സംശയങ്ങൾ തോന്നുമ്പോൾ ഭയം അകറ്റാനായി ആളുകൾ ഇന്റർനെറ്റിൽ തിരയുന്നത് കാണാറുണ്ട്. അതിൽ മറ്റുള്ളവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഒളിഞ്ഞു നോക്കുകയോ ബന്ധത്തിൽ അവർ എത്രത്തോളം വൈകാരികമായി വില കൽപ്പിക്കുന്നുവെന്ന് അറിയാൻ ചോദ്യം ചെയ്യുകയോ ചെയ്യുന്നതുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഇങ്ങനെ പങ്കാളിക്ക് തന്നോട് എത്രത്തോളം സ്നേഹമുണ്ടെന്ന് അറിയാൻ നടത്തുന്ന ചെറിയൊരു പരീക്ഷണമാണ് 'കിളി സിദ്ധാന്തം'. ഇതുമായി ബന്ധപ്പെട്ട് ആളുകൾ തങ്ങളുടെ പങ്കാളികളോട് ഒരു ചോദ്യം ചോദിക്കുന്നതായി കാണിക്കുന്ന വീഡിയോകൾ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാണ്.
advertisement
എന്താണ് കിളി സിദ്ധാന്തം?
ടിക് ടോക്ക് ട്രെൻഡുകളിൽ നിന്നാണ് ഈ സിദ്ധാന്തത്തിന്റെ ഉത്ഭവം. സ്‌നേഹബന്ധത്തിലെ ഒരു പരിശോധനയാണ് 'കിളി സിദ്ധാന്തം' എന്നറിയപ്പെടുന്നത്. 'ഞാൻ ഇന്ന് ഒരു കിളിയെ കണ്ടുവെന്ന്' തന്റെ പങ്കാളിയോട് മറ്റേയാൾ പറയുന്നു. ഇതിന് ശേഷം അവരുടെ പങ്കാളി എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് നിരീക്ഷിക്കുകയാണ് ചെയ്യുക.
മറ്റേ പങ്കാളി ജിജ്ഞാസ പ്രകടിപ്പിക്കുകയോ തുടർന്ന് ചോദ്യം ചോദിക്കുകയോ ചെയ്തു കൊണ്ട് ഇടപെടുകയാണെങ്കിൽ ഇത് ഒരു വൈകാരികമായുള്ള ബന്ധത്തിന്റെ ശ്രമമെന്ന് മനസ്സിലാക്കാം. അതേസമയം, പങ്കാളി ഈ ചോദ്യം അവഗണിച്ചാൽ പങ്കാളിക്ക് നിങ്ങളോട് വൈകാരികമായ അകലം അല്ലെങ്കിൽ താത്പര്യക്കുറവ് ഉള്ളതായി മനസ്സിലാക്കാം എന്ന് കിളി സിദ്ധാന്തത്തിൽ പറയുന്നു.
കിളി സിദ്ധാന്തത്തിന് പിന്നിലെ മനഃശാസ്ത്രം
നിങ്ങളുടെ പങ്കാളിക്ക് നിങ്ങളുമായുള്ള വൈകാരിക ബന്ധത്തെ സൂചിപ്പിക്കുന്ന ഒരു സാധാരണ പ്രസ്താവനയാണിത്. ഇത് കൗതുകകരവും ഊഷ്മളവുമായ പ്രതികരണം ഉണ്ടാക്കുക എന്നതാണ് ഇതിന്റെ പിന്നിലെ ലക്ഷ്യമെന്ന് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു.
പങ്കാളിയുടെ ശ്രദ്ധ, വാത്സല്യം, അല്ലെങ്കിൽ പിന്തുണ നേടാനുള്ള ചെറുതും ദിവസേന നടത്തുന്നതുമായ ശ്രമമാണ് ഇതെന്ന് ഗോട്ട്മാൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു ലേഖനത്തിൽ പറയുന്നു. 'ബിഡ്‌സ് ഫോർ കണക്ഷൻ'(bids for connection) എന്നാണ് ഇതിനെ ലേഖനത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ഈ ബിഡുകളെ വൈകാരിക ആശയവിനിമയത്തിന്റെ അടിസ്ഥാന യൂണിറ്റ് എന്നാണ് ജോൺ ഗോട്ട്മാൻ വിശേഷിപ്പിക്കുന്നത്. ഈ ബിഡുകൾ ചെറുതോ വലുതോ ആകാം. വാക്കാലുള്ളതോ പെരുമാറ്റമോ ആകാം. അവ പരസ്പരം ബന്ധം സ്ഥാപിക്കാനുള്ള അഭ്യർത്ഥനകളാണ്. അത് ഒരു ആവിഷ്‌കാരത്തിന്റെയോ ചോദ്യത്തിന്റെയോ അല്ലെങ്കിൽ ശാരീരിക ഇടപെടലിന്റെയോ രൂപത്തിലുള്ളതാകാം. അതുമല്ലെങ്കിൽ അവ രസകരമോ ഗൗരവമുള്ളതോ അല്ലെങ്കിൽ ലൈംഗിക സ്വഭാവമുള്ളതോ ആകാം.
ഈ ബിഡുകളോട് പോസിറ്റീവായി പ്രതികരിക്കുന്നത് ഇരുവർക്കും ഇടയിലെ വൈകാരിക അടുപ്പം ശക്തിപ്പെടുത്തുന്നു. എന്നാൽ അവഗണിക്കുന്നത് അല്ലെങ്കിൽ എതിരായി നിൽക്കുന്നത് അകലവും നീരസവുമുണ്ടാക്കും.
കിളി സിദ്ധാന്തം ട്രെൻഡാകുന്നത് എന്തുകൊണ്ട്?
ഇത് വളരെ ലളിതമാണെന്നതും ദൈനംദിന ജീവിത്തിൽ എളുപ്പത്തിൽ പ്രയോഗിക്കാൻ കഴിയുമെന്നതും കാരണം പലരും കിളി സിദ്ധാന്തത്തെ പരീക്ഷിക്കാൻ എളുപ്പമുള്ള വഴിയായി കാണുന്നു. രാവിലെയാകട്ടെ വൈകീട്ടാകട്ടെ കാറിലാകട്ടെ വീട്ടിലാകട്ടെ നിങ്ങളുടെ പങ്കാളി നിങ്ങളെ ശ്രദ്ധിക്കുന്നുണ്ടോയെന്ന് തിരിച്ചറിയാനും മനസ്സിലാക്കാനുമുള്ള ഒരു എളുപ്പമാർഗമാണിത്.
