പത്തോ ഇരുപതോ രൂപയുടെ കളിപ്പാട്ടങ്ങളല്ല, മറിച്ച് ലക്ഷങ്ങള്‍ വില വരുന്ന കളിപ്പാട്ടങ്ങളാണ് ഈ കൊച്ചമിടുക്കന്‍ ആമസോണ്‍ വഴി ഓർഡർ ചെയ്തത്. ഏകദേശം 2.5 ലക്ഷം രൂപയുടെ (3,000 ഡോളര്‍) സാധനങ്ങളാണ് കുട്ടി ഓര്‍ഡര്‍ ചെയ്തത്. ആമസോണിലെ ഓര്‍ഡര്‍ ഹിസ്റ്ററി കണ്ട് ഞെട്ടിയിരിക്കുകയാണ് കുട്ടിയുടെ മാതാപിതാക്കള്‍. "ഇത് ഞാന്‍ എനിക്ക് തന്നെ നല്‍കുന്ന സമ്മാനങ്ങളാണെന്ന", പദ്മാവത് സിനിയമയിലെ രണ്‍വീര്‍ സിംഗിന്റെ ഡയലോഗാണ് ഇവിടെ ഓര്‍മ്മ വരുന്നത്.
കുട്ടിയുടെ അമ്മ ടിക് ടോക്കിലൂടെയാണ് സംഭവത്തിന്റെ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സഹോദരനും സഹോദരിക്കും ഇടയില്‍ സോഫയില്‍ യാതൊരു കൂസലുമില്ലാതെ ഇരിക്കുന്ന മകനോട് മാതാപിതിക്കള്‍ ആമസോണ്‍ ഓര്‍ഡറുകളെ കുറിച്ച് ചോദ്യക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ആമസോണില്‍ ഏഴ് കാറുകള്‍ വാങ്ങിയെന്നും 3,000 ഡോളറില്‍ കൂടുതല്‍ ചെലവഴിച്ചെന്നും കുട്ടിയോട് അച്ഛന്‍ പറയുന്നത് വീഡിയോയിലുണ്ട്. ഇത് എങ്ങനെയാണ് സംഭവിച്ചതെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.
advertisement
സാന്റയുടെ ക്രിസ്മസ് ലിസ്റ്റിനേക്കാളും നീണ്ട ലിസ്റ്റ് ആയിരുന്നു കുട്ടിയുടേത്. ബേബി ടോയ് കാര്‍, ബൈക്ക്, ഗെയിമിംഗ് സാധനങ്ങള്‍ തുടങ്ങി നിരവധി കളിപ്പാട്ടങ്ങള്‍ ആമസോണ്‍ ഓര്‍ഡര്‍ ഹിസ്റ്ററിയില്‍ ഉണ്ടായിരുന്നു. ഇതിനുപുറമേ ഏകദേശം 60,000 രൂപയുടെ സാധനങ്ങള്‍ കൂടി കാര്‍ട്ടില്‍ ചെക്ക് ഔട്ടിന് തയ്യാറായിരുന്നു. എന്നാല്‍ കുട്ടിയുടെ നിര്‍ഭാഗ്യവശാല്‍ സംഭവം മാതാപിതാക്കള്‍ പിടികൂടിയതിനാല്‍ ഓര്‍ഡര്‍ ചെയ്യാന്‍ കഴിഞ്ഞില്ല.
ഏകദേശം 60,000 രൂപയുടെ സാധനങ്ങള്‍ കൂടി ആമസോണ്‍ കാര്‍ട്ടില്‍ അവന്‍ ചേര്‍ത്തിട്ടുണ്ടെന്നും ഞാനിപ്പോള്‍ ഫോണില്‍ ആമസോണിനോട് കരയുകയാണെന്നും ഭര്‍ത്താവ് ബാങ്കുമായി സംസാരിക്കുകയാണെന്നുമായിരുന്നു വീഡിയോയുടെ കാപ്ഷന്‍.
കുട്ടികള്‍ക്ക് ഫോണ്‍ അലക്ഷ്യമായി നല്‍കുന്നതുവഴിയുണ്ടാകുന്ന ഇത്തരം സംഭവങ്ങള്‍ ഇതാദ്യമായല്ല ശ്രദ്ധനേടുന്നത്. മുമ്പ് അഞ്ച് വയസ്സുള്ള പെണ്‍കുട്ടി ആമസോണില്‍ ഏതാണ്ട് 4,000 ഡോളര്‍ ചെലവഴിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. മസാച്യുസെറ്റ്‌സിലെ വെസ്റ്റ്‌പോര്‍ട്ടില്‍ നിന്നുള്ള ലീല വാരിസ്‌കോ എന്ന പെണ്‍കുട്ടിയാണ് കുടുംബത്തോടൊപ്പം കാറില്‍ യാത്ര ചെയ്യുമ്പോള്‍ അമ്മയുടെ ഫോണില്‍ നിന്ന് പണിയൊപ്പിച്ചത്. അമ്മ ജെസീക്ക ന്യൂണ്‍സിനോട് മൊബൈല്‍ ഫോണ്‍ നൽകാൻ മകള്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ മകള്‍ ഫോണില്‍ എന്താണ് ചെയ്യുന്നത് ശ്രദ്ധിക്കാതെ അത് ഉപയോഗിക്കാന്‍ അനുവദിച്ചത് വലിയ തെറ്റായി മാറി.
ഏകദേശം 3.3 ലക്ഷം രൂപയുടെ സാധനങ്ങളാണ് ആ പെണ്‍കുട്ടി ആമസോണില്‍ നിന്ന് വാങ്ങിയത്. ഇത് കുട്ടിയുടെ അമ്മയുടെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നാണ് ഈടാക്കിയത്. കുട്ടികളുടെ കൈയ്യില്‍ ഫോണ്‍ ശ്രദ്ധയില്ലാതെ നല്‍കുന്നതുവഴി ഉണ്ടാകുന്ന അപകടങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പാണ് ഇത്തരം സംഭവങ്ങള്‍ നല്‍കുന്നത്.