വൃത്തിയും ചിട്ടയും പാലിക്കാം: ജോലി ചെയ്യുന്ന സ്ഥലം മാത്രമല്ല, ജോലി ചെയ്യുന്ന രീതിയിലും വൃത്തിയും ചിട്ടയും പാലിക്കുന്നത് നിങ്ങളുടെ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. ഇത് ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുവാൻ സഹായിക്കും. ഓരോ ദിവസവും ജോലി ചെയ്യുന്നയിടം വൃത്തിയാക്കാൻ കുറച്ച് സമയം നീക്കിവയ്ക്കുക. ഫയലുകളും ഡോക്യുമെന്റുകളും ക്രമീകരിച്ച് സൂക്ഷിക്കുക. ടാസ്‌ക്കുകളും അവസാന തീയതികളും ട്രാക്ക് ചെയ്യാൻ ആപ്പുകളുടെ സഹായം തേടുക. ഇതെല്ലാം സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
ചെറിയ ഇടവേളകൾ എടുക്കാം: അമിത സമ്മർദ്ദം അനുഭവപ്പെടുമ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന ജോലി നിർത്തിവച്ച് ഒരു ചെറിയ ഇടവേള എടുക്കുക. പുറത്തുപോയി നടക്കുകയോ ശ്വസന വ്യായാമങ്ങൾ ചെയ്യുകയോ ചെയ്യാം. ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്സ് തന്റെ പ്രധാനപ്പെട്ട മീറ്റിംഗുകൾ പലതും നടന്നുകൊണ്ടായിരുന്നു നടത്തിയിരുന്നത്. സമ്മർദ്ദം കുറയ്ക്കാനും സർഗ്ഗാത്മകത വർദ്ധിപ്പിക്കാനും ഇത്തരം നടന്നുകൊണ്ടുള്ള ചർച്ചകൾ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്.
advertisement
ജോലികൾ പ്രാധാന്യങ്ങളുടെ അടിസ്ഥാനത്തിൽ തരംതിരിക്കാം: ഏറ്റവും പ്രധാനപ്പെട്ട ജോലികൾ ഏതെന്ന് തിരിച്ചറിഞ്ഞ് അവ പൂർത്തിയാക്കേണ്ട ക്രമത്തിൽ ഒരു പട്ടിക തയ്യാറാക്കുക. പിന്നീട് ഒന്നിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഓരോ ജോലിയായി പൂർത്തിയാക്കുക. വലിയ ജോലികളെ ചെറിയ ഭാഗങ്ങളായി തിരിച്ച് ഓരോന്നായി ചെയ്തു തീർക്കുന്നത് സഹായകമാകും. ടെസ്‌ല സിഇഒ ഇലോൺ മസ്‌കും തന്റെ ഏറ്റവും പ്രധാനപ്പെട്ട ജോലികൾക്കായി പ്രത്യേക സമയം മാറ്റിവയ്ക്കുന്ന പതിവ് പിന്തുടരുന്നയാളാണ്. ഇത്തരത്തിൽ ജോലികൾക്ക് മുൻഗണന നൽകുന്നത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
ശ്രദ്ധ: ചെയ്യുന്ന ജോലി ഏകാഗ്രമായി ചെയ്തു തീർക്കുക. സമ്മർദ്ദം അനുഭവപ്പെടുമ്പോൾ ശ്രദ്ധ തിരിച്ചുവിട്ട് ശാന്തമാകാൻ ശ്രമിക്കുക.
ആശയവിനിമയം: വ്യക്തമായും സുതാര്യമായും ആശയങ്ങൾ അവതരിപ്പിക്കുന്നത് ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാനും അതുവഴി സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. ആമസോൺ എക്സിക്യൂട്ടീവ് ചെയർമാൻ ജെഫ് ബെസോസ് തന്റെ ജീവനക്കാരെ വ്യക്തമായി ആശയവിനിമയം നടത്താൻ എപ്പോഴും പ്രോത്സാഹിപ്പിച്ചിരുന്നു. ഏതെങ്കിലും കാര്യത്തിൽ വ്യക്തതയില്ലെങ്കിൽ ചോദിച്ച് മനസ്സിലാക്കുക. ചില കാര്യങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ ധാരണ ഉറപ്പാക്കാൻ വേണ്ടി ധൈര്യപൂർവ്വം ഫീഡ്‌ബാക്ക് ചോദിക്കുക. ജോലി സംബന്ധിയായ സന്ദേശങ്ങൾ ചുരുക്കി ലളിതമായി അവതരിപ്പിക്കാൻ ശ്രദ്ധിക്കുക.
ദിവസവും വ്യായാമം ചെയ്യുക: ദിവസവും വ്യായാമം ചെയ്യുന്നത് ജോലിസ്ഥലത്തെ മാത്രമല്ല, ജീവിതത്തിലെ സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. കുറഞ്ഞത് 30 മിനിറ്റെങ്കിലും ശാരീരികമായി സജീവമായിരിക്കാൻ ശ്രമിക്കുക. ഉച്ചഭക്ഷണത്തിന് ശേഷം ഓഫീസിൽ തന്നെയാണെങ്കിലും അൽപ്പനേരം നടക്കാൻ ശ്രമിക്കുക. സജീവമായ ജീവിതശൈലി ജോലിസ്ഥലത്തെ സമ്മർദ്ദം കുറയ്ക്കും.
സഹായങ്ങൾ തേടാം : ബുദ്ധിമുട്ടുള്ള തീരുമാനങ്ങളും വെല്ലുവിളി നിറഞ്ഞ ജോലികളും വരുമ്പോൾ സഹപ്രവർത്തകരോടോ മേലുദ്യോഗസ്ഥരോടോ സഹായം ചോദിക്കാൻ മടിക്കരുത്. ടീം അംഗങ്ങളുമായി ജോലികൾ പങ്കിടുക. ജോലി സമ്മർദ്ദം അമിതമാകുമ്പോൾ കമ്പനിയിലെ കൗൺസിലിംഗ് സേവനങ്ങൾ പ്രയോജനപ്പെടുത്തുക. മനസ്സുതുറന്ന് കാര്യങ്ങൾ പങ്കിടാൻ കുറഞ്ഞത് ഒരു സുഹൃത്തെങ്കിലും ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.