്‍ എടുക്കും. ഐവിഎഫ് ലാബില്‍വച്ച് ഈ അണ്ഡങ്ങള്‍ പിതാവിന്റെ ബീജമുപയോഗിച്ച് ബീജസങ്കലനം ചെയ്യുന്നു. ഏകദേശം പത്ത് മണിക്കൂറിന് ശേഷം ശാസ്ത്രജ്ഞര്‍ രണ്ട് അണ്ഡങ്ങളില്‍ നിന്നും ജനിതകഘടകങ്ങളുടെ ഭൂരിഭാഗവും ഉള്‍കൊള്ളുന്ന ന്യൂക്ലിയസ് നീക്കം ചെയ്യും. ശേഷം അമ്മയുടെ ന്യൂക്ലിയസ് ദാതാവിന്റെ അണ്ഡവുമായി യോജിപ്പിക്കും.
അമ്മയുടെയും അച്ഛന്റെയും ഡിഎന്‍എ വഴി ഒരു ഭ്രൂണത്തെ സൃഷ്ടിക്കുന്നു. എന്നാല്‍ മൈറ്റോകോണ്‍ഡ്രിയ ദാതാവില്‍ നിന്നും സ്വീകരിക്കുന്നു. അതായത് ഇതുവഴി ജനിക്കുന്ന കുട്ടിക്ക് മൂന്ന് ജനിതക ഘടകങ്ങളുണ്ടാകും. എന്നാല്‍ ഡിഎന്‍എയുടെ 99.8 ശതമാനവും യഥാര്‍ത്ഥ മാതാപിതാക്കളില്‍ നിന്നായിരിക്കും.
ഗുരുതരമായ ജനിതക പ്രശ്‌നങ്ങള്‍ കുട്ടികളിലേക്ക് പകരാന്‍ സാധ്യതയുള്ള 19 സ്ത്രീകള്‍ ഈ പ്രക്രിയയ്ക്ക് വിധേയമായി. ഏഴ് പേര്‍ ഗര്‍ഭിണികളായി. ഇതില്‍ എട്ട് കുഞ്ഞുങ്ങള്‍ ജനിച്ചു. ഒരാള്‍ക്ക് ഇരട്ട കുട്ടികളാണുണ്ടായത്. അഞ്ച് കുഞ്ഞുങ്ങള്‍ക്ക് ജനിതക വൈകല്യങ്ങള്‍ ഇല്ലെന്ന് പരിശോധനയില്‍ തെളിഞ്ഞു. അതേസമയം, മൂന്ന് കുഞ്ഞുങ്ങളില്‍ കുറഞ്ഞ അളവില്‍ മൈറ്റോകോണ്‍ഡ്രിയല്‍ രോഗസാധ്യത കണ്ടെത്തി. എന്നാല്‍ പേടിക്കേണ്ട സാഹചര്യമില്ലെന്നും കുഞ്ഞുങ്ങള്‍ സുരക്ഷിതരാണെന്നും സാധാരണ വളര്‍ച്ച പ്രകടമാകുമെന്നും പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.
എന്താണ് മൈറ്റോകോണ്‍ഡ്രിയ ?
മൈറ്റോകോണ്‍ഡ്രിയ നമ്മുടെ കോശങ്ങള്‍ക്കുള്ളിലെ ചെറിയ ഘടനകളാണ്. അവ പവര്‍ ജനറേറ്ററുകള്‍ പോലെ പ്രവര്‍ത്തിക്കുകയും ശരീരത്തിന് ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്നു. അമ്മമാരില്‍ നിന്ന് മാത്രമേ നമുക്ക് അവ പാരമ്പര്യമായി ലഭിക്കൂ. എന്നാല്‍ 5,000 പേരില്‍ ഒരാള്‍ക്ക് ജനിതക വ്യതിയാനങ്ങള്‍ കാരണം ഈ മൈറ്റോകോണ്‍ഡ്രിയ തകരാറിലാകുന്നു. ഈ വൈകല്യങ്ങള്‍ ആജീവനാന്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും പലപ്പോഴും കുടുംബങ്ങള്‍ക്ക് വിനാശകരവുമാണ്.