കോവിഡ് വ്യാപനം അവസാനിച്ചതോടെ കമ്പനികള്‍ ജീവനക്കാരെ തിരികെ ഓഫീസിലേക്ക് വിളിയ്ക്കുകയും ചെയ്തു. എന്നാല്‍ ഓഫീസിലിരുന്ന് ജോലി ചെയ്യാന്‍ പലരും വിമുഖത കാണിക്കുന്നുവെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
കോവിഡിന് ശേഷം ഓഫീസ് ജോലി സമയം അനൗദ്യോഗികമായി 2 മണിക്കൂര്‍ കുറഞ്ഞുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 9-5 എന്ന ജോലി സമയം ഇപ്പോള്‍ 10 മുതല്‍ വൈകുന്നേരം നാല് മണിവരെയായി എന്നാണ് റിപ്പോര്‍ട്ട്. ട്രാഫിക് വിശകലന സ്ഥാപനമായ INRIX Inc പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ജോലിസമയത്തില്‍ വന്ന മാറ്റത്തെപ്പറ്റി സൂചിപ്പിക്കുന്നത്. വളരെ കുറച്ച് ജീവനക്കാര്‍ മാത്രമാണ് രാവിലെ ഓഫീസിലെത്തുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
advertisement
കൂടാതെ ജോലിയും ജീവിതവും തമ്മില്‍ ഒരു ബാലന്‍സ് വേണമെന്ന് ആഗ്രഹിക്കുന്ന ജീവനക്കാരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ജീവനക്കാരില്‍ ഭൂരിഭാഗം പേരും വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനോട് താല്‍പ്പര്യം പ്രകടിപ്പിക്കുന്നുവെന്നും അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം ഓഫീസില്‍ വരുന്നതിനോടാണ് പലര്‍ക്കും താല്‍പ്പര്യമെന്നും ക്രോണസ് സിഇഒ ഡേവിഡ് സാറ്റര്‍വൈറ്റ് പറഞ്ഞു.
ജീവനക്കാര്‍ ഓഫീസിലേക്ക് താമസിച്ച് എത്തി ചെറിയ മീറ്റിംഗിലൊക്കെ പങ്കെടുത്ത് മടങ്ങുന്ന 'കോഫി ബാഡ്ജിംഗ്' എന്ന സംസ്‌കാരവും തൊഴില്‍മേഖലയില്‍ വളര്‍ന്നുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.
വര്‍ക്-ലൈഫ് ബാലന്‍സിനും കൂടുതല്‍ ഫ്‌ളക്‌സിബിളായ ജോലി സമയത്തിനും മാനസികാരോഗ്യത്തിനുമാണ് ജീവനക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്ന് ഔള്‍ ലാബ്‌സ് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍ സമയം ഓഫീസിലിരുന്ന് ജോലി ചെയ്യുന്നതിനോട് പലര്‍ക്കും താല്‍പ്പര്യമില്ല. വര്‍ക് ഫ്രം ഹോം ഓപ്ഷന്‍ നീക്കം ചെയ്താല്‍ ഇവരില്‍ 66 ശതമാനം പേരും ഫ്‌ളക്‌സിബിളായ ജോലി സമയമുള്ള ജോലി അന്വേഷിക്കാന്‍ തുടങ്ങുമെന്നും ഔള്‍ ലാബ്‌സ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.