ഇന്ന് നാം ചികിത്സ തേടുന്ന പല രോഗങ്ങളുടെയും (Diseases) കാരണവും ജീവിതശൈലിയിലെ അനാരോഗ്യം തന്നെയാണ്. ഇന്ന് പിന്തുടരുന്ന അനാരോഗ്യമായ പല ശീലങ്ങളും ഭാവിയിൽ വലിയ രോഗങ്ങൾക്ക് കാരണമായേക്കാം. ഈ പുതുവർഷത്തിൽ ആരോഗ്യകരമായ ശീലങ്ങൾ പിന്തുടരാനുള്ള തീരുമാനങ്ങൾ സ്വീകരിക്കാം. ജീവിതത്തിൽ നിന്നും ചില ശീലങ്ങൾ ഒഴിവാക്കുകയും മറ്റു ചില നല്ല ശീലങ്ങൾ ആരംഭിക്കുകയും ചെയ്യാം.
സമൂഹ മാധ്യമങ്ങൾ ഒഴിവാക്കുക
ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകൾ വ്യക്തികളിൽ ഉത്കണ്ഠയും വിഷാദവും വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ മറ്റുള്ളവരുടെ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങൾ നമ്മളെ അറിയിക്കുന്നതിലുപരി മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യാനുള്ള അവസരവും സൃഷ്ടിക്കുന്നു. പലരും മറ്റുള്ളവരെ അനുകരിക്കാൻ ശ്രമിക്കുകയും എന്നാൽ അതിന് സാധിക്കാതെ വരുമ്പോൾ വിഷാദത്തിലേക്ക് തള്ളപ്പെടുകയും ചെയ്യുന്നു. അതിനാൽ, പൂർണമായി ഒഴിവാക്കാൻ സാധിച്ചില്ലെങ്കിൽ കൂടി സോഷ്യൽ മീഡിയയിൽ ചിലവഴിക്കുന്ന സമയം കുറച്ചു കൊണ്ടുവരാൻ ശ്രമിക്കുക.
advertisement
അമിതമായി ചിന്തിക്കുന്നത് അവസാനിപ്പിക്കുക
നിങ്ങളെ സന്തോഷിപ്പിക്കാത്ത കാര്യങ്ങളെക്കുറിച്ച് അമിതമായി ആലോചിച്ച് തല പുകയ്ക്കാതിരിക്കുക. ജീവിതത്തിലെ ചെറിയ പ്രശ്നങ്ങളെ ചിന്തിച്ച് വലുതാക്കാതെ അവയെ നിസാരമായി കാണാൻ ശ്രമിക്കുക. ഓരോ പ്രശ്നങ്ങളും നേരിടുമ്പോൾ അതിൽ നിന്ന് ആത്മവിശ്വാസവും ധൈര്യവും ആർജിക്കുക. ആവശ്യമില്ലാതെ കാടുകയറി ചിന്തിച്ച് ആത്മവിശ്വാസം നഷ്ടപ്പെടുത്താതിരിക്കുക. ചെറിയ പ്രശ്നങ്ങൾ സ്വയം പരിഹരിക്കുക.
Also Read-Vitamin D Supplements അമിതമായി കഴിക്കരുത്; അതുമൂലമുണ്ടാകുന്ന അഞ്ച് പാർശ്വഫലങ്ങൾ അറിയാം
ദിവസവും വ്യായാമം ചെയ്യുക
ആരോഗ്യകരമായ ശരീരത്തിന് മാത്രമല്ല ആരോഗ്യകരമായ മനസിനും വ്യായാമം അത്യുത്തമമാണ്. നിങ്ങളുടെ ദിവസം ലളിതമായ വ്യായാമങ്ങളിലൂടെ ആരംഭിക്കുക.
യോഗയും മികച്ച ഒരു മാർഗമാണ്. വ്യായാമങ്ങൾ ശരീരത്തിന്റെ ഊർജം വർധിപ്പിക്കുകയും ശരീരഭാരം കുറക്കാൻ സഹായിക്കുകയും ചെയ്യുന്നു. പ്രഭാതത്തിൽ വ്യായാമം ചെയ്യുന്നത് ശാരീരികമായും മാനസികമായും പുത്തനുണർവ് നൽകുന്നു. നിത്യജീവിതത്തിൽ വ്യായാമം ഒരു ശീലമാക്കിയാൽ ജീവിത ശൈലീ രോഗങ്ങളോട് വിട പറയാം.
Also Read- Green Peas | ഗ്രീൻപീസിന്റെ ആരോഗ്യഗുണങ്ങൾ എന്തൊക്കെ?
വൃത്തി
വ്യക്തിശുചിത്വത്തോടൊപ്പം പാലിക്കേണ്ട ഒന്നാണ് ചുറ്റുപാടുകളുടെ ശുചിത്വവും. വീടായാലും ജോലി ചെയ്യുന്ന ഇടമായാലും വൃത്തിയുള്ള ചുറ്റുപാടുകൾ മനസിനെ ശാന്തമാക്കാൻ സഹായിക്കും. കോവിഡ് മഹാമാരിയുടെ കാലത്ത് വ്യക്തി ശുചിത്വത്തോടൊപ്പം പരിസര ശുചിത്വവും ഉറപ്പാക്കാൻ ശ്രമിക്കുക. വൃത്തിയുള്ള അന്തരീക്ഷം മാനസിക സംഘർഷം കുറയ്ക്കാൻ സഹായിക്കും.
വായന ശീലമാക്കുക
സോഷ്യൽ മീഡിയ ഉപയോഗവും ഫോൺ ഉപയോഗവും എല്ലാം കുറച്ച് പുസ്തക വായനയ്ക്ക് കൂടുതൽ സമയം കണ്ടെത്തുക. അതിലൂടെ മനസ് ഏകാകഗ്രമാവുകയും നമുക്ക് അറിവ് ലഭിക്കുകയും ചെയ്യുന്നു. ഒരു മാസത്തിൽ ഒരു പുസ്തകമെങ്കിലും വായിക്കാൻ തീരുമാനിക്കുക.
